കൊച്ചി: ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ബിരുദാനന്തരബിരുദമൊക്കെ ഉണ്ടെങ്കിലും മേരി ജോസ് എന്ന 25-കാരിക്ക് മനസ്സിന് തൃപ്തി കണ്ണമാലിയിലെ മീന്‍കെട്ടില്‍ വള്ളത്തില്‍ കറങ്ങി മീനുകള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴാണ്. യൂറോപ്പിലെ വന്‍കിട കമ്പനികളെ ഉപേക്ഷിച്ചാണ് മേരി വെള്ളപ്പാടത്ത് മീന്‍കൃഷിയിറക്കുന്നത്. ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ മേരിക്ക് അതിന് വ്യക്തമായ കാരണവുമുണ്ട്: ''വിദേശത്ത് പഠിച്ചെന്നുകരുതി അവിടെയോ നാട്ടിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലോ ജോലിചെയ്യണമെന്നില്ല. നാടിന്റെ മണ്ണും മണവും അറിഞ്ഞുള്ള ജോലി പുതുതലമുറയ്ക്കും ചെയ്യാവുന്നതാണ്. ഈ മീന്‍കെട്ടില്‍ അധ്വാനിച്ചാല്‍ നല്ലൊരു വരുമാനം എനിക്കും ഉണ്ടാക്കാന്‍ കഴിയും.''

എറണാകുളം കടവന്ത്ര ആലങ്ങാടന്‍ ജോസിന്റെയും അന്നയുടെയും മകളായ മേരി തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്ലസ്ടു കഴിഞ്ഞ് മുംബൈയിലെ സോഫിയ കോളേജില്‍നിന്നാണ് എക്കണോമിക്‌സില്‍ ബിരുദം നേടിയത്. അതുകഴിഞ്ഞാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് ഉന്നതപഠനത്തിന് പറന്നത്. കമ്പനികളില്‍നിന്ന് ജോലി വാഗ്ദാനം വരുമ്പോഴാണ്, പാട്ടത്തിനെടുത്ത പാടത്ത് മീന്‍വളര്‍ത്തല്‍ തുടങ്ങാമെന്ന് മേരി തീരുമാനിച്ചത്. ആദ്യം വീട്ടുകാര്‍ അമ്പരന്നെങ്കിലും പിന്നെ സമ്മതംമൂളി.

കണ്ണമാലിയില്‍ ഒന്നരയേക്കര്‍ സ്ഥലമാണ് മേരി മൂന്നുവര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്നത്. 6000 തിലാപ്പിയ മീന്‍കുഞ്ഞുങ്ങളും 150-ലേറെ ഞണ്ടുകളെയുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഞണ്ടുകളെ പ്രത്യേകം പെട്ടിയിലാക്കി വളര്‍ത്തുന്നു. ഇത്തിരി സ്ഥലത്തുമാത്രം കഴിയുന്നതുകൊണ്ട് ഓരോ ഞണ്ടും പരമാവധി വളര്‍ച്ചയിലേക്കെത്തും. മേരിയുടെ മീന്‍വളര്‍ത്തല്‍ താത്പര്യവും ശാസ്ത്രീയരീതികളുംകണ്ട് സി.എം.എഫ്.ആര്‍.ഐ. ശാസ്ത്രജ്ഞയായ ഡോ. ജോസ്ലിന്‍ ജോസിന്റെ സേവനം വിട്ടുകൊടുത്തിട്ടുണ്ട്.

നാട്ടുകാരനായ ആന്റണിയും സഹായത്തിനുണ്ട്. രാവിലെ ഏഴുമണിയോടെ കെട്ടിലെത്തുന്ന മേരി ഉച്ചവരെ അവിടെയുണ്ടാവും. ഉച്ചകഴിഞ്ഞ് പുണെയിലെ ഒരു കമ്പനിക്കായി വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലിയും ചെയ്യുന്നു.

Content Highlights: Postgraduate girl from Manchester named Mary doing fish farming business