സൗന്ദര്യമത്സരവേദിയിൽ നിന്ന് ബോളിവുഡ് കീഴടക്കി ഹോളിവുഡ് വരെ സാന്നിധ്യമറിയിച്ച താരമാണ് നടി പ്രിയങ്ക ചോപ്ര. ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാൻ സമൂഹമാധ്യമത്തിൽ സജീവമാണ് താരം. ഇപ്പോൾ തന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു നിമിഷത്തെക്കുറിച്ച് പ്രിയങ്ക പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
2016ൽ പത്മശ്രീ സ്വന്തമാക്കിയ നിമിഷത്തെക്കുറിച്ചാണ് പ്രിയങ്കയുടെ പോസ്റ്റ്. അന്നേ ദിവസത്തെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും പ്രിയങ്ക പങ്കുവച്ചു. ഇന്ത്യയിലെ നാലാമത്തെ പരമോന്നത പുരസ്കാരം സ്വന്തമാക്കിയ ദിവസത്തിലെ ചിത്രങ്ങൾ തന്നെ ഒരുപാട് ഓർമകളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് പ്രിയങ്ക കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
സൈനിക കുടുംബമായ തങ്ങൾക്ക് ആ ബഹുമതി അത്രത്തോളം വിലപ്പെട്ടതായിരുന്നുവെന്ന് പ്രിയങ്ക പറയുന്നു. അന്നേ ദിവസം താൻ മിസ് ചെയ്ത ഒരേയൊരാൾ അച്ഛൻ ആയിരുന്നെന്നും പ്രിയങ്ക കുറിക്കുന്നു.
തന്നെ സംബന്ധിച്ചുള്ള വ്യക്തിപരമായ ഒരു നേട്ടമായിരുന്നു അത്, മാത്രവുമല്ല ആ നേട്ടം തന്റെ കുടുംബത്തിന് നൽകിയ അഭിമാനവും സന്തോഷവുമാണ് ഏറെ സ്പെഷലാക്കിയത്. സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുവരുന്ന തനിക്കും കുടുംബത്തിനും ആ ആദരവ് എത്രത്തോളം വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. മുത്തശ്ശിയും മൂത്ത അമ്മാവനും അമ്മയും സഹോദരനും അമ്മായിമാരുമൊക്കെ ചടങ്ങിൽ ആവേശഭരിതരായി എത്തിയിരുന്നു. അന്ന് തനിക്ക് മിസ് ചെയ്ത ഒരേയൊരു കാര്യം അച്ഛനായിരുന്നു. അച്ഛന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ തനിക്കൊപ്പം വഹിച്ചിരുന്നു. ഇതുവരെയുള്ള യാത്രയിലും തുടർന്നും അദ്ദേഹം തന്റെ യാത്രയുടെ വലിയ ഭാഗമാണ്- പ്രിയങ്ക കുറിച്ചു.
Content Highlights: Priyanka Chopra recalls the day she received Padma Shri