പ്രശസ്ത കോറിയോ​ഗ്രാഫറായ റെമോ ഡിസൂസയുടെ ഭാര്യയും പ്രൊഡ്യൂസറുമായ ലിസെല്ലെയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിറഞ്ഞിരുന്നു. അത്ഭുതപ്പെടുത്തും വിധത്തിൽ വണ്ണംകുറച്ച ലിസെല്ലെയെ അഭിനന്ദിച്ച് റെമോ ഡിസൂസ തന്നെ കുറിപ്പും പങ്കുവച്ചിരുന്നു. ലിസെല്ലെയുടെ കഠിനാധ്വാനത്തെ പ്രശംസിച്ചാണ് റെമോ പോസ്റ്റ് പങ്കുവച്ചത്. ഇപ്പോഴിതാ നാൽപതു കിലോയോളം കുറച്ചതിന് പിന്നിലെ അധ്വാനത്തേക്കുറിച്ച് പറയുകയാണ് ലിസെല്ലെ. . 

2018 ഡിസംബറിലാണ് താൻ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ലിസെല്ലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. 2019ൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരംഭിച്ചു. ആദ്യവർഷത്തിൽ ഇരുപതോളം കിലോയാണ് കുറച്ചത്. പതിനഞ്ചു മണിക്കൂർ ഇടവേളയിലാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരംഭിച്ചത്. ലോക്ക്ഡൗൺ കാലത്ത് അതിന്റെ ദൈർഘ്യം പതിനെട്ടു മുതൽ ഇരുപതു മണിക്കൂറോളമാക്കി. ഭക്ഷണത്തിന്റെ അളവ് നന്നേ കുറച്ചുവെന്നും ലിസെല്ലെ. 

വൈകാതെ കഠിനമായ വർക്കൗട്ടും ആരംഭിച്ചു. തൽഫലമായി 105 കിലോയിൽ നിന്നാണ് താൻ അറുപത്തിയഞ്ചിലേക്ക് എത്തിയതെന്നും ലിസെല്ലെ പറയുന്നു. വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ടി വരുമോ എന്നുപോലും താൻ ചിന്തിച്ചിരുന്നുവെന്നും ലിസെല്ലെ. പക്ഷേ അപ്രകാരം ചെയ്താലും ജീവിതശൈലി ചിട്ടയായില്ലെങ്കിൽ വണ്ണം വെക്കാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ പറഞ്ഞതോടെ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 

ഭർത്താവും മക്കളും അകമഴിഞ്ഞ് പിന്തുണച്ചതോടെയാണ് ഇത്തരത്തിലൊരു മാറ്റം സാധിച്ചതെന്നും അവർ പറയുന്നു. 

കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഈ സമയത്ത പിന്തുടരേണ്ടത്.

Content Highlights: Remo D’Souza’s Wife Lizelle Weight Loss Journey