രുപത്തിയൊന്നു വർഷങ്ങൾക്കിപ്പുറം ഇന്ത്യൻമണ്ണിലേക്ക് ഹർനാസ് സന്ധു എന്ന പെൺകുട്ടി വിശ്വസുന്ദരിപ്പട്ടം കൊണ്ടുവന്നപ്പോൾ ആ വിജയം സ്വന്തമെന്ന പോലെ ആഘോഷമാക്കിയ മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. പ്രശസ്ത ട്രാൻസ് ഡിസൈനറായ സൈഷ ഷിൻഡെ.  ഫിനാലെ റൗണ്ടിലെ ഹർനാസിന്റെ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത് സൈഷ ആയിരുന്നു. ഇപ്പോഴിതാ ഫിറ്റിങ് ഡേയിൽ ​ഗൗൺ ധരിച്ച ഹർനാസിന്റെ ചിത്രവും വിജയകിരീടം നേടിയ ചിത്രവും ചേർത്ത് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സൈഷ. 

ഇന്റേണൽ ജൂറി സമയത്താണ് താൻ ഹർനാസിനെ കണ്ടത് എന്നു പറഞ്ഞാണ് സൈഷ കുറിപ്പ് ആരംഭിക്കുന്നത്. അന്ന് ഹർനാസ് ശാന്തയായി, ആത്മവിശ്വാസത്തോടെ വിനയപൂർവം കാണപ്പെട്ടു. പിന്നീട് ആ​ദ്യത്തെ ഡ്രസ് ഫിറ്റിങ് ദിവസവും കണ്ടു, അന്നും ശാന്തയായി, ആത്മവിശ്വാസത്തോടെ വിനയപൂർവം ഹർനാസിനെ കണ്ടു. അതിനുശേഷവും പലതവണ താൻ ഹർനാസിനെ കണ്ടു. അപ്പോഴും അവളെ  ശാന്തയായി, ആത്മവിശ്വാസത്തോടെ വിനയപൂർവം കാണപ്പെട്ടു.- സൈഷ കുറിക്കുന്നു.

ആദ്യത്തെ ഫിറ്റിങ് ദിവസം ഒരിക്കലും മറക്കാനാവില്ല. ​ഗൗൺ ധരിച്ചു കഴിഞ്ഞപ്പോൾ ഹർനാസിന്റെ മിഴികൾ ഈറനണിഞ്ഞിരുന്നു. ആ സമയം തന്നെ നമ്മൾ ജയിക്കാൻ പോവുകയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ആ ദിനം തൊട്ട് ഹർനാസിനെപ്പോലെ താനും പ്രാർഥിക്കാൻ തുടങ്ങി. സുവർണ ഹൃദയമുള്ള ആ പെൺകുട്ടി രാജ്യത്തിന് അഭിമാനമായി. - സൈഷ കുറിച്ചു. 

തന്നിൽ വിശ്വാസം അർപ്പിച്ചതിനും സ്വപ്നതുല്യമായ ​ഗൗണൊരുക്കിയതിനും എന്നെന്നും നന്ദിയുണ്ടാവുമെന്നും സൈഷയെ കാണാനായി കാത്തിരിക്കുകയാണെന്നും പോസ്റ്റിനു മറുപടിയായി ഹർനാസ് കമന്റിട്ടു. 

ഹർനാസ് വിജയിയായപ്പോഴും സൈഷ തന്റെ ആ​ഹ്ലാദം പങ്കുവെച്ചിരുന്നു. ഹർനാസിനെ വേദിയിൽ കൂടുതൽ തിളക്കമുള്ളവളാക്കുന്ന ​ഗൗൺ ഡിസൈൻ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് സൈഷ അന്നു പറഞ്ഞത്.

മോഡേണും ഒപ്പം കരുത്തുമാവണം ഹർനാസിന്റെ ​ഗൗൺ ലുക്ക് എന്നാണ് മനസ്സിൽ ഉണ്ടായിരുന്നത്. ഹർനാസ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാർത്ത വന്നപ്പോൾ മറ്റെല്ലാ ഇന്ത്യക്കാരെയുംപോലെ താനും ഏറെ സന്തോഷത്തിലായിരുന്നു. 2000ത്തിൽ ഫാഷൻ വിദ്യാർഥിയായിരിക്കെ ലാറാ ദത്ത വിജയിയായത് ഓർമയിലുണ്ട്. അന്നേ  മിസ് യൂണിവേഴ്സ് ആകുന്ന ഇന്ത്യക്കാരിക്ക് വേണ്ടി ​ഗൗൺ ഡിസൈൻ ചെയ്യുമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു, അതിപ്പോൾ സാക്ഷാത്കരിക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ ഇത് ഹർനാസിന്റെയും ഇന്ത്യയുടെയും മാത്രം വിജയമല്ല, സൈഷയുടേതും കൂടിയാണ്- സൈഷ പറഞ്ഞത്. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് ഡിസൈനറായ സ്വപ്നിൽ ഷിൻ‍ഡെ ട്രാൻസ് വുമണാകുന്നുവെന്നും ഇനിമുതൽ സൈഷ ഷിൻഡെ എന്ന പേരിലറിയപ്പെടുമെന്നും പ്രഖ്യാപിച്ചത്. കരീന കപൂർ, ശ്രദ്ധ കപൂർ, അനുഷ്ക ശർമ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ സൈഷയുടെ ഡിസൈനുകൾ അണിഞ്ഞിട്ടുണ്ട്. ഫാഷൻ പോലുള്ള സിനിമകളിലെ സൈഷയുടെ ഡിസൈനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Content Highlights: saisha shinde on harnaaz sandhu, transgender designer, miss universe, designer gown