പതിനെട്ട് വര്‍ഷത്തോളം ഞാനൊരു പ്ലേ സ്‌കൂളും ഡേ-കെയറും നടത്തി; കോഴിക്കോട് വടകരയില്‍. ഈ പതിനെട്ട് വര്‍ഷവും ഒരുപാട് കുഞ്ഞുമുഖങ്ങള്‍ പലവിധ വര്‍ണങ്ങളും രൂപങ്ങളും വൈചിത്ര്യങ്ങളുമായി എനിക്ക് മുന്നിലൂടെ കടന്നുപോയി. കരഞ്ഞും ചിരിച്ചും ചിരിപ്പിച്ചും കടന്നുപോയ കുറെ മനോഹരജന്മങ്ങള്‍!
നീണ്ട കുറെ വര്‍ഷങ്ങള്‍ നിരന്തരം കുഞ്ഞുങ്ങളുമായി ഇടപഴകിയ ഒരാളെന്ന നിലയില്‍, അനുമാനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കിയ ആദ്യത്തെകാര്യം എന്നതാണ്. അവരെ പരിപാലിക്കുന്ന കാര്യത്തില്‍ ഒരു ചെറിയ അശ്രദ്ധപോലും പാടില്ല. അത് വലിയ പിഴവുകളെ ക്ഷണിച്ചുവരുത്തലായിരിക്കും.കേരളത്തിലെ, ന്യൂക്ലിയര്‍ ഫാമിലിയില്‍, ജോലിയുള്ള അച്ഛനമ്മമാര്‍ക്ക് വളരെ നേരത്തേതന്നെ കുട്ടികളെ പ്ലേ സ്‌കൂളിലേക്കോ ഡേ കെയറിലേക്കോ അയയ്‌ക്കേണ്ടിവരും. അത് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു മാറ്റമാണ്. അതില്‍ രക്ഷിതാക്കള്‍ പരിതപിക്കേണ്ട ഒരു കാര്യവുമില്ല. ജീവിതസാഹചര്യങ്ങളുമായി ഒത്തുപോവാന്‍ നേരത്തേതന്നെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇത് ചെയ്യുന്നത്.
ക്രെഷിലും ഡേ കെയറിലും വെച്ച് കുട്ടികള്‍ക്ക് ഉറങ്ങാനുള്ള മരുന്ന് കൊടുക്കുന്നു, ദീര്‍ഘനേരം അവരെ ഉറക്കിക്കിടത്തുന്നു എന്നൊക്കെ കേള്‍ക്കാം. ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും അതൊന്നും നടക്കില്ല. പ്രായോഗികമായ കാര്യങ്ങളല്ല അതൊന്നും. ഒരുവിധം ആളുകള്‍ ചെയ്യുകയും ഇല്ല. അങ്ങനെ ഒരു കൃത്യസമയം വെച്ച് ഉറങ്ങാനും ഉണര്‍ത്താനും കഴിയുന്ന എന്ത് മരുന്ന് ഉണ്ട്? അല്ലെങ്കില്‍ എന്തിനുവേണ്ടി? ഒരു പനിയുടെയോ ചുമയുടെയോ മരുന്നുതന്നെ ഉറങ്ങുന്നതിന് മുന്‍പ് കൊടുത്താല്‍ ആ ദിവസം കുഞ്ഞ് സാധാരണയില്‍ കൂടുതലും ഉറങ്ങും. അതുപോലും ഒരു പിഞ്ചുകുഞ്ഞിന് താങ്ങാനാവില്ല. കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തി ബുദ്ധിയുള്ള ആരെങ്കിലും ചെയ്യുമോ? അതുകൊണ്ട് ആ കാര്യത്തില്‍ രക്ഷിതാക്കള്‍ ഭയപ്പെടേണ്ട.
സാധാരണ ഗതിയില്‍ ഒരു കുട്ടി പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഒന്നരയാഴ്ച എടുക്കും. ആദ്യത്തെ രണ്ടുദിവസം രക്ഷിതാക്കളുമൊത്ത് ഡേ കെയറില്‍ ചെലവഴിക്കയും മൂന്നാമത്തെ ദിവസം അവിടെ തനിയെ കുറച്ചുസമയംവെച്ച് കുട്ടിയുടെ ഭാവവ്യത്യാസം മനസ്സിലാക്കുകയും വേണം. ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍ പിന്നെ ഉച്ചവരെ. ഇങ്ങനെ പുതിയ അന്തരീക്ഷവും ആള്‍ക്കാരുമായി ഇടപഴകിയശേഷംവേണം മുഴുവന്‍ദിവസവും തനിച്ചുവിടാന്‍. ഇതിനിടയില്‍ ഒരു ലീവ് വന്നാല്‍ അടുത്തദിവസം കുട്ടി ഭയങ്കര കരച്ചിലാവും. അതൊരു പ്രതിഷേധംതന്നെയാണ്. അത് കഴിഞ്ഞാല്‍പ്പിന്നെ പ്രശ്‌നമില്ല. അവനായാലും അവളായാലും മെല്ലെ, അന്തരീക്ഷവുമായി ചേര്‍ന്നു പോകും. എന്തായാലും, ഓഫീസില്‍ എത്ര തിരക്കാണെങ്കിലും കുട്ടിയെ ഡേ കെയറില്‍ അയയ്ക്കുന്നതിന് മുന്‍പ് രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി കുറച്ചുദിവസം മാറ്റിവെച്ചേ മതിയാവൂ.
ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് 'ലിക്വിഡ്' ഭക്ഷണങ്ങള്‍ കൊടുത്തുവിടുന്നതാണ് നല്ലത്. ആദ്യത്തെ ദിവസങ്ങളില്‍ ഇവര്‍ എന്തായാലും കരയും. (ചിരിച്ചുവരുന്ന കുഞ്ഞുങ്ങളും ഇല്ലാതില്ല). അപരിചിതമായ ചുറ്റുപാട്, പരിചയമില്ലാത്ത ആളുകള്‍. കുട്ടിയുടെ ശ്രദ്ധ മാറ്റിമാറ്റിയെടുത്തുവേണം കരച്ചില്‍ മാറ്റാന്‍. ശാഠ്യത്തിനിടയില്‍ രണ്ട്, മൂന്ന് സ്പൂണ്‍ ഭക്ഷണം കഴിപ്പിക്കണമെങ്കില്‍ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്ലത്. അവരുടെ ക്ഷീണവും മാറും.
ഒരു വയസ്സുമുതല്‍ രണ്ടരവയസ്സുവരെയുള്ള കുഞ്ഞുങ്ങളെയാണ് സാധാരണഗതിയില്‍ ഡേ കെയറില്‍ ആക്കുന്നത്. രണ്ടരവയസ്സുമുതല്‍ പ്ലേക്ലാസിലേക്ക് മാറ്റും. അവിടെ മോട്ടോര്‍ സ്‌കില്‍ നേടിയെടുക്കാനും പേശീവികാസത്തിനുമുള്ള റോപ്പ് ലേഡേര്‍സും, സാമൂഹിക വികാസത്തിനും വേഗത്തെക്കുറിച്ച് മനസ്സിലാക്കാനും ഉതകുന്ന കളിക്കോപ്പുകളും മറ്റും ഉണ്ടാവും. അവര്‍ക്ക് പ്രത്യേകം കസേരകളും മേശയും കാണും. എന്നാല്‍ രണ്ടരവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ മിക്കവരും ഒരു വലിയ റൂമില്‍ ഒന്നിച്ചായിരിക്കും കളിക്കുന്നത്.
നമ്മള്‍ വലിയവരുടെ കണ്ണില്‍ പെടാത്ത പലതും ഇവരുടെ കണ്ണില്‍ പെടും. മൂക്ക്, വായ, ചെവി എന്ന് പറയുമ്പോലെ എന്തെങ്കിലുമെടുത്ത് വായിലൊക്കെ ഇടാന്‍ സാധ്യതയേറും. അതുകൊണ്ട് ഡേ കെയറില്‍ അയയ്ക്കുമ്പോള്‍ മുത്തുമാല, സ്വീക്വന്‍സ് പിടിപ്പിച്ച ഉടുപ്പുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, സേഫ്റ്റി പിന്നുകള്‍ കുപ്പിവളകള്‍ ഇവയൊന്നും കുട്ടികളെ ധരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതേപോലെ പാന്റ്, ബെല്‍റ്റ്, ഷൂസ് ഇവയും ഒഴിവാക്കാം. ടോയ്ലറ്റില്‍ കൊണ്ടുപോവുമ്പോള്‍ ഇതൊക്കെ ബുദ്ധിമുട്ടാവും.
