സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടതിനെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും ദിനംപ്രതി മാധ്യമങ്ങളിലൂടെയും മറ്റും ധാരാളം വായിക്കാറും കേള്‍ക്കാറുമുണ്ട്. പക്ഷേ, ഭാര്യയുടെയോ പങ്കാളിയുടെയോ നേട്ടങ്ങളില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം തുലോം കുറവാണ്.

ഇവിടെ വ്യത്യസ്തനാകുകയാണ് ബോളിവുഡ് നടനും നടി ദീപികാ പദുക്കോണിന്റെ ഭര്‍ത്താവുമായ രണ്‍വീര്‍ സിങ്. ഭാര്യയുടെ നേട്ടങ്ങളിൽ താൻ ഏറെ അഭിമാനിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. അക്കാലം മുതലേ ദീപികയാണ് ബോളിവുഡില്‍ പ്രശസ്തയും കൂടുതല്‍ വരുമാനം നേടുന്നതും. എന്നാല്‍, തന്റെ വിജയങ്ങളിൽ ഭര്‍ത്താവ് രണ്‍വീര്‍ ബഹുമാനിക്കുന്നുണ്ടെന്ന് നേരത്തെ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക വ്യക്തമാക്കിയിരുന്നു.

ഞാന്‍ രണ്‍വീറിനെ വിവാഹം ചെയ്തു. കാരണം, എന്റെ വിജയങ്ങളെയും ഞാന്‍ സമ്പാദിക്കുന്ന പണത്തെയും അദ്ദേഹം ബഹുമാനിക്കുന്നു. ഇന്ന് അദ്ദേഹം ഉണ്ടാക്കുന്ന പണവും വിജയങ്ങളും ഏഴ് വര്‍ഷം മുമ്പ് അദ്ദേഹം ഉണ്ടാക്കിയിരുന്നതിനേക്കാള്‍ വളരെയധികം വ്യത്യസ്തമാണ്. പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഞാനാണ് കൂടുതല്‍ വിജയങ്ങള്‍ നേടിയിട്ടുള്ളത്. ഒരു സമയത്ത് എനിക്ക് വളരെയേറെ തിരക്കുണ്ടായിരുന്നു. ഒട്ടേറെ ജോലിയുണ്ടായിരുന്നതിനാല്‍ വീട്ടില്‍ എത്താന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. ഞാനായിരുന്നു കൂടുതല്‍ പണമുണ്ടാക്കിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ ബന്ധത്തില്‍ ഒരിക്കല്‍പ്പോലും ഇത് ഇടയില്‍ കയറി വന്നിട്ടില്ല. ഇത് വളരെ അപൂര്‍വമായ കാര്യമാണ്-ദീപിക പറഞ്ഞു.

ദീപികയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രണ്‍വീര്‍. താന്‍ എല്ലായ്‌പോഴും വളരെ സുരക്ഷിതനായ വ്യക്തിയാണെന്ന് രണ്‍വീര്‍ അഭിമുഖത്തില്‍ പറഞ്ഞു. മറ്റ് നടീ നടന്മാരെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ് താന്‍ എന്ന് മറ്റുള്ളവര്‍ പറയുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഞാന്‍ അങ്ങനെയാണ്. എനിക്ക് മറ്റൊരുതരത്തില്‍ ആയിരിക്കാന്‍ സാധിക്കില്ല. എന്റെ ഭാര്യ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. അതിനാല്‍ എന്നെക്കാള്‍ കൂടുതലായി അഭിമാനിക്കുന്ന മറ്റൊരാള്‍ ഉണ്ടാകില്ല'-രണ്‍വീര്‍ പറഞ്ഞു. 

സിനിമ എന്നത് ഒരു കൂട്ടായ പരിശ്രമത്തില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും ഒരൊറ്റയാളുടെ പ്രയത്‌നം കൊണ്ടുണ്ടാകുന്നതാണെന്ന് താന്‍ കരുതുന്നില്ലെന്നും രണ്‍വീര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Content highlights: ranveer kapoor on deepika padukone, income from film industry, pround husband