തൊണ്ണൂുറുകളിൽ ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ് നടി രവീണ ടണ്ടൻ. ഇപ്പോഴും സിനിമാ രം​ഗത്ത് സജീവമായുള്ള താരം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം മിക്കയാളുകളും സൗഹൃദദിനത്തെക്കുറിച്ച് ആശംസകൾ പങ്കുവെച്ചപ്പോൾ രവീണയും തന്റെ ജീവിതത്തിലെ ആത്മാർഥ ചില സൗഹൃദങ്ങളെക്കുറിച്ച് മനസ്സുതുറന്നു. അവ പക്ഷേ മനുഷ്യരല്ല, മറിച്ച് താൻ ദത്തെടുത്തു വളർത്തിയ ഓമന മൃ​ഗങ്ങളാണ്. 

വഴിയരികിൽ നിന്നു രക്ഷിച്ച ഓമന മൃ​ഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണ് രവീണ പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ അവ തന്റെ കുടുംബമാണെന്നാണ് രവീണ പറയുന്നത്. ഈ സൗഹൃദദിനത്തിൽ മനുഷ്യരല്ലാത്ത എന്റെ ചില ആത്മാർഥ സുഹൃത്തുക്കളെ പരിചയപ്പെടാം എന്നു പറഞ്ഞാണ് രവീണ കുറിപ്പ് തുടങ്ങുന്നത്. 

ഇത് ചോട്ടു, കാർ തലയിലൂടെ കയറിയിറങ്ങി രണ്ടു കണ്ണുകളും നഷ്ടപ്പെട്ട് ഞങ്ങൾക്കു കിട്ടിയവൻ, ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഞാൻ അവനെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു- ഇരുകണ്ണുകളും നഷ്ടപ്പെട്ട നായയെ ചേർത്തുപിടിച്ച ഫോട്ടോയിൽ കുറിച്ചിരിക്കുകയാണ് രവീണ.    മുംബൈ തെരുവുകളിൽ ഭയമില്ലാതെ അലഞ്ഞുനടന്ന പ്യൂമ എന്ന പൂച്ചക്കുട്ടിയെക്കുറിച്ചും യഥാർഥ ബ്രീഡ് അല്ലെന്നതിന്റെ പേരിൽ ഒരു ടെറസിൽ മരിക്കാനായി ഉപേക്ഷിച്ച പോമറേനിയനെ ഏറ്റെടുത്തതിനെക്കുറിച്ചും രവീണ കുറിക്കുന്നു. 

ഇത്തരത്തിലുള്ള മൃ​ഗങ്ങളെ പണം മുടക്കി വാങ്ങുന്നതിനു പകരം ദത്തെടുക്കാൻ തയ്യാറാവൂ എന്ന് ആഹ്വാനം ചെയ്യുകയാണ് രവീണ. നേരത്തേയും തന്റെ പ്രിയപ്പെട്ട വളർത്തു മൃ​ഗങ്ങൾക്കൊപ്പമുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും രവീണ പങ്കുവച്ചിട്ടുണ്ട്. 

Content Highlights: Raveena Tandon Pens Heart-rending Stories Of Pets She Rescued