പ്രശസ്ത ഡിസൈനർ സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ഏത് സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാൽ രാജസ്ഥാനിലെ ജയ്സാൽമീറിലെ ഈ ഗേൾസ് സ്കൂളിലെ കുട്ടികൾക്ക് ഇനി മുതൽ എന്നും സബ്യസാചി ഡിസൈനിലുള്ള വസ്ത്രങ്ങളണിയാം, യൂണിഫോമായി തന്നെ.

സബ്യസാചി തന്നെയാണ് ഈ ഡിസൈനർ യൂണിഫോമിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. രാജ്കുമാരി രത്നാവതി ഗേൾസ് സ്കൂളിലെ കുട്ടികളാണ് ഈ യൂണിഫോം അണിയാൻ പോകുന്ന ഭാഗ്യവതികൾ. നീലനിറത്തിൽ മുട്ടൊപ്പമുള്ള യൂണിഫോമിന് റൗണ്ട് നെക്കും ത്രീക്വാട്ടർ സ്ലീവും നൽകിയിട്ടുണ്ട്. രണ്ട് പോക്കറ്റുകളും ഡ്രെസ്സിലുണ്ട്. മെറൂൺ കളർ ക്രോപ്പ്ഡ് ഇലാസ്റ്റിക് വെയ്സ്റ്റ് പാന്റ്സാണ് ബോട്ടം.

യൂണിഫോമിലെ അജ്രാക്ക് പ്രിന്റാണ് ഇതിനെ മനോഹരമാക്കുന്നത്. യൂണിഫോമിന് താഴെ ഭാഗത്തും കൈകളിലുമാണ് രാജസ്ഥാന്റെ തനതായ അജ്രാക്ക് പ്രിന്റ് നൽകിയിരിക്കുന്നത്. ഇത്തരം പ്രിന്റുകൾ വെജിറ്റബിൾ, മിനറൽ ഡൈ ഉപയോഗിച്ചാണ് ചെയ്യുന്നത്. കുട്ടികളുടെ ചർമത്തിന് ഏറ്റവും അനുയോജ്യമായവയാണ് ഇത്.

അമേരിക്കൻ കലാകാരനായ മൈക്കൽ ഡബ് ആരംഭിച്ച സിതാ/സിറ്റ(CITTA) എന്ന സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഇത്. ഡിയാനാ കെലഗ് എന്ന ആർക്കിടെക്റ്റിന്റെ നിർമിതിയിൽ വൃത്താകൃതിയിലാണ് സ്കൂളിന്റെ നിർമാണം. യൂണിഫോമിനൊപ്പം സ്കൂളും വാർത്തകളിൽ ഇടം നേടിയിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. സ്കൂളും അത്തരത്തിലൊന്നാണ്.

മൈക്കൽ ഡബ് തന്നോട് സ്കൂൾ യൂണിഫോം ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടപ്പെട്ടപ്പോൾ തന്നെ താൻ ത്രില്ലിലായി എന്നാണ് സബ്യസാചി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്. ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ അത് ആപ്രദേശത്തിന്റെ തനിമയും സംസ്കാരവും എടുത്തുകാണിക്കുന്നതാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിനൊപ്പം പെൺകുട്ടികളുടെ സൗന്ദര്യവും അവർക്ക് അവരുടെ സമൂഹത്തോടുള്ള ബന്ധവും എടുത്തുകാണിക്കണം.' തന്റെ ഡിസൈനെ പറ്റി സബ്യസാചി കുറിക്കുന്നു.

Content Highlights:Sabyasachi designs uniforms for a Jaisalmer girls’ school