തലശ്ശേരിയുടെ ദുരന്തനായിക പ്രിയദർശിനി ടീച്ചർ തിരശ്ശീലയിലെത്തുകയാണ്‌. കൊച്ചിയിൽനിന്നുള്ള നവാഗത സംവിധായകൻ ഗഫൂർ ഇല്യാസ്‌ (പരീത്‌ പണ്ടാരി ഫെയിം), പ്രിയദർശിനി എന്ന അപൂർണ നിഗൂഢതയ്ക്ക്‌ ചലച്ചിത്രഭാഷ്യമൊരുക്കുന്നു!

ടീച്ചറുടെ ഭ്രാന്തിന്റെ സുവിശേഷം തലശ്ശേരി ലവേഴ്‌സ്‌ എന്ന ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പാണ്‌ ആദ്യമായി ലോകത്തെ അറിയിച്ചത്‌-അതും സഞ്ചാരിയും ബ്ലോഗെഴുത്തുകാരനുമായ പർവേസ്‌ ഇലാഹി എടുത്ത ഒരു ‘പിക്സലന്റ്‌’ ഫോട്ടോയുടെ അകമ്പടിയോടുകൂടി. അങ്ങനെ, ഏതാനും ചിലരുടെ അന്വേഷണത്തിലൂടെ, ‘വെറുമൊരു ഭ്രാന്തി’യായ ഒരു നാടോടി സ്ത്രീ ‘പ്രണയനഷ്ടം വന്ന ദുരന്തനായിക’യായി ഉയിർത്തെഴുന്നേറ്റു.

ടീച്ചർ തലശ്ശേരിയുടെ തെരുവുകൾക്കോ റെയിൽവേസ്റ്റേഷൻ പരിസരവുമായി ബന്ധമുള്ളവർക്കോ അപരിചിതയല്ല. കാരണം, സ്റ്റേഡിയത്തിനടുത്തുള്ള ‘ഉപ്പിലിട്ട പീടിക’യുടെ, പരിസരത്ത്‌ വെച്ച്‌ കാലത്ത്‌ അണിഞ്ഞൊരുങ്ങുന്ന മനോരോഗിണിയെപ്പറ്റി ആദ്യം കേട്ടത്‌ ഒരു പതിറ്റാണ്ട്‌ മുമ്പാണ്‌. ബ്രണ്ണൻകോളേജിലെ ക്ളാസ്‌മുറിയിൽ ഷേക്‌സ്പിയറിന്റെ ക്ളിയോപാട്രയെ വർണിച്ച വേളയിൽ ഒരു വിദ്യാർഥിനി അടക്കംപറഞ്ഞു: ‘‘ഓറ്‌ ഞമ്മളെ സ്റ്റേഷനിലെ പ്രാന്തിത്തള്ളേനെപ്പോലെയായിരിക്കും.’’

സ്റ്റേഷനിലെ ‘പ്രാന്തിത്തള്ള’യ്ക്ക്‌ ക്ളിയോപാട്രയുടെ വേഷവിധാനങ്ങളുണ്ടായിരുന്നത്‌ യാദൃച്ഛികമല്ലായിരുന്നു. സ്റ്റേഷനിൽ വരുന്നവരെ നോക്കി അവരൊരിക്കലും പിറുപിറുക്കുന്നത്‌ കണ്ടിട്ടില്ല. പക്ഷേ, കളിയാക്കിയവരെ നോക്കി അവരെന്നും എന്തൊക്കെയോ പുലഭ്യം പറയുന്നത്‌ ശ്രദ്ധിച്ചിരുന്നു. വേഷഭൂഷാദികളിലുള്ള വൈചിത്ര്യവും കൈയിൽ തൂങ്ങിക്കിടക്കുന്ന ഹാൻഡ്‌ബാഗും പിന്നെയൊരു കന്നാസും: അതൊക്കെയും ഈ സ്ത്രീയെ മറ്റ്‌ നാടോടികളിൽനിന്നും വ്യത്യസ്തയാക്കി.

