ബസ്തര്‍: ഛത്തീസ്ഗഢിനൊരു സ്ത്രീപക്ഷമുണ്ട്. രാജ്യത്തെ ഏറ്റവും ഭേദപ്പെട്ട ലിംഗാനുപാതമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണിത്. തിരഞ്ഞെടുപ്പുകാലത്താണ് ഇത് ഏറ്റവുമധികം പ്രതിഫലിക്കുക. സംസ്ഥാനത്തെ 1.85 കോടി  വോട്ടര്‍മാരുള്ളതില്‍ 92 ലക്ഷം പേരും സ്ത്രീകളാണ്. സീറോ പോളിങ് ഗ്രാമങ്ങളുണ്ടായിട്ടുപോലും 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയതും സ്ത്രീകള്‍തന്നെ. 77.32 ശതമാനം സ്ത്രീകളാണ് അന്നു വോട്ടു രേഖപ്പെടുത്തിയത്. പുരുഷന്മാരാകട്ടെ 76.93 ശതമാനവും. മാവോവാദിഭീഷണി നേരിടുന്ന ബസ്തര്‍ അടക്കം 18 മണ്ഡലങ്ങളില്‍ 51 ശതമാനം പേരും സ്ത്രീകളാണ്. അതായത് 31,80,014 വോട്ടര്‍മാരില്‍ 16,22,492 പേര്‍.
 
എന്നാല്‍ മാറിമാറി പരീക്ഷണങ്ങള്‍ നടത്തിയിട്ടും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പോലും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തതു തുടരുകയാണ്. എന്നാല്‍ മാതൃകാപരമെന്നോണം ഇതിനു മുന്‍കൈയെടുത്തിരിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷനാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കു മാത്രമായി വിവിധയിടങ്ങളില്‍ അവര്‍ പോളിങ് ബൂത്തുകള്‍ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. 'സംഗ്വാരി' എന്നു പേരിട്ടിരിക്കുന്ന ബൂത്തുകളില്‍ സുരക്ഷാസൈനികരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എന്തിന്, പോളിങ് ഏജന്‌റുമാര്‍ വരെ സ്ത്രീകളാണ്. സ്ത്രീകളെ പോളിങ് ബൂത്തുകളിലേക്കു കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണു കമ്മിഷന്‌റെ ഈ നീക്കം. ഛത്തീസ്ഗഢി ഭാഷയില്‍ സംഗ്വാരി എന്നാല്‍ സുഹൃത്ത് എന്നാണ് അര്‍ഥം. 18 മണ്ഡലങ്ങളിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും സംഗ്വാരികള്‍ സ്ഥാപിച്ചുകഴിഞ്ഞു. പിങ്ക് നിറത്തിലാണ് ഇവ ഓരോന്നും. ഓരോ മണ്ഡലത്തിലും അഞ്ചു സംഗ്വാരികള്‍ വീതമാണുണ്ടാവുക. വോട്ടര്‍മാര്‍ ഏറെക്കുറവുള്ള ചില മണ്ഡലങ്ങളെ മാത്രമാണു സംഗ്വാരിപ്പട്ടികയില്‍നിന്ന്  ഒഴിവാക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് നടക്കുന്ന എട്ടു ജില്ലകളിലായി 11 വീതം സംഗ്വാരികള്‍ സ്ഥാപിക്കുമെന്നായിരുന്നു നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുത്. ഇതില്‍ തിങ്കളാഴ്ച പ്രവര്‍ത്തനസജ്ജമാകുന്നത് എത്രയെന്ന കാര്യം വ്യക്തമല്ല. വെള്ളി, ഞായര്‍ ദിവസങ്ങളിലായി സംഗ്വാരികളില്‍ നിയോഗിക്കപ്പെട്ട' വനിതാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ സൈനികര്‍ക്കും കമ്മിഷന്‍ പ്രത്യേകപരിശീലനം നല്‍കിക്കഴിഞ്ഞു.

20-ന് 72 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും സംഗ്വാരികളുണ്ടാകും. ഇതിനു മുന്നോടിയായി ബുധനാഴ്ച വനിതാ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കും.

എന്നാല്‍ പതിവുപോലെ ഇത്തവണയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പ്രിയം പുരുഷ സ്ഥാനാര്‍ഥികളോടാണ്. സംസ്ഥാനത്തു പ്രധാനപോരാട്ടം നടത്തുന്ന ബി.ജെ.പി.യും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ രണ്ടക്കം തികച്ചതുതന്നെ ഭാഗ്യമെന്നു കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞതവണ 11 വനിതാ സ്ഥാനാര്‍ഥികളെ ഇറക്കിയ ബി.ജെ.പി.ക്ക് ഇത്തവണ നില മെച്ചപ്പെടുത്താനായിട്ടുണ്ടെന്നു പറയാം. 15 ആണ് ഇത്തവണത്തെ എണ്ണം. കോണ്‍ഗ്രസാവട്ടെ, കഴിഞ്ഞതവണ 13 വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചെങ്കില്‍ ഇത്തവണ അതില്‍നിന്ന്  ഒന്നുകുറഞ്ഞു.

കോണ്‍ഗ്രസിന്‌റെ സ്ഥാനാര്‍ഥിപ്രഖ്യാപനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ ഫൂലോദേവി നേതാം വിചാരിച്ചതുപോലെ തന്നെയാണു സംഭവിച്ചത്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് ആവശ്യത്തിനു പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അവര്‍ നേരത്തേതന്നെ പരാതിപ്പെട്ടിരുന്നു. ഗ്ലാമര്‍ പോരാട്ടം നടക്കുന്ന രാജ്‌നന്ദ്ഗാവില്‍ നാലാംതവണയും മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന രമണ്‍ സിങ്ങിനെതിരേ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകള്‍ കരുണ ശുക്ലയെ നിര്‍ത്തുകവഴി കോണ്‍ഗ്രസ് താത്കാലികമായി ഈ ആക്ഷേപത്തില്‍നിന്നു തലയൂരിയിട്ടുണ്ട്.