ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഡിസൈനറാണ് സബ്യസാചി മുഖര്‍ജി. വസ്ത്രങ്ങള്‍ക്കുപുറമെ ഡിസൈനിങ്ങിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ആഭരണങ്ങളും സബ്യസാചി പുറത്തിറിക്കുന്നുണ്ട്. സബ്യസാചി പുറത്തിറക്കിയ ഉത്തരേന്ത്യന്‍ സ്ത്രീകള്‍ വിവാഹത്തിന് ശേഷം ധരിക്കുന്ന മംഗല്‍സൂത്രയുടെ പരസ്യം അടുത്തിടെ വ്യാപകവിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

പരസ്യത്തില്‍ അഭിനയിച്ച മോഡലുകളുടെ വസ്ത്രധാരണം അനുചിതമാണെന്ന് പറഞ്ഞായിരുന്നു വിമര്‍ശനങ്ങളേറെയും. ഇപ്പോഴിതാ സബ്യസാചിയുടെ മറ്റൊരു പരസ്യവും വിമര്‍ശനങ്ങളില്‍ ഇടം പിടിക്കുകയാണ്. പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്ന മോഡലുകള്‍ ചിരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. 

സബ്യസാചിയുടെ ഏറ്റവും പുതിയ ആഭരണശേഖരത്തിന്റേതാണ് പരസ്യം. 22 കാരറ്റ് സ്വര്‍ണത്തില്‍ അണ്‍കട്ട്-ബ്രില്യന്റ് കട്ട് ഡയമണ്ട്, ഒപാല്‍സ്, പേള്‍, എമറാള്‍ഡ്, അക്വാമറൈന്‍ എന്നിവ പിടിപ്പിച്ച ആഭരണങ്ങളുടെ പരസ്യമാണ് സബ്യസാചി പങ്കുവെച്ചത്. മൂന്ന് മോഡലുകളാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സബ്യസാചിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും പരസ്യം പങ്കുവെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മോഡലുകള്‍ വലിയ ഗൗരവത്തില്‍ നില്‍ക്കുന്നതെന്ന് ചോദിച്ച് ധാരാളമാളുകള്‍ പോസ്റ്റിനുതാഴെ വിമര്‍ശനവുമായി എത്തി. എന്തോ അസുഖം ബാധിച്ചതുപോലെയാണ് മോഡലുകള്‍ ഉള്ളതെന്ന് ചിലര്‍ പറഞ്ഞു. കൺജുറിങ് സിനിമയുടെ മൂന്നാം ഭാഗമാണോ ഇതെന്നും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ശവസംസ്‌കാര ശേഖരങ്ങളില്‍ ഒന്നാണിതെന്നും കമന്റുകൾ വന്നു. 

ഗൗരവത്തില്‍ നില്‍ക്കുന്ന മോഡലുകളുടെ ഫോട്ടോ ഒരാള്‍ എഡിറ്റ് ചെയ്ത് ചിരിക്കുന്ന രൂപത്തിലാക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
എന്തുകൊണ്ടാണ് മോഡലുകള്‍ ഇത്ര വിഷമിച്ചിരിക്കുന്നതെന്നും പ്രേതബാധയുള്ളവരെപ്പോലുണ്ടെന്നും മറ്റൊരാള്‍ പറഞ്ഞു.

Content highlights: sabyasachi's new ad in controversy, smiling face of model,