സ്വന്തം മേഖലയിൽ എത്ര വൈദ​ഗ്ധ്യം പ്രകടിപ്പിച്ചാലും ഭർത്താവിന്റെയോ അച്ഛന്റെയോ പേരുകളുടെ വിലാസത്തോടെ സ്ത്രീകളെ വിശേഷിപ്പിക്കുന്നവരുണ്ട്. അത്തരക്കാർക്ക് തക്കമറുപടി നൽകുന്ന പോസ്റ്റാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. അഭിനേതാവ്, നിർമാതാവ്, ​ഗായിക, സംരംഭക തുടങ്ങിയ മേഖലകളിൽ ആ​ഗോളതലത്തിൽ പ്രശസ്തയായ താരമായിട്ടു പോലും തന്നെ നിക് ജോനാസിന്റെ ഭാര്യ എന്ന് വിശേഷിപ്പിച്ചതിന് എതിരെയാണ് പ്രിയങ്കയുടെ പോസ്റ്റ്. 

നിക് ജോനാസിന്റെ ഭാര്യ എന്ന് വിശേഷിപ്പിച്ച മാധ്യമത്തിനെതിരെയാണ് പ്രിയങ്കയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി. വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് ശക്തമായ വരികളാണ് പ്രിയങ്ക കുറിച്ചത്. എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസിയായി പ്രൊമോട്ട് ചെയ്യുമ്പോഴും ഇപ്പോഴും ഒരാളുടെ ഭാര്യ എന്ന പേരിൽ പരാമർശിക്കുന്നത് വളരെ രസകരമായി തോന്നുന്നു- എന്നാണ് പ്രിയങ്ക കുറിച്ചത്.

എങ്ങനെയാണ് ഇപ്പോഴും ഇതൊരു സ്ത്രീക്ക് സംഭവിക്കുന്നത് എന്ന് ദയവായി വിശദാമാക്കൂ.. എന്റെ ബയോയിൽ ഐഎംഡിബിയുടെ(സിനിമ, ടെലിവിഷൻ സീരീസ്, വീഡിയോ ​ഗെയിം തുടങ്ങിയവയുടെ ഡേറ്റ നൽകുന്നയിടം) ലിങ്ക് വെക്കണോ എന്നും പ്രിയങ്ക ചോദിക്കുന്നു.

priyanka

സൗന്ദര്യമത്സരവേദിയിൽ തുടങ്ങി ബോളിവുഡും ഹോളിവുഡും കീഴടക്കുകയും സാമൂഹിക വേദികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടുകയും ചെയ്യാറുള്ള പ്രിയങ്കയെ നിക്ക് ജോനാസിന്റെ ഭാര്യ എന്നു വിശേഷിപ്പച്ചതിനെ വിമർശിക്കുന്നവരും ഏറെയാണ്. 

അടുത്തിടെ നെറ്റ്ഫ്ളിക്സിന്റെ ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയിൽ പ്രിയങ്ക നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോനാസ് സഹോദരന്മാരാണോ താനാണോ കൂടുതൽ പ്രശ്സതി ആർജിച്ചതെന്ന് രസകരമായി പങ്കുവെക്കുകയായിരുന്നു പ്രിയങ്ക. ജോനാസ് സഹോദരന്മാർ എല്ലായ്പ്പോഴും ഇൻസ്റ്റ​ഗ്രാമിലും ഫോണിലുമാണ്. അത് ക്യൂട്ടാണ്, അതിനൊരു കാരണവുമുണ്ട്. അവർക്കെല്ലാവർക്കും എന്നേക്കാൾ കുറവ് ഫോളോവേഴ്സേ ഉള്ളു. അതുകൊണ്ട് ഏറ്റവും പ്രശസ്തയായ ജോനാസ് ഞാനാണ്- എന്നാണ് പ്രിയങ്ക പറഞ്ഞത്. 

മുൻ മിസ് വേൾഡായിരുന്ന പ്രിയങ്ക ചോപ്രയാണ് അമേരിക്കൻ ടെലിവിഷൻ ഷോ ആയ ക്വാണ്ടിക്കോയിൽ മുൻ‌നിര വേഷം അവതരിപ്പിച്ച ആദ്യത്തെ സൗത്ത് ഏഷ്യൻ വനിത. നിരവധി ഹോളിവുഡ് ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള പ്രിയങ്ക അടുത്തിടെ സിറ്റാഡെൽ എന്ന സീരീസിലും പ്രധാനവേഷം ചെയ്തിരുന്നു. യൂണിസെഫിന്റെ ​ഗുഡ്വിൽ അംബാസഡറുമായ പ്രിയങ്ക ന്യൂയോർക്കിൽ സോനാ എന്ന പേരിൽ ഇന്ത്യൻ റെസ്റ്ററന്റും ആരംഭിച്ചിരുന്നു.

Content Highlights: priyanka chopra on news report which called her wife of nick jonas