തലശ്ശേരിയിലെ ഏതോ ഒരു സ്കൂളിലെ അധ്യാപികയായ പ്രിയദർശിനിയാണ്‌ ‘പ്രാന്തി’യും  ‘ക്ളിയോപാട്ര’യുമൊക്കെയായി ഭാവപ്പകർച്ച നേടിയതെന്ന്‌, ബ്രണ്ണൻകോളേജിന്റെ രണ്ടാം പ്രവേശനകവാടത്തിന്‌ എതിരായി ചായക്കട നടത്തിയിരുന്ന ശ്രീധരേട്ടൻ പറഞ്ഞുതന്നു. ധർമടത്തുള്ള ചില പ്രായംചെന്നവർക്ക്‌ അവരെക്കുറിച്ച്‌ കൂടുതലറിയാമായിരിക്കും എന്നു പറഞ്ഞ്‌ സമോവറിൽ ചായ കൂട്ടിയിരുന്ന അദ്ദേഹം, അതിനെക്കുറിച്ച്‌ കൂടുതൽ പറയാൻ, ഇന്ന്‌ ജീവിച്ചിരിപ്പില്ല.

സ്കൂളിലെ അധ്യാപനത്തിനിടയിൽ കാല്പനികതയുടെ മാസ്മരികതയിലേക്ക്‌ വഴുതിവീണ ടീച്ചർ, മംഗലാപുരം- ചെന്നൈ റൂട്ടിലോടിയിരുന്ന മദ്രാസ്‌ മെയിലിലെ ലോക്കോ പൈലറ്റിൽ ഒരാളുമായി പ്രണയത്തിലായി എന്നും അവർ തലശ്ശേരി റെയിൽവേസ്റ്റേഷനിൽ വെച്ച്‌ പ്രണയസാഫല്യം നേടി എന്നും അതിനിടയിലെപ്പോഴോ ഒരപകടത്തെത്തുടർന്ന്‌ അദ്ദേഹം മരണപ്പെട്ടു എന്നും ആ വിവരമറിഞ്ഞ ഷോക്കിൽ ഭ്രാന്തിയായി എന്നുമൊക്കെയാണ്‌ തലശ്ശേരിയിലും മാഹിയിലുമൊക്കെ ടീച്ചറെക്കുറിച്ചുള്ള വായ്‌ത്താരികൾ.

‘പ്രണയം മരണത്തെയും വെല്ലും’ എന്ന, ഗ്രീക്ക്‌ നോവലിസ്റ്റ്‌ കസാൻദ്‌ സാക്കിസിന്റെ വചനമാണ്‌ പ്രിയദർശിനി ടീച്ചറുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ നാം ആദ്യം ഓർമിച്ചെടുക്കുക. എന്നും കാലത്ത്‌ അണിഞ്ഞൊരുങ്ങി റെയിൽവേസ്റ്റേഷനിലെത്തുന്ന ടീച്ചർ കാത്തിരിക്കുന്നത്‌ നഷ്ടപ്പെട്ടുപോയ തന്റെ കാമുകനെ മാത്രമാണ്‌. ചൂളംവിളിച്ച്‌ പ്ളാറ്റ്‌ഫോമിലേക്ക്‌ കിതച്ചെത്തുന്ന ഏതോ ഒരു വണ്ടിയുടെ എൻജിനിൽ അവരുടെ സ്വന്തം ലോക്കോ പൈലറ്റ്‌ ഉണ്ട്‌! 

ഫെയ്‌സ്‌ബുക്കിന്‌ നന്ദി! തലശ്ശേരിക്കാർക്ക്‌ സുപരിചിതമായ ഈ മുഖത്തിന്‌ ഇപ്പോൾ അസൂയയൂറുന്ന കാഴ്ചക്കാരുണ്ട്‌. തന്റെ പെണ്ണ്‌, തന്നെ ഇങ്ങനെ സ്നേഹിച്ച്‌ കാത്തിരിക്കുമോ എന്ന്‌ ചോദിക്കുന്ന കാമുകൻമാരുണ്ട്‌ ഇവിടെ. ഭാവനയുടെ പുതുഭാഷ്യത്തിലൂടെ പ്രിയദർശിനി ടീച്ചർ എന്ന ഈ പ്രണയിനിയുടെ കഥ സിനിമയിൽ എത്തുന്നത്‌ ഒരുപക്ഷേ, ഈ പാവം അറിയുകയില്ലായിരിക്കും.

drbefthikar@gmail.com