കാടും മലയും പുഴയും താണ്ടി അമ്പൂരിയിലെ ആദിവാസി മേഖലയിലെ കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചവുമായി എത്തുന്ന ഉഷാകുമാരി ടീച്ചറിനെ ഓര്‍മയില്ലേ, അമ്പൂരി ഏകാധ്യാപക വിദ്യാലയത്തിലേക്കുള്ള ടീച്ചറുടെ യാത്ര വലിയ വാര്‍ത്തയായിരുന്നു. ഉഷാകുമാരി ടീച്ചര്‍ പങ്കുവച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുന്നത്. ഞാന്‍ ഒരു വെഡിങ് കമ്പനി തുടങ്ങിയാല്‍ അമ്മയ്ക്ക് നാണക്കേടാകുമോ എന്ന് മകള്‍ രേഷ്മയുടെ ചോദ്യത്തിനുള്ള മറുപടിയാണ് ആ കുറിപ്പ്. 

'വെഡിങ് കമ്പനി തുടങ്ങിയാല്‍ അമ്മക്ക് നാണക്കേട് ആകുമോ? ഈ ചോദ്യം കുറച്ചു നാളായി കേള്‍ക്കുന്നു. ഇന്ന് അതിന് ഒരു തീരുമാനം ആയി.' എന്ന ക്യാപ്ഷനോടെയാണ് ടീച്ചറിന്റെ കുറിപ്പ് തുടങ്ങുന്നത്. 'എല്ലാം കത്തി അമര്‍ന്ന ചാരത്തില്‍ നിന്ന് ഒരു ഫീനിഷ് പക്ഷിയെ പോലെ  ഉയര്‍ത്ത് എഴുന്നേറ്റ അവള്‍  അവളുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ ഒരു പുതിയ കാല്‍വയ്പ്പ് നടത്തുന്നു ഒരു വെഡിങ് കമ്പനി 'Wed Queen Wedding company ' അതിനായി എന്റെ എല്ലാ കൂട്ടുകാരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം.' എന്നാണ് മകള്‍ക്കുള്ള അനുഗ്രഹം പോലെ ടീച്ചര്‍ കുറിക്കുന്നത്. 

മകള്‍ ഫോട്ടോഗ്രാഫി പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ അത് ആണ്‍ കുട്ടികള്‍ക്കുള്ള ഫീല്‍ഡ് ആണ് എന്ന് പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പിന്നീട് മകള്‍ക്കൊപ്പം കട്ടയ്ക്കു നിന്നു ഉഷാകുമാരി ടീച്ചര്‍. അമ്മയുടെ കുറിപ്പിനുള്ള മറുപടിയായി മകളും പറയുന്നു.. ' അമ്മയാണ് എല്ലാം നേരിട്ട് എനിക്കൊപ്പം നിന്നത്.' 

അമ്മയുടെ കുറിപ്പിന് മകളുടെ മറുപടി

ഫോട്ടോഗ്രാഫിയില്‍ തന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് അമ്മയാണെന്നാണ് രേഷ്മ നല്‍കുന്ന ഉത്തരം. 'ഫോട്ടോഗ്രാഫി പഠിക്കണം എന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം വലിയ എതിര്‍പ്പായിരുന്നു. അമ്മയും അച്ഛനുമെല്ലാം. ഞാന്‍ കുറച്ചു വാശിപിടിച്ചു നോക്കി, സാധാരണ ഞാന്‍ വാശിപിടിക്കുമ്പോള്‍ അമ്മയ്ക്കറിയാം എനിക്ക് ഇത് വലിയ താല്‍പര്യമായതുകൊണ്ടാണ്, നല്ലതാണെന്ന് തോന്നുന്നതു കൊണ്ടാണ് ചോദിക്കുന്നത് എന്നൊക്കെ. എങ്കില്‍ പഠിച്ചു നോക്ക് എന്ന അനുവാദമാണ് ആദ്യം കിട്ടിയത്.' 

