ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം ലഭിച്ച രമ്യ ഹരിദാസ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ നേടിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യയെ പൊതുരംഗത്തേയ്ക്ക് എത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്നതും ഇവരെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്. ആറുവര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ട് വഴിയാണ് രമ്യ ഹരിദാസ് ആദ്യം പാര്‍ട്ടിയില്‍ ശ്രദ്ധ നേടുന്നത്. 

നാലു ദിവസത്തെ പരിപാടിയില്‍ സ്വന്തം നിലപാടുകള്‍ കൊണ്ട് രമ്യ  ശ്രദ്ധ  നേടി. ഇതുകൂടാതെ 2014ല്‍ തിരഞ്ഞെടുപ്പുകാലത്ത് രമ്യ രാഹുല്‍ ഗാന്ധിക്കൊപ്പം  കോണ്‍ഗ്രസ് പരസ്യത്തില്‍ മുമ്പില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഓരോ കരങ്ങള്‍ക്കും ശക്തി ഓരോ കരങ്ങള്‍ക്കും പുരോഗതി എന്ന പരസ്യത്തിലായിരുന്നു രമ്യ ശ്രദ്ധയമായ ഒരു ഭാഗം ചെയ്തത്. വ്യത്യസ്തമായ വിഷയങ്ങളില്‍ 11 ഭാഷകളിലായിരുന്നു പരസ്യം.

ഇതിനായി 30 വയസുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പല പരീക്ഷകളും നടത്തിയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് ആദ്യ 16 പേരെയായിരുന്നു തിരഞ്ഞെടുത്തത്. പിന്നീട് ഡല്‍ഹിയില്‍ നടത്തിയ സ്‌ക്രീനിങ്ങില്‍ ഇത് 8 പേരായി ചുരുങ്ങി. ക്യാമറക്ക് മുമ്പില്‍ ഓരോ വിഷയങ്ങളുടെ അവതരണം സ്വയം പരിചയപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി  നാലുപേരെ തിരഞ്ഞെടുത്തു. അതില്‍ ഒരാളായിരുന്നു രമ്യ. മലയാളത്തില്‍ വന്ന പരസ്യത്തില്‍ അല്‍പ്പം നീണ്ട വാചകങ്ങള്‍ തന്നെയായിരുന്നു രമ്യക്ക് ഉണ്ടായിരുന്നത്.

രമ്യയുടെ പരസ്യ വാചകം ഇങ്ങനെ.

'കാര്യം സിംപിളാ, ഒരു റോക്കറ്റ് സയന്‍സും അല്ല, രാജ്യത്തിന് ഇപ്പോഴും യുവത്വമാ, രാജ്യത്തെ 50 ശതമാനത്തില്‍ അധികം പേരും 30-ല്‍ താഴെ പ്രായമുള്ള യുവാക്കളാ,  അവരുടെ മൈന്‍ഡ് സെറ്റ്, എക്‌സ്പറ്റേഷന്‍, ബിലിവ്‌സ്, ഇതൊക്കെ തീര്‍ച്ചയായും ഒരു യുവാവിനെ നന്നായി മനസിലാകു. അയാള്‍ ഓപ്പണ്‍ മൈന്‍ഡഡ് ആണ് ലിബറലാണ്, എഗെയിന്‍ നോ റോക്കറ്റ് സയന്‍സ്, അതാണ് കോണ്‍ഗ്രസ് നേതാക്കള്‍. യൂത്തിന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന നേതാക്കള്‍. ഒരു പാട്ടില്ലേ 'ശില്‍പികള്‍ നമ്മള്‍ ഭാരത ശില്‍പികള്‍ നമ്മള്‍' തീവ്ര ചിന്താഗതിയല്ല, യുവാവേശം. 

ഞാന്‍ രമ്യ, രാഹുല്‍ ഗാന്ധിയുടെ ഈ യുവാവേശം ഉള്ളില്‍ തുളുമ്പുന്ന ഒരു എളിയ കോണ്‍ഗ്രസ് പ്രവര്‍ത്തക'

Content Highlights: remya haridas old advertisement