പ്രസന്ന കുമാരിയുടെ മുഖത്ത് മിന്നിമറിഞ്ഞ ഭാവങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫെയ്‌സ്ബുക്കിലെ ചര്‍ച്ചാ വിഷയം. കുടുംബശ്രീ ജില്ലാ മിഷന്‍ മലപ്പുറം ഗവ.കോളേജില്‍ സംഘടിപ്പിച്ച ജില്ലാ ബഡ്‌സ് സ്‌പെഷല്‍ സ്‌കൂള്‍ ബി ആര്‍ സി കലോത്സവത്തിലെ മത്സരാര്‍ത്ഥിക്ക് ആംഗ്യത്തിലൂടെ ചുവടുകളും മുദ്രകളും കാണിച്ചുകൊടുക്കുന്ന പ്രസന്ന കുമാരിയുടെ ചിത്രങ്ങള്‍ അത്രത്തോളമാണ് നാം നെഞ്ചേറ്റിയത്. 

പതിനൊന്നുവര്‍ഷമായി മലപ്പുറം മാറഞ്ചേരിയിലെ സ്‌പെക്ട്രം സ്‌പെഷല്‍ സ്‌കൂളിലെ കെയര്‍ ടേക്കറാണ് പ്രസന്ന കുമാരി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രസന്ന അവരുടെ അമ്മ തന്നെയാണ്. ഭക്ഷണം കഴിപ്പിക്കാനും, ടോയ്‌ലറ്റില്‍ കൊണ്ടുപോകാനും അവരെ വൃത്തിയാക്കാനും ഡാന്‍സും പാട്ടും സ്‌പോര്‍ട്‌സും ഫഌവര്‍ മേക്കിങ്ങും പഠിപ്പിക്കാനും പ്രസന്ന തയ്യാറാണ്. 

'ക്ലാസിലിരുന്ന് മല വിസര്‍ജനം നടത്തുന്നവരുണ്ട്, മൂത്രമൊഴിക്കുന്നവരുണ്ട്. മൂക്ക് ഒന്നും തുടക്കാന്‍ പോലും അറിയാത്ത കുട്ടികളുണ്ട്.അവരെ ടോയ്‌ലറ്റില്‍ കൊണ്ടുപോകണം, കഴുകി കൊടുക്കണം. ഭക്ഷണം വാരിക്കൊടുക്കണം. പത്തുകുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ പത്തു സ്വഭാവക്കാരാണ് അവരെ പത്തുതരത്തില്‍ തന്നെ ട്രീറ്റ് ചെയ്യണം. ചിലരോട് ദേഷ്യപ്പെട്ട് പറയേണ്ടി വരും, ചിലരോട് സ്‌നേഹത്തോടെ പറയേണ്ടി വരും ചിലര്‍ പുകഴ്ത്തിപറയുന്നത് ഇഷ്ടമുള്ളവരാകും അവരോട് അങ്ങനെ തന്നെ സംസാരിക്കണം.' 

നാല് വയസ്സുമുതല്‍ നാല്‍പത് വയസ്സുവരെയുള്ള 92 പേരാണ് സ്‌പെക്ട്രത്തിലുള്ളത്. ഇവരില്‍ പതിനെട്ട് വയസ്സുമുതല്‍ പ്രായമുള്ള വലിയ കുട്ടികളെയാണ് പ്രസന്ന കുമാരി നോക്കുന്നത്. ഓര്‍മശക്തി കുറവുള്ള കുട്ടികളെ സ്‌പോര്‍ട്‌സും ആര്‍ട്‌സും എല്ലാം പരിശീലിപ്പിക്കാന്‍ നല്ല ക്ഷമ വേണം. പഠിപ്പിച്ചുകൊടുക്കുന്നത് അവര്‍ മറന്നുപോകാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ സപ്പോര്‍ട്ട് ചെയ്തുകൊടുത്താല്‍ അവര്‍ മുഴുവനും ചെയ്യും. അതുകൊണ്ടാണ് പ്രോഗ്രാം തുടങ്ങുമ്പോള്‍ തന്നെ വേദിക്ക് മുന്നില്‍ പ്രസന്ന ചെന്നിരിക്കുന്നത്. 'ഒന്നുമറന്നാല്‍ സാരമില്ല മക്കളേ ഞാനിവിടെയുണ്ടെന്ന്'കുട്ടികള്‍ക്ക് ഉറപ്പുകൊടുത്തുകൊണ്ട്. 

