മോഡലിങ് രം​ഗത്തു നിന്നും സൗന്ദര്യമത്സരവേദികളിലേക്കും ഒടുവിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവു‍ഡിലും മിന്നുന്ന വിജയം കാഴ്ച്ചവച്ച താരമാണ് നടി പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസ്സിലാണ് രാജ്യത്തിന് അഭിമാനമായി പ്രിയങ്ക ലോകസുന്ദരിപ്പട്ടത്തിൽ മുത്തമിട്ടത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ സുവർണദിനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോഴുള്ള ചില ഓർമകൾ പങ്കുവെക്കുകയാണ് താരം. വിജയിച്ചെത്തിയ തന്നോട് അമ്മ പറഞ്ഞ 'മണ്ടത്തരം' എന്നു പറഞ്ഞാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2000ത്തിലെ ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പ്രിയങ്ക അമ്മ മധു ചോപ്രയോട് താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോ എന്നു ചോദിക്കുകയാണ് പ്രിയങ്ക. പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റു നിന്ന് കയ്യടിച്ചുവെന്ന് പറയുകയാണ് മധു ചോപ്ര. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. - മധു ചോപ്ര

സന്തോഷത്താൽ പ്രിയങ്കയെ കെട്ടിപ്പുണരുമ്പോൾ താൻ പറഞ്ഞ മണ്ടത്തരത്തെക്കുറിച്ചും മധു ചോപ്ര പറയുന്നു. താൻ വളരെ സന്തുഷ്ടയാണെന്നും മകൾ ലോകസുന്ദരിയായതിൽ അതീവ അഹ്ളാദത്തിലാണെന്നും പറയുന്നതിനു പകരം താനൊരു മണ്ടത്തരമാണ് പറഞ്ഞതെന്നാണ് മധു ചോപ്ര പറയഞ്ഞത്. എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇനി നിന്റെ പഠനം എന്തു ചെയ്യും എന്നായിരുന്നു താൻ ചോദിച്ച വിഡ്ഡിത്തരമെന്നാണ് മധു ചോപ്ര പറയുന്നത്. 

മിസ് വേൾഡ് ഓർമകൾ നിരവധി തവണ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. താൻ ഒരിക്കലും വിജയിക്കുമെന്ന് കരുതിയതല്ലെന്നാണ് പ്രിയങ്ക മുമ്പ് പറഞ്ഞത്. തിരികെ വന്ന് ബോർഡ് എക്സാം എഴുതേണ്ടതുകൊണ്ട് ട്രെയിൻ ടിക്കറ്റും ബുക് ചെയ്തിരുന്നുവെന്ന് താരം പറഞ്ഞിട്ടുണ്ട്.

സൗന്ദര്യമത്സര വേദികൾ സുന്ദരിയായിരിക്കുക എന്ന ആശയമല്ല പകരുന്നത് മറിച്ച് ആത്മവിശ്വാസത്തോടെയും അനുകമ്പയോടെയും ഇരിക്കുക എന്നുകൂടിയാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പതിനെട്ടാം വയസ്സിൽ തന്നെ അത്തരം മൂല്യങ്ങൾ താൻ തിരിച്ചറിയുകയും ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. തന്നെക്കുറിച്ച് അഭിമാനിക്കും വിധത്തിൽ ആത്മവിശ്വാസം വളർത്താനും ആ വേദിക്കായെന്നും പ്രിയങ്ക പറഞ്ഞിട്ടുണ്ട്. 

Content Highlights: Priyanka Chopra’s mom reveals ‘the stupidest thing’ she said after actor’s Miss World crowning momen