പ്പോഴെങ്കിലും ലൈംഗിക ചൂഷണം നേരിട്ടിട്ടുണ്ടോ? ചോദ്യം ബോളിവുഡ് സുന്ദരി പ്രിയങ്കയോടായിരുന്നു. വുമണ്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019 ല്‍ പങ്കെടുക്കുമ്പോഴായിരുന്നു പ്രിയങ്കയ്ക്ക് ഇത്തരം ഒരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത്. വിമന്‍ ഇന്‍ ദ് വേള്‍ഡിന്റെ സ്ഥാപകനായ റ്റിന ബ്രൗണുമായി സംസാരിക്കവേയാണ് മീ ടു മുന്നേറ്റത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭര്‍ത്താവ് നിക്ക് ജൊനസുമായുള്ള ബന്ധത്തെക്കുറിച്ചും പ്രിയങ്ക മനസ് തുറന്നത്. മീ ടു മുന്നേറ്റം ഹോളിവുഡിലും ബോളിവുഡിലും വന്‍ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്നും പരസ്പരമുള്ള പിന്തുണ കൊണ്ടാണ് പീഡനങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വന്തം അനുഭവങ്ങള്‍ തുറന്നു പറയാന്‍ മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം തന്നെയാണ് മീ ടു മുന്നേറ്റത്തിന്റെ ശക്തി. 

എല്ലായ്‌പ്പോഴും നമുക്ക് ശബ്ദമുണ്ടായിരുന്നു. അന്നൊന്നും നമ്മളെ ആരും കേട്ടില്ല. പക്ഷേ ഇന്നു നമ്മള്‍ പരസ്പരം പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും നമ്മുടെ വായമുടിക്കെട്ടാനാവില്ല. അതൊരു അവിശ്വസനീയമായ ശക്തി തന്നെയാണ്. ഇപ്പോള്‍ എനിക്ക് ഒരു അനുഭവം പറയാനുണ്ടെങ്കില്‍ അത് തുറന്നു പറയുന്നതില്‍ എനിക്ക് ഒരു നാണക്കേടും ഇല്ല- പ്രിയങ്ക പറഞ്ഞു. എപ്പോഴെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലെങ്കിലും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത ഒരാള്‍ പോലും ഇവിടെയില്ലെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു ഉയര്‍ത്തിപ്പിടിച്ച കരങ്ങളോടെ പ്രിയങ്ക പറഞ്ഞത്. കരിയറും ജീവിതവും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ ഭര്‍ത്താവ് നിക്ക് സഹായിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക വാചാലയായി. ഞാന്‍ ഒരു വന്യസ്വഭാവമുള്ള കുട്ടിയാണ്. എനിക്കിഷ്ടമുള്ളതെല്ലാം എവിടെവച്ചും ചെയ്യാന്‍ മടിയില്ലാത്ത കുട്ടി. നിക്ക് എപ്പോഴും പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നയാളാണ്. 

ഞങ്ങള്‍ ഡേറ്റിങ്ങിലായിരുന്ന സമയത്ത് ഞാനും നിക്കും സുഹൃത്തുക്കളും ഒരുമിച്ച് പുറത്തുപോയി. ഈ സമയം എനിക്ക് ഒരു മീറ്റിങ് ഉണ്ടായിരുന്നു. ആ മീറ്റിങ് ക്യാന്‍സല്‍ ചെയ്യാനായി ഞാന്‍ സുഹൃത്തുക്കളോട് പോംവഴി തേടി. മീറ്റിങ് റദ്ദാക്കാനാണ് എന്റെ തീരുമാനം എന്ന് സൂചനകിട്ടിയ നിക്ക് അപ്പോള്‍ തന്നെ വിളിച്ചു കൊണ്ട് പുറത്തുപോയി. നോക്കു ഞാന്‍ ഒരു വിഡ്ഢിയൊന്നുമല്ല, നീ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ആ വര്‍ക്ക് ക്യാന്‍സല്‍ ചെയ്യാന്‍ ഞാന്‍ ഒരിക്കലും നിന്നോട് പറയില്ല. കാരണം എനിക്കറിയം എത്രത്തോളം കഷ്ടപ്പെട്ടാണ്‌ നീ ഇന്നു കാണുന്ന നീ ആയതെന്ന്.  ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ ഇങ്ങനെ പറഞ്ഞതെന്നും താന്‍ ചെയ്യുന്ന ജോലിക്ക് ഇത്ര മതിപ്പ് നല്‍കിയത് എന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ് അതെന്നും പ്രിയങ്ക പറഞ്ഞു.

Content Highlights: Priyanka Chopra opens up about #MeToo, marriage and rise in Hollywood