ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ കൊണ്ട് കോവിഡിന് ശേഷം മുടി കൊഴിച്ചില്‍ രൂക്ഷമാവാറുണ്ട്. കോവിഡ് മുക്തരായി മാസങ്ങള്‍ക്ക് ശേഷമാണ്  സാധാരണയായി മുടി കൊഴിച്ചില്‍ കൂടുന്നത്. മാനസിക സംഘര്‍ഷമാണ് പ്രധാന കാരണമായി കണക്കാക്കുന്നത് . കോവിഡ് ബാധിച്ചതും അതിന് ശേഷമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകളും പലരേയും മാനസികമായും ബാധിച്ചേക്കാം.

മുടി കൊഴിച്ചില്‍ പരിധിക്ക് അപ്പുറത്തേക്ക് പോവുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടുന്നതാണ് ഉത്തമം. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മികച്ച ടിപ്‌സ് പരിചയപ്പെടാം

വെളിച്ചെണ്ണ

തലയോട്ടിയില്‍ വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുന്നത് തലയ്ക്ക് കുളിര്‍മ്മ കിട്ടാന്‍ സഹായിക്കുന്നു. വെളിച്ചെണ്ണയില്‍ പൊട്ടാസിയം, അയേണ്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ആഴ്ച്ചയില്‍ രണ്ട് ദിവസം ചെറു ചൂടുള്ള വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് കുളിക്കാം

സവാള

സള്‍ഫര്‍ ധാരാളം അടങ്ങിയ സവാള പുതിയ മുടി വളരാന്‍ സഹായിക്കുന്നു. സവാള നീര് 20 മിനിറ്റ് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിക്കാം. വേണമെങ്കില്‍ ഇവയോടൊപ്പം തുളസി നീരും, കറിവേപ്പില നീരും ചേര്‍ത്ത് ഉപയോഗിക്കാം

മുട്ട

അയഡിന്‍, സള്‍ഫര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. മുട്ട ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. മുടി തലയില്‍ തേച്ചു പിടിപ്പിച്ച് കുളിക്കാം. മുടിക്ക് തിളക്കം ലഭിക്കാനും ഇവ നല്ലതാണ്.

നെല്ലിക്ക

നെല്ലിക്കയില്‍ അടങ്ങിയ വൈറ്റമിന്‍ സി, ആന്‍ഡിഓക്‌സിന്റസ് എന്നിവ മുടി കൊഴിച്ചില്‍ തടയുന്നു. നെല്ലിക്ക നീര് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിക്കാം. ഉപ്പ്, തേന്‍, നെല്ലിക്കനീര് എന്നിവ സമം ചേര്‍ത്ത് കുടിക്കുന്നതും മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്.
 

Content Highlights: post covid hair fall remedies