സ്ത്രീകള്‍ക്കു നേരെയുള്ള സദാചാര ആക്രമങ്ങള്‍ക്ക് ഇപ്പോള്‍ സൈബര്‍ മാനങ്ങള്‍ കൂടി വന്നുകഴിഞ്ഞു. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും നിലപാടിന്റെ പേരിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ക്രൂര വിമര്‍ശനങ്ങള്‍ക്ക് ഇരയാകപ്പെടുന്നവരുണ്ട്. ഇപ്പോഴിതാ സമാന അനുഭവം പങ്കുവച്ചിരിക്കുകയാണ് റിയാലിറ്റി ടിവി താരവും നടിയുമായ ദിവ്യാ അഗര്‍വാള്‍. അച്ഛന്‍ മരിച്ചതിന്റെ ദു:ഖം അതിജീവിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നേരെ വിഷമിച്ച് മാറിയിരിക്കാത്തതിന്റെ പേരില്‍ നേരിടുന്ന വിമര്‍ശനങ്ങളെക്കുറിച്ചാണ് ദിവ്യ പങ്കുവെക്കുന്നത്. 

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് അച്ഛന്‍ സഞ്ജയ് അഗര്‍വാളിന്റെ വേര്‍പാടിനെക്കുറിച്ച് ദിവ്യ പങ്കുവച്ചിരുന്നത്. വൈകാതെ താരത്തെ ആശ്വസിപ്പിച്ച് പലരും കമന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ വൈകാതെ .യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്തിയ ദിവ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ദിവ്യ പങ്കുവച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ ഈ സാഹചര്യത്തില്‍ ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു കമന്റുകള്‍.

അച്ഛന്റെ വേര്‍പാടിന്റെ പേരില്‍ വിഷമിച്ച് മാറിയിരിക്കാതെ സന്തോഷ നിമിഷങ്ങളില്‍ പങ്കുചേര്‍ന്ന് അതിജീവിച്ചുകൊണ്ടിരിക്കുന്ന ദിവ്യയെ ക്രൂരമായി പരിഹസിക്കുകയായിരുന്നു സമൂഹമാധ്യമത്തിലെ പലരും. സ്‌ക്രീന്‍ഷോട്ട് സഹിതം അത്തരം കമന്റുകള്‍ ദിവ്യ പങ്കുവെക്കുകയും ചെയ്തു. 

divya
ദിവ്യാ അഗര്‍വാള്‍ അച്ഛനൊപ്പം, ദിവ്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിന്ന്

താന്‍ അതിജീവിച്ച് മുന്നോട്ടു പോകുന്നതില്‍ കുറ്റബോധം തോന്നേണ്ട കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ദിവ്യ കുറിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍പ്പോലും ആളുകള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് ദുഖകരമാണ്. ചിലപ്പോള്‍ ലോകം അത്രത്തോളം വിഷകരമായിരിക്കും. അവര്‍ക്ക് ആളുകള്‍ കരഞ്ഞിരിക്കുന്നത് മാത്രമേ കാണേണ്ടതുള്ളു. അച്ഛന്‍ മരിച്ചതിന്റെ പിറ്റേന്ന് കളിക്കളത്തിലെത്തിയ വിരാട് കോലിക്ക് ആദരമര്‍പ്പിച്ചവര്‍ താന്‍ സമാനമായ കാര്യം ചെയ്യുമ്പോള്‍ ട്രോള്‍ ചെയ്യുകയാണെന്നും ദിവ്യ കുറിച്ചു.

കുറച്ചുദിവസം മുമ്പ് കാമുകന്‍ വരുണ്‍ സൂദുമൊത്തുള്ള ലൈവ് ചാറ്റിനിടെ തങ്ങള്‍ വിഷമിച്ച് മാറിയിരിക്കില്ലെന്നും അച്ഛന്റെ ആഗ്രഹം പോലെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു നയിക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു. ദീപാവലി ആഘോഷിക്കുകയും അമ്മയോട് കര്‍വാ ചൗത് ആചരിക്കാനും പറയും. അമ്മയുടെ നെറ്റിയിലെ പൊട്ടോ മംഗള്‍സൂത്രയോ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദുഖം ആചരിച്ച് കഴിയില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.

Content Highlights: Reality TV Star Divya Agarwal Slams Trolls Shaming Her For Posting Glam Pics After Dad’s Demise