ബിടൗണിലെ പ്രശസ്ത ഡിസൈനറാണ് സബ്യസാചി മുഖർജി. വസ്ത്രങ്ങൾക്കു പുറമെ വ്യത്യസ്ത ശൈലിയിലുള്ള ആഭരണങ്ങളും സബ്യസാചിയുടെ ബ്രാൻഡ് പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ ഉത്തരേന്ത്യൻ സ്ത്രീകൾ വിവാഹശേഷം ധരിക്കുന്ന മം​ഗൽസൂത്ര ക്യാംപയിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് സബ്യസാചി. 

ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്ന പേരിലാണ് സബ്യസാചി തന്റെ പുതിയ മം​ഗൽസൂത്ര കളക്ഷൻ പുറത്തുവിട്ടത്. മൂന്നുലക്ഷത്തിനടുത്താണ് മം​ഗൽസൂത്രയുടെ വില. മം​ഗൽസൂത്ര ധരിച്ചു നിൽക്കുന്ന മോഡലുകളുടെ ചിത്രവും സബ്യസാചി പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങളിലെ മോഡലുകളുടെ വസ്ത്രധാരണം അനുചിതമായെന്നാണ് പലരുടെയും കമന്റുകൾ. 

പരസ്യം അശ്ലീലമായെന്നും സംസ്കാരത്തോടും വികാരങ്ങളോടുമുള്ള ചോദ്യം ചെയ്യലായെന്നും ചിലർ പറഞ്ഞു. മം​ഗൽസൂത്രയാണോ അതോ അടിവസ്ത്രമാണോ പരസ്യം ചെയ്യാൻ ഉദ്ദേശിച്ചതെന്നും ചോദിച്ചവരുണ്ട്. മനോഹരമായ മം​ഗൽസൂത്ര പരസ്യം ചെയ്യാൻ മറ്റുവഴി സ്വീകരിക്കാമെന്നും ന​ഗ്നതയും അശ്ലീലവുമാണോ മം​ഗൽസൂത്ര വിൽക്കാൻ സ്വീകരിക്കേണ്ടിയിരുന്നത് എന്നും വിമർശകർ ചോ​​ദിക്കുന്നു. 

അതേസമയം സബ്യസാചിയെ അനുകൂലിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്. മം​ഗൽസൂത്ര ഒരു ആഭരണം മാത്രമായി കണക്കാക്കിയാൽ ഈ പ്രശ്നം തോന്നില്ലെന്നാണ് അവരുടെ വാദം. മനോഹരമായ ചിത്രങ്ങളാണെന്നും തന്റെ ഉത്പന്നം ഏതു രീതിയിൽ പരസ്യം ചെയ്യണമെന്ന് ഉടമയുടെ സ്വാതന്ത്ര്യമാണെന്നും അനുകൂലികൾ പറയുന്നു.  

അതിനിടെ പാട്രിയാർക്കിയുടെ ഭാ​ഗമായ മം​ഗൽസൂത്ര പോലുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരുമുണ്ട്. 

Content Highlights: Sabyasachi trolled for viral mangalsutra campaign