ഫ്ഗാന്‍ താലിബാന്റെ പിടിയില്‍ അമരുമ്പോള്‍ അതില്‍ പിടഞ്ഞു വീഴുന്നതിലേറെയും സ്ത്രീകളുടെ സ്വാതന്ത്ര്യവും ജീവിതവുമാണ്. താലിബാനോതിരെ ശ്ബദമുയര്‍ത്താനും ആയുധമെടുക്കാനും അവശേഷിച്ച ഒന്നോ രണ്ടോ പേരെയും അവര്‍ അടിച്ചമര്‍ത്തിക്കഴിഞ്ഞു. അവരില്‍ ഒരാളാണ് പോരാളിയായ സലീമ മസാരി. പെണ്‍പുലി, അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാള്‍. അഫ്ഗാനിലെ മറ്റു നേതാക്കള്‍ രാജ്യം വിട്ടപ്പോഴും ബല്‍ക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു. 

കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാന്‍ സലീമയെ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. മറ്റു പല പ്രവിശ്യകളും വലിയ എതിര്‍പ്പ് കൂടാതെ താലിബാനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ സലീമയുടെ നേതൃത്വത്തില്‍ ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. അവസാനഘട്ടം വരെ താലിബാനു കീഴടങ്ങാതെ നിന്ന സ്ത്രീകള്‍ നേതൃത്വം നല്‍കിയ ഏകമേഖലയായിരുന്നു ചഹര്‍ കിന്റ്. 

ആരാണ് സലീമ

അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ. അഫ്ഗാനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു അവര്‍.  കഴിഞ്ഞ വര്‍ഷം സലീമയുടെ ഇടപെടലിനെ തുടര്‍ന്ന് 100 താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. 

'ചിലസമയങ്ങളില്‍ ഞാന്‍ എന്റെ ഓഫീസിലായിരിക്കും, ചിലപ്പോള്‍ ഞാന്‍ യുദ്ധത്തിനായി കൈയില്‍ തോക്കെടുക്കും.' തന്റെ ജോലിയെ പറ്റി സലീമ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ. 

1980 ലെ സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനില്‍നിന്ന് ഇറാനിലേക്കു അഭയാര്‍ത്ഥിയായി പോകേണ്ടി വന്ന കുടുംബത്തിലാണ് സലീമയുടെ ജനനം. ഇറാനിലെ ടെഹ്റാന്‍ സര്‍വകലാശാലയില്‍നിന്നാണ് ബിരുദം നേടി. തുടര്‍ന്ന് അവിടുത്തെ സര്‍വകലാശാലകളില്‍ ജോലി ചെയതു. സ്വന്തം രാജ്യത്തെ പറ്റി ഒന്നുമറിയാതെ മറ്റൊരു രാജ്യത്ത് അഭയാര്‍ത്ഥിയായി ജീവിക്കുക എന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് ഒരിക്കല്‍ ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ സലീമ പറഞ്ഞു. 

എന്നാല്‍ അഫ്ഗാനോട് ഉള്ളിലുണ്ടായിരുന്ന അടങ്ങാത്ത സ്നേഹം അവരെ വീണ്ടും നാട്ടില്‍ തിരികെയെത്തിച്ചു.  2018- ല്‍ ചഹര്‍ കിന്റ് ജില്ലാ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. സലീമയുടെ മാതൃനഗരമായിരുന്നു ചഹര്‍ കിന്റ്.  

യാഥാസ്ഥിതിക നിയമങ്ങള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സലീമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രാദേശിക അക്രമ ഗ്രൂപ്പുകളില്‍നിന്ന് ജില്ലയിലെ ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യവും സലീമ ഏറ്റെടുത്തു. 2019ല്‍ നാട്ടിലെ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി സുരക്ഷാ കമ്മിഷന്‍ രൂപീകരിച്ചു. ഗ്രാമീണരെയും ആട്ടിടയന്മാരെയും തൊഴിലാളികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി.

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രാദേശിക സംഘങ്ങളെ ശക്തമായി ചെറുക്കാന്‍ സലീമയുടെ നേതൃത്വത്തില്‍ കഴിഞ്ഞിരുന്നു. നിരവധി തവണ സലീമയ്ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായി. ദിവസങ്ങള്‍ക്കു മുന്‍പ് മസാരെ ഷെരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് സലീമ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്ത്രീകള്‍ തടവുകാരായിരിക്കുമെന്നും പുറത്തിറങ്ങാന്‍ പോലും കഴിയില്ലെന്നും സലീമ പറഞ്ഞിരുന്നു. 

സലീമ എവിടെയാണെന്ന വിവരം പോലും ഇപ്പോഴും ലഭിച്ചിട്ടില്ല. കൊന്നിട്ടുണ്ടാവാം, അല്ലെങ്കില്‍ അടിമയായോ ക്രൂരപീഡനങ്ങളുടെ ഇരയായോ എവിടെയെങ്കിലും അടയ്ക്കപ്പെട്ടിട്ടുണ്ടാവാം. സലീമയും താലിബാന്‍ പിടിയിലായതോടെ സ്ത്രീകളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീണുകഴിഞ്ഞു. അവരുടെ സ്വാതന്ത്ര്യവും സ്വപ്‌നവും പ്രതീക്ഷകളുമെല്ലാം ഇനി ഉള്ളിലൊതുക്കുന്ന തേങ്ങല്‍ മാത്രം. പുരുഷന്മാരുടെ യുദ്ധക്കൊതിയില്‍ സ്വപ്‌നങ്ങളും ജീവിതവും ഇല്ലാതാകുന്നത് സ്ത്രീകളുടേതും കുട്ടികളുടേതും മാത്രമാണല്ലോ.  

Content Highlights: Salima Mazari, the female Afghan governor who fought against Taliban