ഒരു വർഷത്തിനിപ്പുറവും കോവിഡ് മാഹാമാരി കൊണ്ടുഴലുകയാണ് പല രാജ്യങ്ങളും. വാക്സിനേഷനുകൾ നൽകി കോവിഡിനെ പൂട്ടാനൊരുങ്ങുകയാണ് ലോകം. അതിനിടെ തീവ്രവ്യാപനശേഷിയുള്ള കോവിഡിന്റെ വകഭേദം ബ്രിട്ടനിൽ പടരുന്നതായും കണ്ടെത്തിയിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് കോവിഡ് സംബന്ധിച്ച ഹൃദയം തൊടുന്നൊരു വീഡിയോ ആണ്. കോവിഡ് കണക്കുകൾ പറയുന്നതിനിടെ വിങ്ങിപ്പൊട്ടുന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്.
ലോസ് ആഞ്ചലീസിലെ കോവിഡ് മരണങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു മാധ്യമപ്രവർത്തക സാറാ സിഡ്നെർ. അതിനിടയിലാണ് സിഡ്നെർ വികാരം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞത്. താൻ സന്ദർശിക്കുന്ന പത്താമത്തെ ആശുപത്രിയാണ് ഇതെന്നു പറഞ്ഞു തുടങ്ങിയ സിഡ്നെറിന് കരച്ചിൽ അടക്കാനായില്ല. പ്രിയപ്പെട്ടവരെ നഷ്ടമായതിനുശേഷം ആ ആഘാതവും പേറി ജീവിക്കേണ്ടി വരുന്ന കുടുംബങ്ങളെക്കുറിച്ചാണ് സിഡ്നെർ പങ്കുവച്ചത്. അമേരിക്കയിലെ കറുത്ത വർഗക്കാർക്കിടയിൽ കോവിഡ് വ്യാപിക്കുന്നതിനെക്കുറിച്ചും സിഡ്നെറിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
റിപ്പോർട്ടിങ്ങിനിടയിൽ കരച്ചിൽ വന്ന് തടസ്സപ്പെട്ടതിന് അവതാരകയോട് ക്ഷമ ചോദിക്കുന്നുമുണ്ട് സിഡ്നെർ. എന്നാൽ ക്ഷമാപണത്തിന്റെ ആവശ്യമില്ലെന്നും സിഡ്നെറിന്റെ റിപ്പോർട്ടിങ്ങിൽ അഭിമാനിക്കുന്നുവെന്നും അവതാരക പറഞ്ഞു.
WOW. Powerful moment on @CNN just now. Must watch. Sending you lots of love @sarasidnerCNN pic.twitter.com/v8Pv4xOo36
— Faith Abubéy (@ReporterFaith) January 12, 2021
വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ നിരവധി പേരാണ് സിഡ‍്നെറിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. സിഡ്നെറിന്റെ റിപ്പോർട്ടിങ് കാഴ്ച്ചക്കാരെയും ഈറനണിയിക്കുമെന്നും സിഡ്നെറിനെപ്പോലെ ജനങ്ങളിലേക്ക് കോവിഡ് വാർത്തയെത്തിക്കാൻ പരിശ്രമിക്കുന്ന ഓരോ മാധ്യമപ്രവർത്തകരേയും സല്യൂട്ട് ചെയ്യുന്നുവെന്നും മാധ്യമപ്രവർത്തകയായ സിഡ്നെർ ഇത്രത്തോളം കരയുന്നുവെങ്കിൽ ആരോഗ്യപ്രവർത്തകരുടെ അവസ്ഥ എന്താകുമെന്നൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: reporter breaks down on-air while reporting on COVID-19 deaths