മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ടോക്ക്യോ ഒളിംപിക്‌സിലെ ആര്‍ട്ടിസ്റ്റിക് ജീംനാസ്റ്റിക് മത്സരത്തില്‍ നിന്ന് അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. സിമോണ്‍ ബെല്‍സിനെ ഇതിഹാസ താരമെന്ന് വിശേഷിപ്പിച്ച് അവര്‍ക്കൊപ്പമുള്ള പഴയ ഇന്റര്‍വ്യൂ പങ്കുവച്ചിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. 

മത്സരം കൂടുതലുള്ള കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവരുടെ മാനസികാരോഗ്യത്തെ പറ്റി കൂടുതല്‍ ചിന്തിക്കാന്‍ ഇക്കാലത്തെയും വലിയ താരമായ സിമോണ്‍ ബൈല്‍സിന്റെ പിന്‍മാറ്റം വഴിവച്ചിരിക്കുന്നു എന്നാണ് താരം പറയുന്നത്. 

'If I Could Tell You Just One Thing' എന്ന തന്റെ പരിപാടിയുടെ ആദ്യ എപ്പിസോഡാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. സിമോണിനൊപ്പമാണ് ഈ പ്രോഗ്രാം. അതില്‍ കായികതാരങ്ങള്‍ നേരിടുന്ന മാനസിക സമ്മര്‍ദത്തെ പറ്റിയാണ് പ്രധാന സംസാരം. ഒളിംപിക്‌സ് പോലുള്ള മത്സരങ്ങളില്‍ എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് പലപ്പോഴും താരങ്ങള്‍ക്ക് ഉയരാനാവാത്തത് വലിയ സമ്മര്‍ദമാണെന്നാണ് സിമോണ്‍ പറയുന്നത്. 

'പലപ്പോഴും എനിക്ക് തോന്നാറുണ്ട്, ഞാന്‍ മറ്റുള്ളവരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും പരാജയപ്പെടുമെന്നും. ഒളിംപിക്‌സില്‍ എല്ലാവര്‍ക്കും ഞാന്‍ ആറ് സ്വര്‍ണ മെഡല്‍ വരെ നേടുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ആ ആഗ്രഹങ്ങള്‍ക്കൊപ്പം ഉയരാന്‍ എനിക്ക് കഴിഞ്ഞില്ല എന്നത് എന്നെ തളര്‍ത്തി കളഞ്ഞിരുന്നു. ഇനി എനിക്ക് മെഡല്‍ കിട്ടിയെന്ന് ഇരിക്കട്ടെ, അപ്പോള്‍ ചോദിക്കും ഇത് വെങ്കലമല്ലേ എന്ന്. വളരെ ഭീകരമാണ് അത്.' സിമോണ്‍ പറയുന്നു. ഞാന്‍ കടന്നുപോകുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ഈ പ്രതീക്ഷകളാണ് എന്നാണ് സിമോണ്‍ തുടരുന്നത്. 

' വിജയത്തിനുമപ്പുറം സ്വന്തം മാനസികാരോഗ്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്. അവരുടെ സ്വയം തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തുന്നു' എന്നാണ് പ്രിയങ്ക വീഡിയോക്കൊപ്പം കുറിക്കുന്നത്.

Content Highlights: Priyanka Chopra shares interview with Simone Biles