യുദ്ധങ്ങള്‍ നമുക്കെന്താണ് നേടിത്തന്നിട്ടുള്ളത്? ദുഖങ്ങളുടേയും ദുരിതങ്ങളുടേയും കഥകള്‍ മാത്രമായിരിക്കും ഏതൊരു യുദ്ധത്തിനും പറയാനുണ്ടാവുക. അങ്ങനെയൊരു കഥയാണ് ജലന്ധറുകാരിയായ ഗുര്‍മേഹര്‍ കൗറിനും പറയുവാനുള്ളത്.

1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ മന്‍ദീപ് സിങ് ഒരു പാകിസ്താനി പട്ടാളക്കാരന്റെ കൈകളാല്‍ കൊല്ലപ്പെടുമ്പോള്‍ മകൾ ഗുര്‍മേഹറിന് രണ്ടു വയസായിരുന്നു പ്രായം. ഒരു പാകിസ്താനിയാണ് തന്റെ അച്ഛനെ കൊന്നതെന്ന് തിരിച്ചറിഞ്ഞ ഗുൽമേഹർ ആറാം വയസ്സിൽ ബുർഖ ധരിച്ച ഒരു സ്ത്രീയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. പാകിസ്താനല്ല, യുദ്ധമാണ് അച്ഛനെ കൊന്നതെന്ന് അവൾക്ക് അമ്മ പറഞ്ഞു കൊടുത്തു. ആദ്യമൊക്കെ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ആ തിരിച്ചറിവ് അവൾക്കുമുണ്ടായി. മുസ്ലീങ്ങളെല്ലാം പാകിസ്താനികളല്ലെന്നും പാകിസ്താനികളെല്ലാം ശത്രുക്കളല്ലെന്നും അവൾ പിന്നീട് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിന്റെ സൃഷ്ടിയാണ് ഈ ഫെയ്സ്ബുക്ക് വീഡിയോ.

യുദ്ധമില്ലാത്ത ഒരു കാലമാണ് എല്ലാവരുടെയും സ്വപ്നമെന്ന് പ്ലക്കാർഡുകളിലൂടെ അവൾ പറഞ്ഞു. ജർമനിക്കും ഫ്രാൻസിനും അമേരിക്കയ്ക്കും ജപ്പാനുമെല്ലാം ശത്രുത വെടിഞ്ഞ് സുഹൃത്തുക്കളാകാമെങ്കിൽ ഇന്ത്യയ്ക്കും പാകിസ്താനും കഴിയുമെന്ന് അവൾ പറയുന്നു. ഇതിന് വേണ്ടത് രാഷ്ട്രത്തലവന്മാരുടെ ഇച്ഛാശക്തിയാണ്. അവർ നാട്യങ്ങൾ വെടിഞ്ഞ് സമാധാനത്തിനുവേണ്ടി ആത്മാർഥമായി പരിശ്രമിക്കണം. ചാരപ്രവർത്തനവും ഭരണകൂടം സ്പോൺസർ ചെയ്യുന്ന തീവ്രവാദവും അവസാനിപ്പിക്കണം. ഇനിയും അച്ഛൻ നഷ്ടപ്പെട്ട ഒരു ഗുർമേഹർ ഉണ്ടാകരുത്. അവൾ വീഡിയോയിൽ പറഞ്ഞു.

ഗുര്‍മേഹറിന്റെ തിരിച്ചറിവുകളുടെ ബാക്കിപത്രമാണ് ഈ വീഡിയോ.