യു.എസിൽ നടന്ന  റോബോട്ടിക് മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി അഫ്‍ഗാനിസ്ഥാനിൽ നിന്നുള്ള പെൺകുട്ടികളുടെ സംഘം. മത്സരത്തിൻ്റെ വിധികര്‍ത്തകൾ ഉൾപ്പെടെയുള്ളവര്‍ യുദ്ധത്തിൻ്റെ നാട്ടിൽ നിന്ന് വന്ന് വിജയം നേടി മടങ്ങിയ പെൺകുട്ടികളെ അഭിനന്ദിച്ചു.

വാഷിങ്ടണിൽ നടന്ന മത്സരത്തിൽ 150 രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് പങ്കെടുത്തത്. പക്ഷേ എല്ലാവരുടെയും കണ്ണുകൾ ഈ അഫ്‍ഗാൻ പെൺപടയിലായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനായുള്ള ഇവരുടെ കഷ്ടപ്പാടുകളാണ്  ഇവരെ വ്യത്യസ്തരാക്കിയത്. 

അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള ഇവരുടെ വിസ രണ്ട് തവണ തളളിക്കളഞ്ഞു. തുടര്‍ന്ന് വിസ ശരിയാക്കാനായി കാബൂളിലുള്ള അമേരിക്കൻ എംബസിയിലേക്ക് 800 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യേണ്ടി വന്നു. ഇവരുടെ അവസ്ഥ പുറംലോകം അറിഞ്ഞതോടെ ഇവര്‍ക്ക് വിസ ലഭിച്ചു. മത്സരം തുടങ്ങിയതിന് ശേഷമാണ് ഇവര്‍ വാഷിങ്ടണിൽ എത്തിയത്. 

"ഞങ്ങളുടെ കഴിവുകൾ ലോകത്തെ കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നു." സംഘാംഗമായ റൊഡാബ നൂറി അല്‍ ജസീറയോട് പ്രതികരിച്ചത് ഇങ്ങനെയാണ്‌. 

സിറിയയിൽ നിന്നുള്ള അഭയാര്‍ത്ഥികളുടെ സംഘവും മത്സരത്തിൽ പങ്കെടുത്തു. 'ടീം റെഫ്യൂജി' അഥവാ 'ടീം ഹോപ്പ്' എന്നാണ് ഇവര്‍ തങ്ങളുടെ ഗ്രൂപ്പിന് പേര് നൽകിയത്.  ഇവരുടെ റോബോട്ടിൻ്റെ പേര് റോബോജി എന്നാണ് റോബോട്ട് , റെഫ്യൂജി എന്നീ പേരുകളിൽ നിന്നാണ് ഈ പേര് രൂപം കൊണ്ടത്.

830 പേര്‍ മത്സരത്തിൽ പങ്കെടുത്തപ്പോൾ അതിൽ 209 പേരും പെൺകുട്ടികളായിരുന്നു. അഫ്ഗാനിസ്ഥാന് പുറമെ യു.എസ്, ഗാന, ജോര്‍ദാന്‍, പാലസ്തീൻ, പസഫിക്  എെലൻ്റ് എന്നിവിടങ്ങളിൽ നിന്ന് മത്സരിച്ചത് പൂര്‍ണ്ണമായും പെൺകുട്ടികളുടെ സംഘം ആയിരുന്നു.

"എല്ലാവരും കരുതുന്നത് റോബോര്‍ട്ട് ഉണ്ടാക്കുന്നത് പുരുഷന്മാരുടെ മേഖലയാണെന്നാണ്. എന്നാൽ അതെല്ലാം പെൺകുട്ടികൾക്കും കഴിയുമെന്ന് ‍ഞങ്ങൾ തെളിയിച്ചു"  ജോര്‍ദാനിൽ നിന്നുള്ള 16 വയസ്സുകാരി സമീറ പറഞ്ഞു. മത്സരത്തിൽ യൂറോപ്പ് ടീം സ്വര്‍ണ്ണം നേടി. അര്‍മേനിയ വെങ്കലം സ്വന്തമാക്കി. 2018ൽ മെക്സിക്കോയിലാണ് അടുത്ത മത്സരം.  

 

ചിത്രം കടപ്പാട്: വേൾഡ് ന്യൂസ്