നാട്ടുകാരും മറ്റ് ബന്ധുക്കളുമെല്ലാം ഇത് ആണുങ്ങളുടെ തൊഴിലാണെന്ന വാദവുമായി വീട്ടിലെത്തുകപോലും ചെയ്‌തെന്ന്‌ രേഷ്മ പറയുന്നു. 'നാട്ടിലെ പുരുഷ ഫോട്ടോഗ്രാഫേഴ്‌സ് വരെ എതിര്‍പ്പു പറഞ്ഞു. ഇങ്ങനെയൊക്കെ ചെയ്താല്‍ പെണ്‍കുട്ടിയുടെ ഭാവിയെന്താവും എന്നൊക്കെയായിരുന്നു അവരുടെ ആവശ്യമില്ലാത്ത ആശങ്കകള്‍.'  പാവം എന്റെ അമ്മയാണ് ഇതൊക്കെ നേരിടേണ്ടി വന്നത്.  'ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല, പഠിക്കാന്‍ പോകും, വര്‍ക്ക് കിട്ടിയാല്‍ അതിന് പോകും.. എല്ലാം അമ്മ കേട്ടു, മറുപടി പറഞ്ഞു, എന്നെ സങ്കടപ്പെടുത്താതെ... അങ്ങനെയായിരുന്നു. '

'അമ്മ എല്ലാവര്‍ക്കും ബഹുമാനമുള്ള പ്രിയപ്പെട്ട അധ്യാപികയായാണ്‌. മകന്‍ അധ്യാപന മേഖല തിരഞ്ഞെടുത്ത് അതിനുള്ള പഠനങ്ങളുമായി നടക്കുന്നു.എന്നാല്‍ മകള്‍ ആ ഫീല്‍ഡെല്ലാം വിട്ട് മറ്റൊന്ന് തേടിപ്പോവുകയും ചെയ്യുന്നു, ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത ഒന്ന്, അതാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് രേഷ്മ. 'ആ സമയത്ത് എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷയൊക്കെ ഞാന്‍ എഴുതിയിരുന്നു. പക്ഷേ എന്റെ മനസ്സ് ഫോട്ടോഗ്രാഫിയില്‍ തന്നെയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ഇതൊന്നും പറഞ്ഞിട്ടില്ല എന്ന നിലപാടിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. 

വസ്ത്രധാരണം മാറിയപ്പോള്‍ തന്നെ മുറുമുറുപ്പുകളായി

നാട്ടിന്‍പുറമാണ്, ആദ്യമൊക്കെ ചുരിദാര്‍ അണിഞ്ഞ പെണ്‍കുട്ടി, പിന്നെ ജീന്‍സിലേക്കും ഷര്‍ട്ടിലേക്കും മാറുമ്പോഴോ... ''വര്‍ക്കിന് വേണ്ടി എളുപ്പത്തിനാണ് ഞാന്‍ ചുരിദാര്‍ മാറ്റിയത്. ഇനി അവള്‍ കൈവിട്ടു പോയി എന്നു പറഞ്ഞവരുണ്ട്. മകളുടെ ജീവിതം പോകുമെന്ന് പറഞ്ഞപ്പോഴൊക്കെ ടെന്‍ഷനടിച്ചെങ്കിലും അമ്മ കട്ടയ്ക്ക് കൂടെ നിന്നു. 

പഠനകാലം കഴിയുന്നതിന് മുമ്പേ തന്നെ ഞാന്‍ ചെറിയ വര്‍ക്കുകള്‍ക്കൊക്കെ പോയി ക്യാമറ സ്വന്തമായി വാങ്ങി, അമ്മയുടെ അഭിമുഖങ്ങളുടെ ചിത്രങ്ങളെല്ലാം ഞാന്‍ തന്നെ എടുത്തു.. അങ്ങനെ അമ്മയ്ക്ക് പതിയെ എന്റെ കാര്യത്തില്‍ ഒരു ആത്മവിശ്വാസമായി. പിന്നെ ആളുകള്‍ കുറ്റപറയുമ്പോള്‍ അമ്മ എനിക്കുവേണ്ടി എതിര്‍ക്കാന്‍ മുന്നിട്ടിറങ്ങി.

ഞാന്‍ പഠിച്ചത് ഫോട്ടോ ജേര്‍ണലിസമാണ്. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നിന്ന്. നല്ല മാര്‍ക്കോടെ പാസാകുകയും ചെയ്തു.  ആദ്യം ഒരു പത്രത്തില്‍ ജോലി ചെയ്തു. പിന്നെ അത് ഉപേക്ഷിച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷമായി സ്വന്തം വര്‍ക്കുകളാണ്. പക്ഷേ ആ ജോലി വിട്ടപ്പോഴും പഴി കേള്‍ക്കേണ്ടി വന്നു.'' 

