പ്രശസ്തമായ കോമഡി സർക്കസ് എന്ന ടിവി ഷോയിലൂടെ ആരാധകരുടെ മനംകവർന്ന താരമാണ്  സലോനി ദായ്നി. ​ഗം​ഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ആ കൊച്ചുസുന്ദരി വളർന്നു വലുതായി. ഇപ്പോഴിതാ തിരിച്ചറിയാനാവാത്ത വിധം മാറിയ സലോനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. വണ്ണത്തിന്റെ പേരിൽ ധാരാളം ബോഡിഷെയിമിങ്ങിന് ഇരയായ സലോനി ലോക്ഡൗൺ കാലത്തെ കഠിനാധ്വാനത്തിലൂടെ 22 കിലോയോളമാണ് കുറച്ചത്. 

ദിനംപ്രതി തന്റെ വണ്ണത്തെ പരിഹസിച്ചുള്ള കമന്റുകൾ വന്നിരുന്നുവെന്ന് പത്തൊമ്പതുകാരിയായ സലോനി പറയുന്നു. ദിവസം എത്ര ഭക്ഷണം കഴിക്കുമെന്നും വീർത്തു പൊട്ടിപ്പോകുമെന്നുമൊക്കെ കമന്റുകൾ വന്നിരുന്നു. അത്തരം കമന്റുകളെല്ലാം മുഖമോ പേരോ വെളിപ്പെടുത്താത്ത അക്കൗണ്ടുകളിൽ നിന്നായിരുന്നു. സ്വന്തം മുഖം പോലും പുറത്തുകാണിക്കാൻ ഭയമുള്ളവരായിരുന്നു അവർ. ആദ്യമൊക്കെ വിഷമം തോന്നിയിരുന്നെങ്കിലും വൈകാതെ താൻ ആത്മവിശ്വാസം വീണ്ടെടുത്തു. - സലോനി പറയുന്നു. 

ലോക്ക്ഡൗൺ കാലത്താണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതെന്നും സലോനി. വീട്ടിലിരുന്നതോടെ ഭക്ഷണം ധാരാളം കഴിക്കാൻ തുടങ്ങിയിരുന്നു. ഒരു ദിവസം ലാപ്ടോപ്പിൽ ഷോ കാണുന്നതിനിടെ പെട്ടെന്ന് സ്ക്രീൻ ലോക്കായി. സ്ക്രീനിൽ വീർത്തിരിക്കുന്ന മുഖം കണ്ടപ്പോഴാണ് തനിക്കു വേണ്ടി വണ്ണം കുറയ്ക്കണമെന്ന് ചിന്തിച്ചത്. അന്ന് 80 കിലോയോളം ഉണ്ടായിരുന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആരോ​ഗ്യവതിയാകണമെന്നായിരുന്നു മനസ്സിൽ. അതിനുവേണ്ട ഡയറ്റ് പിന്തുടരുകയും വർക്കൗട്ട് ചെയ്യുകയും ചെയ്തതോടെ ഭാരം 58ലേക്ക് കുറയ്ക്കാൻ കഴിഞ്ഞു- സലോനി പറയുന്നു. 

ലോക്ക്ഡൗൺ കാലത്ത് പുറത്തുപോകാൻ കഴിയാതിരുന്നതും ജങ്ക് ഫൂഡ് കുറച്ചതും ഭാരംകുറയ്ക്കൽ പ്രക്രിയ എളുപ്പമാക്കിയെന്നും സലോനി പറയുന്നു. സ്കൂൾകാലം തൊട്ടേ വണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകൾ അനുഭവിച്ചിരുന്നു. ജീവിതത്തിൽ ആത്മവിശ്വാസം നൽകിയത് ​ഗം​ഗുഭായ് എന്ന തന്റെ കഥാപാത്രമായിരുന്നു. മുമ്പൊക്കെ പരിഹാസങ്ങൾ തന്നെ തളർത്തിയിരുന്നെങ്കിലും ഇന്നവയെ നേരിടാൻ പഠിച്ചുവെന്നും സലോനി. ലോകം പലതും പറയും, അതവരുടെ തൊഴിലാണ്- എന്നു പറഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് സലോനി. 

Content Highlights: Saloni Daini Loses 22 Kgs During Lockdown