അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റിരിക്കുകയാണ്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ബൈഡന്റെയും വൈസ് പ്രസിഡന്റെയും കമലാ ഹാരിസിന്റെയും ചിത്രങ്ങളും വൈറലായിരുന്നു. ഇതിനിടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ്ഹൗസ് പിടിയിറക്കത്തെ കളിയാക്കി നിരവധി മീമുകളും ട്രോളുകളും പ്രചരിച്ചിരുന്നു. അക്കൂട്ടത്തിൽ പ്രശസ്ത ഗായികയും നടിയുമായ റിഹാന പങ്കുവച്ച മീമും ശ്രദ്ധ നേടുകയാണ്.
ട്വിറ്ററിലൂടെ രസകരമായൊരു ഫോട്ടോ പങ്കുവച്ചാണ് റിഹാന ട്രംപിനെ ട്രോളിയത്. ഇരുകൈകളിലും വലിയ പ്ലാസ്റ്റിക് ബാഗിലെ മാലിന്യം കളയാൻ പോകുന്ന റിഹാനയാണ് ചിത്രത്തിലുള്ളത്. നമ്മൾ അത് നേടി ജോ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സാധ്യമായ ഏത് രീതിയിലും വംശീയതയെ തുടച്ചുനീക്കാം എന്നെഴുതിയ ടീഷർട്ടാണ് ചിത്രത്തിൽ താരം ധരിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഹാർപർ ബസാറിനു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രമാണ് റിഹാന സന്ദർഭോചിതമായി പങ്കുവച്ചത്.
നേരത്തേയും ട്രംപിനെതിരെ വിമർശനങ്ങൾ ഉയർത്തിയിട്ടുള്ള താരമാണ് റിഹാന. 2018ൽ ഭാര്യ മെലാനിയ ട്രംപിന്റെ കൈപിടിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്ന ട്രംപിന്റെ വീഡിയോ ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്നു. ട്രംപ് റാലികളിൽ തന്റെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും റിഹാന ശബ്ദമുയർത്തിയിരുന്നു.
2019ൽ ടെക്സസിലും ഒഹിയോയിലും നടന്ന കൂട്ടവെടിവെപ്പിനോടുള്ള ട്രംപിന്ഡറെ പ്രതികരണത്തെ അമേരിക്കയിലെ ഏറ്റവും മാനസികരോഗിയായ വ്യക്തി എന്നാണ് റിഹാന വിശേഷിപ്പിച്ചത്. നവംബറിൽ അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ നിർത്താൻ ആവശ്യപ്പെട്ടപ്പോഴും എതിർപ്പു പ്രകടിപ്പിച്ച് റിഹാന രംഗത്തെത്തിയിരുന്നു.
Content Highlights: Rihanna celebrates end of Trump presidency by taking out the trash