പതിവുപോലെ ഓഫീസിലെത്തുമ്പോള്‍ നിങ്ങളിരുന്നിരുന്ന സീറ്റ് ശൂന്യം. നിങ്ങളുപയോഗിച്ചിരുന്ന കമ്പ്യൂട്ടറും ഫയലുകളുള്‍പ്പടെയുള്ള എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?  ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന നായിക ശ്വേതയിലൂടെയാണ് യുവര്‍ സെക്കന്‍ഡ് ഹോം എന്ന പരസ്യചിത്രവും ആരംഭിക്കുന്നത്. 

ഓഫീസില്‍ വരുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് മേലുദ്യോഗസ്ഥര്‍ സംസാരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇനിമുതല്‍ ഓരോ ദീര്‍ഘമേറിയ മീറ്റുകള്‍ക്കിടയിലും വെള്ളവും ഭക്ഷണവും ഇടയ്ക്കിടക്ക് എത്തിക്കണമെന്ന് പീയൂണിനോട് ഓഫീസര്‍ പറയുന്നത് കാണാം. തുടര്‍ ദൃശ്യങ്ങളില്‍  ശ്വേതയുടെ ഇരിപ്പിടത്തില്‍ നിന്നും പീയൂണ്‍ എല്ലാംമാറ്റുന്നത് കാണാന്‍ സാധിക്കും.

പിറ്റേന്ന് ജോലിക്കായെത്തിയ ശ്വേത തന്റെ ഇരിപ്പിടം ശൂന്യമായിരിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. ഒരു ഗര്‍ഭിണിയായ തന്നോട് ഇങ്ങനെയെല്ലാം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചുകൊണ്ട് എച്ച് ആറിനെ കാണാന്‍ പോകുന്ന ശ്വേത ഇടയ്ക്ക് വച്ചെ തന്റെ പേരെഴുതിയ പുതിയ കാബിന്‍ കാണുന്നു. അതിനുള്ളിലേക്ക് കയറിയ ശ്വേത തന്റെ കമ്പ്യൂട്ടറടക്കമുള്ള വസ്തുക്കള്‍ പുതിയ കാബിനില്‍ സജീകരിച്ചിരിക്കുന്നത് കാണുകയാണ്. 

ഒരു അമ്മയാകാന്‍ പോകുന്ന ശ്വേതക്ക് അവളുടെ സൗകര്യാര്‍ത്ഥം 'സെക്കന്‍ഡ് ഹോ'മായ കമ്പനി നല്‍കിയ ചെറിയൊരു സമ്മാനം. പുതിയ ഇരിപ്പിടത്തില്‍ സംതൃപ്തയാണോ എന്ന് ചോദിക്കാനെത്തുന്ന ബോസ് അമ്മയാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ബുദ്ധിമുട്ട് കുറക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പറയുന്നുണ്ട്.

മാതൃദിനത്തിന് മുന്നോടിയായി വന്നിട്ടുള്ള ഈ പരസ്യം നിര്‍മിച്ചിരിക്കുന്നത് ഒരു പ്രെഗ്നന്‍സി കിറ്റ് ബ്രാന്‍ഡാണ്. മെയ് ഒന്നിന് അപ് ലോഡ് ചെയ്ത വീഡിയോ 42ലക്ഷത്തിലധികം തവണയാണ് കണ്ടിരിക്കുന്നത്‌.