കഴിയുന്നതും ഡേ കെയറില്‍ അയയ്ക്കുമ്പോള്‍ ബനിയന്‍ തുണിയിലുള്ള കുപ്പായങ്ങളാണ് നല്ലത്. അതേപോലെ പാദരക്ഷകളും. വേഗം ഇടാന്‍ പറ്റുന്നവയാണെങ്കില്‍ പുറത്ത് കാഴ്ചകള്‍ കാണിക്കാന്‍ കൊണ്ടുപോവാനും, കൈപിടിച്ച് കൂടെ നടത്താനുമൊക്കെ എളുപ്പം. സ്വര്‍ണാഭരണങ്ങളും ഒഴിവാക്കാം. സുരക്ഷാപ്രശ്‌നം മാത്രമല്ല, നഷ്ട സാധ്യതയുമുണ്ട്. വിഭിന്നശേഷിയുള്ള കുഞ്ഞുങ്ങളെ പ്ലേ സ്‌കൂളില്‍ അയയ്ക്കാന്‍ ചില ഡോക്ടര്‍മാര്‍ രക്ഷിതാക്കളോട് പറയാറുണ്ട്. അത് കുറച്ച് ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. ചില കുട്ടികള്‍ എനിക്കൊന്നും വയ്യാ എന്ന മട്ടുകാരാണ്. അസുഖകരമായ ചുറ്റുപാടില്‍നിന്ന് മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. മറ്റ് ചില വിരുതന്മാരുണ്ട്, കരഞ്ഞ്, കരഞ്ഞ് നിലത്തുവീണ് ഉരുണ്ട് കരയുന്നവര്‍. കരച്ചില്‍ നിര്‍ത്താന്‍ നല്ല പാടാണ്. പക്ഷേ, കരച്ചില്‍ നിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം നിറഞ്ഞ കുഞ്ഞുങ്ങളായിരിക്കും ഇവര്‍.
ചില അമ്മമാരെ കുഞ്ഞുങ്ങള്‍ ബുദ്ധിമുട്ടിക്കുന്നത് കാണുമ്പോള്‍ വല്ലാതാവും. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന 280 ദിവസങ്ങളെയാണ് പ്രാഗ് ജന്‍മഘട്ടം എന്ന് പറയുന്നത്. ഒരു ജീവിതത്തിന് ആവശ്യമായ മാനസിക, ശാരീരിക വികാസങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറ പാകുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തിലെ ചെറിയ പാകപ്പിഴപോലും മാറ്റിയെടുക്കാനാവില്ല എന്നാണ് ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും സുരക്ഷിതമെന്ന് പറയുന്ന ആ ഘട്ടത്തില്‍ നിങ്ങള്‍ 'കംഫര്‍ട്ട്' ആയിരുന്നില്ലേ എന്ന് ചോദിച്ചാല്‍ അല്ലെന്നായിരിക്കും ആ അമ്മയുടെ ഉത്തരം. അവരുടെ ആ മാനസിക നില കുഞ്ഞിനെയും ബാധിച്ചു എന്നേ പറയാനാവൂ.
ചില കുഞ്ഞുങ്ങളുണ്ട്. വളരെ ചെറുപ്പത്തിലേ ചിട്ടയായ ശീലം സ്വായത്തമാക്കിയവര്‍. ആവശ്യത്തിനുള്ള ഭക്ഷണം കൃത്യമായ അളവില്‍, കൃത്യമായ നേരത്ത് വളരെ വൃത്തിയില്‍ കഴിക്കും. ഭക്ഷണം കഴിച്ച്, മുഖം കഴുകി, ടൗവ്വലെടുത്ത് മുഖം തുടച്ച്, കൃത്യസമയത്ത് ഉറങ്ങി, മൂന്നുമണിനേരത്ത് എഴുന്നേറ്റ് സ്‌നാക്‌സ് കഴിച്ച് പാരന്‍സിനെ കാത്തിരിക്കും. അവര്‍ മറ്റ് കുട്ടികളെ 'ഡിസ്റ്റര്‍ബ്' ചെയ്യില്ല. ആരും ഇവരെ തോണ്ടുന്നതും ഇവര്‍ക്ക് ഇഷ്ടമല്ല.

ചില, കിരുകിരുപ്പുള്ള കുട്ടികളുണ്ട്. എല്ലാവരെയും തോണ്ടിക്കൊണ്ടിരിക്കും. ഇത്തരക്കാരെ അടക്കിയിരുത്താന്‍ പാടാണ്. ഇവര് മറ്റുള്ള കുട്ടികളില്‍നിന്ന് തല്ല് ചോദിച്ചുവാങ്ങും. ഇങ്ങോട്ട് കിട്ടിയാല്‍ ഒരു പരാതിയുമില്ല! മറ്റുള്ള കുട്ടികളോട് ദേഷ്യം വന്നാല്‍ പല്ലും, നഖവുമാണ് കുട്ടികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. നഖങ്ങള്‍ നിത്യവും പരിശോധിക്കേണ്ടിവരും. ചില കുട്ടികളുണ്ട്. മുന്‍വരിയിലെ പല്ലുകളില്‍ ലേശം കേടുവന്നവര്‍. സോഫ്റ്റ് ടോയ്സ് ഒക്കെ കളിക്കാന്‍ കൊടുത്താല്‍ അതില്‍നിന്ന് പഞ്ഞിയൊക്കെ കീറി പുറത്തിടും ആ പല്ലുകള്‍ കൊണ്ട്! അവരുടെ മുന്‍വരിയിലെ ആ പല്ലുകള്‍ കാട്ടിയുള്ള ചിരി ഇപ്പോഴും എന്നെ പ്രചോദിപ്പിക്കുന്നു.
Content Highlights: Play School Teacher Sharing Experience