ജോലി ഉപേക്ഷിച്ച്  വിവാഹഫോട്ടോഗ്രാഫിയില്‍ ഫ്രീലാന്‍സായി ജോലി ചെയ്തു തുടങ്ങി. എന്നാല്‍ കൊറോണ വന്നതോടെ ആതിരയുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞു. പക്ഷേ അമ്മ  കുറിച്ചതുപോലെ അവളൊരു ഫീനിക്‌സ്‌ പക്ഷിയാവാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിലൂടെ.

സ്ത്രീകള്‍ മാത്രമുള്ള വെഡ്ഡിംങ് കമ്പനി

വെഡിങ് കമ്പനി കൂടി ഞാന്‍ തുടങ്ങിയാല്‍ ചുറ്റുമുള്ളവര്‍ എന്താവും പറയുക എന്നാണ് ഞാന്‍ ആദ്യം ആലോചിച്ചത്. ഇതെങ്ങാനും വിജയിച്ചില്ലെങ്കില്‍ അമ്മയ്ക്ക് നാണക്കേടാവും എന്നതായിരുന്നു മനസ്സില്‍. അപ്പോള്‍ ഞാന്‍ ചോദിച്ച് ചോദ്യത്തിനുള്ള മറുപടിയാണ് അമ്മ പോസ്റ്റ് ചെയ്ത ആ കുറിപ്പ്. ആളുകളെയല്ലാം ഫേസ് ചെയ്യേണ്ടത് അമ്മയാണല്ലോ. 

എനിക്കൊരു നാണക്കേടുമില്ല നീ ധൈര്യമായി തുടങ്ങിക്കോ, എന്നാണ് അമ്മ രേഷ്മയ്ക്ക് നല്‍കിയ ഉത്തരം. തന്റെ മകളെ ഇത്രയും കാലം വിമര്‍ശിച്ചവര്‍ക്കുള്ള ഒരു മറുപടി കൂടിയാണ് അമ്മ ഉഷാകുമാരിയുടെ ഈ പോസ്‌റ്റെന്നും രേഷ്മ പറയുന്നു. 

സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന വെഡ്ഡിങ് കമ്പനിയാണ് രേഷ്മയുടേത്. വീഡിയോ ചെയ്യുന്നത് സ്ത്രീകള്‍, ലൈറ്റ് ബോയിസല്ല ഗേള്‍സാണ്.. അങ്ങനെ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ ഒരു സംരംഭം. 'പുരുഷന്‍മാര്‍ കൈയടക്കി വച്ച മേഖലയാണ് ഇത്. ഞങ്ങള്‍ ഇങ്ങനെ ഒന്ന് തുടങ്ങാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. അന്ന് മനസ്സില്‍ ഉണ്ടായ ആഗ്രഹമാണ് എല്ലാം സ്ത്രീകള്‍ മാത്രം ചെയ്യുന്ന ഒരു ഫോട്ടോഷൂട്ട് ടീം വേണമെന്ന്. സ്ത്രീകള്‍ക്ക് പലപ്പോഴും സ്ത്രീഫോട്ടോഗ്രാഫേഴ്‌സ് ചിത്രങ്ങള്‍ പകര്‍ത്തുന്നത് വളരെ കംഫര്‍ട്ടബിളാണെന്ന് തോന്നിയിട്ടുണ്ട്. വീഡിയോ എടുക്കുന്ന പെണ്‍കുട്ടികള്‍ കേരളത്തില്‍ അധികമില്ല, അതുകൊണ്ട് ബാംഗ്ലൂര്‍ പോലെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ആളുകളെ എത്തിക്കുന്നത്.' അതിനു പറ്റാത്തപ്പോള്‍ വീഡിയോയും രേഷ്മ തന്നെ ചെയ്യും. ഇപ്പോള്‍ വീഡിയോയും ഫോട്ടോഗ്രാഫിയും എല്ലാം രേഷ്മയുടെ കൈയില്‍ സുരക്ഷിതം. 

മോഡലിങ് ഷൂട്ടുകള്‍ക്കും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉള്‍പ്പെടെ എല്ലാം സ്ത്രീകള്‍ തന്നെയാണ് രേഷ്മയ്‌ക്കൊപ്പമുള്ളത്. ധാരാളം സ്ത്രീകള്‍ ഒരു മടിയുമില്ലാതെ കടന്നു വരുന്ന ഒരു തൊഴില്‍ മേഖലയാവട്ടെ ഫോട്ടോഗ്രാഫിയും എന്നാണ് രേഷ്മയുടെ ആഗ്രഹം.

Content Highlights: Reshma mohan Woman Photographer open up about her Mother Ushakumari teacher