'എപ്പോഴും ഞാനൊരു വെള്ളത്തൂവാല കൈയില്‍ പിടിക്കും. സ്‌പോര്‍ട്‌സിലാണെങ്കിലും ആര്‍ട്‌സിലാണെങ്കിലും ഞാനീ വെള്‌ലത്തൂവാല കൈയില്‍ പിടിക്കും. കാഴ്ചക്കുറവുള്ള കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് വെള്ള വീശുമ്പോള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടുമല്ലോ. പരിപാടി തുടങ്ങുമ്പോള്‍ എല്ലാവരും ഇരിക്കുകയായിരിക്കുമല്ലോ, അപ്പോള്‍ ഞാന് നിന്നിട്ട് തൂവാല വീശും. അവര്‍ എന്നെ കണ്ടുവെന്ന് ഉറപ്പാകുമ്പോള്‍ ഇരിക്കും. പിന്നെ മുന്നിലിരുന്ന് കാണിച്ചുകൊടുക്കും.'

Prasanna
പ്രസന്ന കുമാരി സ്‌പെക്ട്രം സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം. ചിത്രം : ആയിഷ

ഒരുപാട് സമയമെടുത്ത് പഠിപ്പിച്ചുകൊടുത്തത് കുട്ടികള്‍ സ്‌റേറജില്‍ അവതരിപ്പിച്ച് കഴിയുമ്പോള്‍ മനസ്സില്‍ നിറയുന്ന വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്ന് പ്രസന്ന പറയുന്നു. ' ഞാനങ്ങനെ പാടുന്ന ആളോ ഡാന്‍സ് കളിക്കുന്ന ആളോ അല്ല, പക്ഷേ കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഈ കുട്ടികള്‍ക്ക് വേണ്ടി ഡാന്‍സ് പഠിക്കുന്നുണ്ട്.' 

പഠനകാലത്ത് സ്‌പോര്‍ട്‌സ് താരമായിരുന്നു പ്രസന്ന. എം.ഇ.എസ് കോളേജില്‍ പഠിക്കുന്ന സമയത്ത് വ്യക്തിഗത ചാമ്പ്യനായിരുന്നു അവര്‍. വീട്ടിലെ ചുറ്റുപാടുകള്‍ പ്ലസ്ടു വരെ പഠിക്കാനേ അനുവദിച്ചുള്ളൂ. ഇന്നും ഒരു വീട് എന്നുള്ളത് പ്രസന്നക്കും കുടുംബത്തിനും ഒരു സ്വപ്‌നം തന്നെയായി അവശേഷിക്കുന്നു. ഭര്‍ത്താവ് വിശ്വനാഥന്‍ റേഷന്‍ കടയില്‍ സഹായിയായി ജോലി ചെയ്യുകയാണ്. ആറായിരം രൂപയാണ് പ്രസന്നയുടെ ശമ്പളം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടപ്പാട് പെടുകയാണ് ഈ കുടുംബം. മകന്‍ വിഷ്ണു ഐ.ടി.ഐ കഴിഞ്ഞിട്ട് കേബിള്‍ വര്‍ക്കിന് പോകുവാണ്. മകള്‍ ആര്‍ഷ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

'വേറെ സ്വപ്നങ്ങളൊന്നുമില്ല, ശമ്പളം കുറച്ച് കൂട്ടിക്കിട്ടിയാല്‍ മതിയായിരുന്നു, എങ്കില്‍ പിടിച്ചുനില്‍ക്കാം. ഈ മക്കളെ ഇട്ട് വേറെ ജോലിക്ക് പോകാന്‍ എനിക്ക് താല്പര്യമില്ല. അവര്‍ക്ക് നമ്മുടെ മക്കളേക്കാള്‍ ഒക്കെ സ്‌നേഹാ, നമ്മള്‍ ഒരു കമ്മല്‍ മാറി ഇട്ടാല്‍, മുടി ഒന്ന് പാറിയാല്‍ എന്താ പറ്റിയത് എന്ന് അവര്‍ ചോദിക്കും. എല്ലാവരും എന്നെ അമ്മേ എന്നാ വിളിക്കുന്നത്, എന്നോട് ഭയങ്കര സ്‌നേഹമാണ് അവര്‍ക്ക്...'  കണ്ണിലീറന്‍ നിറച്ച് പ്രസന്നയുടെ വാക്കുകള്‍ മുറിയുന്നു.