Priyanka
Image: Facebook/Priyankagandhivadra

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാടെത്തിയ പ്രിയങ്ക ഗാന്ധി പുല്‍വാമ രക്ഷസാക്ഷി വി.വി.വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി തൃക്കൈപ്പറ്റയില്‍ എത്തിയിരുന്നു. വസന്തകുമാറിന്റെ കുടുംബാംഗങ്ങളോട് അടുത്ത ബന്ധുവിനെപ്പോലെയായിരുന്നു പ്രിയങ്കയുടെ പെരുമാറ്റം. എന്താവശ്യത്തിനും വിളിക്കാന്‍ മറക്കരുത് എന്ന് പറഞ്ഞാണ് പ്രിയങ്ക ഗാന്ധി വസന്തകുമാറിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിനിടയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ ജേതാവ് ശ്രീധന്യയും പ്രിയങ്കയെ കാണാനെത്തിയിരുന്നു. 

'ഞാനും നിങ്ങളിലൊരാളാണ്...' കൂപ്പുകൈയോടെ പ്രിയങ്കാഗാന്ധി പുല്‍വാമ രക്തസാക്ഷി വി.വി. വസന്തകുമാറിന്റെ കുടുംബത്തോട് പറഞ്ഞു. ഉറ്റവരുടെ രക്തസാക്ഷിത്വത്തിന്റെ വേദന ജീവിതംകൊണ്ടറിഞ്ഞവരുടെ കൂടിക്കാഴ്ചയായിരുന്നു അത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രിയങ്ക വാഴക്കണ്ടി കോളനിയിലെ കുടുംബവീട്ടിലെത്തിയത്. വീട്ടുകാരെ കണ്ടയുടനെ കൈകൂപ്പി, ചേര്‍ത്തുപിടിച്ചു. 'വിഷമിക്കരുത് ഒപ്പമുണ്ടാകു'മെന്ന് പറഞ്ഞു. 

നേതാവായല്ല, വീട്ടിലൊരാളായാണ് പ്രിയങ്കാ ഗാന്ധി എത്തിയതെന്ന് സന്ദര്‍ശനത്തെക്കുറിച്ച് വസന്തകുമാറിന്റെ ഭാര്യ ഷീന പറഞ്ഞു. 'നിങ്ങളുടെ വേദന എനിക്കറിയാം, എന്റെ ജീവിതത്തിലും ഞാനതറിഞ്ഞിട്ടുണ്ട്. വീട്ടുമുറ്റത്തുവെച്ചാണ് മുത്തശ്ശി കൊല്ലപ്പെടുന്നത്, അച്ഛനും കൊല്ലപ്പെട്ടു. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും. എന്താവിശ്യത്തിനും വിളിക്കാന്‍ മറക്കരുത്'. വിളിക്കണമെന്നും പറഞ്ഞ് പ്രിയങ്ക അവരുടെ ഫോണ്‍നമ്പറും ഷീനയ്ക്ക് കൈമാറി.

മക്കളെ അടുത്തുവിളിച്ച് വിശേഷങ്ങള്‍ ചോദിച്ചു. എന്താകാനാണ് ആഗ്രഹമെന്ന് മക്കളോട് ചോദിച്ചു. മകള്‍ അനാമിക ടീച്ചറാകണമെന്ന് പറഞ്ഞപ്പോള്‍ ഏതുവിഷയം പഠിപ്പിക്കുമെന്ന് തിരക്കി. ഇംഗ്‌ളീഷെന്ന് മറുപടി നല്‍കിയപ്പോള്‍ മിടുക്കിയെന്ന് അഭിനന്ദിച്ചു. മകന്‍ അമര്‍ദീപ് വാഹന മെക്കാനിക് ആവുമെന്നാണ് മറുപടിനല്‍കിയത്. ഉത്തരം രസിച്ച പ്രിയങ്ക, 'മടിയിലിരിക്കാം അടുത്തുവാ' എന്ന് കുട്ടിയോടു പറഞ്ഞു. എന്നാല്‍ നാണിച്ച് അമര്‍ദീപ് പിന്നാക്കം വലിഞ്ഞപ്പോള്‍ അവന്റെ കുസൃതികളെക്കുറിച്ച് തിരക്കി. എല്ലാ കളിപ്പാട്ട കാറുകളും അഴിച്ചുനോക്കി മെക്കാനിക്ക് പണി ഇപ്പോഴേ എടുക്കുന്നുണ്ടോ എന്ന് തിരക്കി.

