ര്‍ഭകാലവും പ്രസവവുമൊക്കെ സ്ത്രീയുടെ ജീവിതത്തിലെ മനോഹര കാലങ്ങളാണെങ്കിലും ആ സമയത്ത് അവര്‍ നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്താനാവില്ല. പോസ്റ്റ്‌പാർട്ടം ഡിപ്രഷനാണ് അതില്‍ പ്രധാനം. പ്രശസ്തരായ വനിതകളില്‍ പലരും തങ്ങള്‍ അക്കാലത്തെ എങ്ങനെ മറികടന്നു എന്ന് തുറന്ന് സംസാരിക്കാന്‍ തയ്യാറായവരാണ്.  ഹോളിവുഡ് നടിയായ റീസ് വിതെര്‍സ്പൂണ്‍ തന്റെ മൂന്ന് മക്കള്‍ പിറന്നപ്പോഴും താന്‍ പോസ്റ്റ്‌പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോയ അനുഭവം തുറന്നു പറയുന്നു. 

20 വയസ്സുള്ള ആവാ, 16കാരനായ ഡീകന്‍, ഏഴ് വയസുകാരി ടെന്നസീ  എന്നിവരാണ് നാല്‍പത്തിനാലുകാരിയായ റീസിന്റെ മക്കള്‍. 

കൗമാരപ്രായം മുതലേ വിഷാദത്തിന് റീസ് ചികിത്സ തേടിയിരുന്നു. 'ഉത്കണ്ഠ വൈകല്യമായിരുന്നു എന്റെ പ്രശ്‌നം. കളിപ്പാട്ടവീലില്‍ എപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന വളര്‍ത്ത് എലിയെപ്പോലെയായിരുന്നു എന്റെ മനസ്സ്. അതെപ്പോഴും അങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. പേടിപ്പെടുത്തുന്ന അനുഭവമാണെന്ന് മാത്രം'- റീസ് പറയുന്നു. 

'23-ാം വയസ്സിലാണ് ആദ്യ ഗര്‍ഭം. പ്രസവകാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങളെ പറ്റിയൊന്നും ആരും എന്നോട് പറഞ്ഞിരുന്നില്ല. അത് കൂടുതല്‍ വിഷാദത്തിൽ എന്നെ കൊണ്ടെത്തിച്ചു. ഓരോ കുഞ്ഞുങ്ങൾ പിറന്നപ്പോഴും മാനസിക നില വ്യത്യസ്തമായിരുന്നു. ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ ചെറിയ രീതിയിലുള്ള വിഷാദമായിരുന്നു. ഒരാള്‍ ജനിച്ചപ്പോള്‍ വിഷാദപ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ അടുത്തയാള്‍ ജനിച്ചപ്പോള്‍ എനിക്ക് കാര്യങ്ങളൊന്നും നേരെ ചിന്തിക്കാനാവാത്തവിധം മനസ്സ് കൈവിട്ടുപോയിരുന്നു. പിന്നെ മരുന്നുകള്‍ വേണ്ടി വന്നു ജീവിതം തിരിച്ചു പിടിക്കാന്‍.' ആവ ജനിച്ചു കഴിഞ്ഞപ്പോള്‍  completely out of control എന്നാണ് റീസ് തന്നെ പറ്റി തന്നെ പറയുന്നത്. 

'പോസ്റ്റ്‌പാർട്ടം ഡിപ്രഷന്‍ ഇപ്പോഴും തുറന്ന് പറയാന്‍ മടിക്കുന്ന ഒന്നാണ്. എന്താണെന്നറിയാത്ത ശ്വാസം മുട്ടുന്ന അനുഭവത്തിലൂടെയാണ് ഓരോ സ്ത്രീയും അക്കാലത്ത് കടന്ന് പോകുന്നത്. ഒറ്റപ്പെട്ടതുപോലെയാണ് അവരുടെ അവസ്ഥ. ഇത്തരം തുറന്ന് പറച്ചിലുകള്‍ പോസ്റ്റ്‌പാർട്ടം ഡിപ്രഷനെതിരെ ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ സഹായിക്കും. ആളുകളെ അതേ പറ്റി ബോധവാന്‍മാരാക്കും.' റീസ് വിശ്വസിക്കുന്നു.

Content Highlights: Reese Witherspoon opens up about her battle with postpartum depression