പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ സ്വപ്നിൽ ഷിൻ‍ഡെ സ്ത്രീയായി എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സൈഷ ഷിൻഡെ എന്ന പേരു സ്വീകരിച്ച താരം ആൺശരീരത്തിനുള്ളിൽ പെൺമനസ്സുമായി കഴിഞ്ഞ ദുരിതകാലത്തെക്കുറിച്ചും പങ്കുവെച്ചിരുന്നു. അടുത്തിടെ മിസ് യൂണിവേഴ്സിന് ​ഗൗൺ ‍ഡിസൈൻ ചെയ്തും സൈഷ വാർത്തയിൽ നിറയുകയുണ്ടായി. ഇപ്പോഴിതാ സ്ത്രീയായി മാറിയതിനുശേഷം കൈവന്ന ആത്മവിശ്വാസത്തെക്കുറിച്ച് പങ്കുവെക്കുകയാണ് സൈഷ. 

ട്രാൻസ്ജെൻ‍‍ഡർ‌ വനിതയാണെന്ന പ്രഖ്യാപിച്ചതിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിലാണ് സൈഷ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പും സൈഷ പോസ്റ്റ് ചെയ്തത്. സ്വപ്നിൽ ആയിരുന്നപ്പോൾ എന്നും താൻ ശരീരത്തെക്കുറിച്ച് ആകുലപ്പെട്ടിരുന്നു എന്നു പറഞ്ഞാണ് സൈഷ പങ്കുവെക്കുന്നത്. 

സ്വപ്നിൽ എന്നും അവന്റെ ശരീരത്തെയോർത്ത് ആകുലപ്പെട്ടിരുന്നു. പൗരുഷം പോരെന്ന് കരുതി വെറുത്തിരുന്നു. പൂളിലേക്ക് പോകുമ്പോൾ എപ്പോഴും ടീഷർട്ട് ധരിച്ചിരുന്നു. സ്ത്രൈണമായ ശരീരം വെളിവാക്കി ടീഷർട്ട് ശരീരത്തോട് ഇഴുകിച്ചേർന്നു കിടക്കുമ്പോൾ തീർത്തും അരക്ഷിതാവസ്ഥ തോന്നിയിരുന്നു. അതുകൊണ്ട് പൂളിൽ തല പുറത്തേക്കിട്ട് മാത്രമാണ് അവൻ നിന്നിരുന്നത്.- സൈഷ കുറിക്കുന്നു.

പൂൾ പാർട്ടിയോ അതല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലുമോ വന്നാൽപ്പോലും ഭയം തോന്നിയിരുന്നു. കാരണം എല്ലാ പൂൾ ഉടമകളും ടീഷർട്ടുമായി ഇറങ്ങാൻ അനുവദിക്കുമായിരുന്നില്ല. 30.12.21 വരെ സ്വപ്നിൽ ഒരുപാട് നല്ല സമയങ്ങൾ നഷ്ടമാക്കിയിരുന്നു. 

സ്ത്രീയാണെന്ന പ്രഖ്യാപിച്ചതിനു പിന്നാലെ ആത്മവിശ്വാസത്തോടെ പൂളിലിറങ്ങിയതിനെക്കുറിച്ചും സൈഷ കുറിക്കുന്നു. അടുത്തിടെ സൈഷയായി ഞാൻ ആ​ദ്യമായി പൂളിലിറങ്ങി. എന്റെ ശരീരം പരമ്പരാ​ഗത കാഴ്ചപ്പാടിനനുസരിച്ച് ആകൃതിയുള്ളതായിരുന്നില്ല, പക്ഷേ അത് കാര്യമായിരുന്നില്ല. വെറും ബ്രായും ഡെനിം ഷോർട്സും ധരിച്ചിട്ടും എനിക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടു. ഒരു ചെറിയ അംശം പോലും അരക്ഷിതാവസ്ഥയോ അസുഖകരമായോ അനുഭവപ്പെട്ടില്ല എന്നുമാത്രമല്ല സ്വപ്നിലിനേക്കാൾ ആത്മവിശ്വാസവും കൈവന്നു. - സൈഷ കുറിക്കുന്നു.

ഒടുവിൽ ട്രാൻസ് വുമണാണെന്ന് തുറന്നു പറഞ്ഞ് ജീവിക്കാൻ തീരുമാനിച്ചതിന് അവനവനോട് തന്നെ നന്ദി പറയുന്നുവെന്നും സൈഷ. ഈ സ്വാതന്ത്ര്യത്തിന്റെ ഓരോ നിമിഷവും താൻ ആസ്വദിക്കുന്നുവെന്നും സൈഷ കുറിക്കുന്നു. 

സ്വപ്നിലിൽ നിന്ന് സൈഷയിലേക്കുള്ള യാത്രയെക്കുറിച്ച് നേരത്തേ സൈഷ കുറിച്ചിരുന്നു.  കുട്ടിക്കാലത്തെ ഓര്‍മകളിലേറെയും തനിച്ചാകപ്പെടലിന്റേതും വേദനകളുടേതും ആശയക്കുഴപ്പങ്ങളുടേതുമാണെന്നാണ് സൈഷ അന്നു പറഞ്ഞത്. ''സ്‌കൂളിലും കോളേജിലും വ്യത്യസ്തനായതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, ഉള്ളിലെ വേദന പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എന്റേതല്ലെന്ന് എനിക്കറിയാവുന്ന ഒരു യാഥാര്‍ഥ്യത്തില്‍ ജീവിക്കുമ്പോള്‍ ശ്വാസംമുട്ടുന്നതുപോലെ തോന്നി. എന്നിട്ടും സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കും ചട്ടങ്ങള്‍ക്കുമൊത്ത് ജീവിക്കാന്‍ ദിവസവും നടിക്കേണ്ടിവന്നു. എന്റെ ഇരുപതുകളില്‍ നിഫ്റ്റില്‍ ചേര്‍ന്നപ്പോള്‍ മാത്രമാണ് സത്യത്തെ സ്വീകരിക്കാനുള്ള ധൈര്യം കൈവന്നത്''- സൈഷ പറഞ്ഞു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ താന്‍ ഗേ ആണെന്നാണ് കരുതിയിരുന്നതെന്നും സൈഷ പറയുകയുണ്ടായി. പുരുഷന്മാരോട് ആകര്‍ഷിക്കപ്പെടുന്നത് ഗേ ആയതുകൊണ്ടാണ് എന്നാണ് കരുതിയിരുന്നത്. പക്ഷേ ഒടുവില്‍ ആറുവര്‍ഷങ്ങള്‍ക്കുമുമ്പു മാത്രമാണ് ഞാന്‍ എന്നെ സ്വീകരിച്ചത്, ഇന്ന് നിങ്ങള്‍ക്ക് മുമ്പിലും എന്നെ അംഗീകരിക്കുന്നു. ഞാന്‍ ഒരു ഗേ അല്ല, ഒരു ട്രാന്‍സ് വുമണാണ്- സൈഷ പറഞ്ഞു. 

Content Highlights: saisha shinde about her journey, transgender swapnil shinde, celebrity designer