ഷീനയോട് ജോലി സംബന്ധമായ കാര്യങ്ങള്‍ തിരക്കി. ജോലിയുടെ സ്വഭാവം, എപ്പോള്‍ വീട്ടിലെത്തും, ബുദ്ധിമുട്ടുണ്ടോ എന്നെല്ലാം അന്വേഷിച്ചു. അവസാനം വസന്തകുമാറിനെ 'മിസ്' ചെയ്യുന്നുണ്ടോയെന്നും തിരക്കി. ഷീന വിതുമ്പിയപ്പോള്‍ ആശ്വസിപ്പിച്ചു. അമ്മ ശാന്തയോട് ധൈര്യമായിരിക്കാന്‍ അഭ്യര്‍ഥിച്ചു. എല്ലാത്തിനും ഒപ്പമുണ്ടാകുമെന്നും നിര്‍ബന്ധമായും വിളിക്കണമെന്നും ഒരിക്കല്‍ക്കൂടി ആവശ്യപ്പെട്ടു. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് പ്രിയങ്കയെന്ന് അവരുമായി ചെലവിട്ട കുറച്ചു നിമിഷങ്ങളിലൂടെ വ്യക്തമായതായി ഷീന പറഞ്ഞു. ഏറ്റവും അടുപ്പമുള്ള ഒരാളെപ്പോലെയാണ് സംസാരിച്ചത്. മുതിര്‍ന്ന സഹോദരി ആശ്വസിപ്പിക്കുന്നതുപോലെ അടുപ്പംതോന്നിയെന്നും ഷീന പറഞ്ഞു. 

Priyanka
Image: Facebook/Priyankagandhivadra

സിവില്‍സര്‍വീസ് പരീക്ഷാ ജേതാവ് ശ്രീധന്യാ സുരേഷും അവിടെയെത്തിയിരുന്നു. പ്രിയങ്കയും കുടുംബാംഗങ്ങളും തമ്മിലുള്ള സംഭാഷണം പരിഭാഷപ്പെടുത്തുന്നുന്നതിന് വേണ്ടിയാണ് ശ്രീധന്യ അവിടെയെത്തിയത്. കുറുമ സമുദായത്തെക്കുറിച്ചും സമുദായത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും പ്രിയങ്ക ചോദിച്ചറിഞ്ഞു. ശ്രീധന്യയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കാനും മറന്നില്ല. സര്‍വീസില്‍ കയറിക്കഴിയുമ്പോള്‍ സാമാനസാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ഉപദേശം നല്‍കുകയും ചെയ്തു. 

ഇരുവരുടെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ പ്രിയങ്ക തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അസാമാന്യധൈര്യത്തിന്റെ ഒരു കഥയാണ് ശ്രീധന്യയുടെ ജീവിതമെന്നാണ് പ്രിയങ്കയുടെ അഭിപ്രായം. 'സ്ഥൈര്യത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും ഒരാള്‍ക്ക് ഉയരങ്ങളില്‍ എത്തിച്ചേരാനാകുമെന്നതിന്റെയും കഥയാണ് ശ്രീധന്യയുടെ ജീവിതമെന്നാണ് പ്രിയങ്ക കുറിച്ചത്. ഒരു നല്ല ഭാവി ആശംസിച്ചുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.' 

Content Highlights: Priyanka Gandhi meets  Civil Services Exam Winner Sreedhanya