രൂര്‍ മാര്‍ക്കറ്റിന് എതിര്‍ഭാഗത്തായി ഒരു കുഞ്ഞ് ഹോട്ടലുണ്ട്. ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എത്തുന്നവര്‍ക്ക് ഓടി നടന്ന് ഭക്ഷണം വിളമ്പുന്നത് ഒരു ഇരുപത്തിയെട്ടുകാരിയാണ്, പേര് ആര്‍ദ്ര അപ്പുക്കുട്ടന്‍. പക്ഷേ, ഈ സപ്ലൈയര്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. അച്ഛനും അമ്മയും ചേര്‍ന്ന് നടത്തുന്ന ഹോട്ടലിലെ സപ്ലെയര്‍ മാത്രമല്ല, മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി കൂടിയാണ് ആര്‍ദ്ര. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ആര്‍ദ്ര ഡോ. ആര്‍ദ്രയാകും. ഹോട്ടലിലേയും പിഎച്ച്ഡിയുടേയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആര്‍ദ്ര. 

രാവിലെ എത്തും കടയില്‍

പ്ലസ് ടു കഴിഞ്ഞ സമയത്താണ് അച്ഛന്‍ കട തുടങ്ങുന്നത്. രാവിലെ 6.30-ഓടുകൂടി കടയിലേക്കെത്തും. വെള്ളപ്പം ഉണ്ടാക്കൊനൊക്കെ സഹായിക്കും. പിന്നെ ഇവിടെ വരുന്നവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കും. ഒമ്പത് മണിയൊക്കെ ആകുമ്പോഴേക്കും ഞാന്‍ കോളേജിലേക്കും അനുജന്‍ സ്‌കൂളിലേക്കും പോകും. പിന്നീട് അച്ഛനും അമ്മയും കൂടി തന്നെയാണ് കടയിലെ കാര്യങ്ങളെല്ലാം നോക്കാറുള്ളത്. കടയില്‍ ഉണ്ടാക്കുന്ന ഭക്ഷണം തന്നെയാണ് ഞങ്ങളും കഴിക്കാറുള്ളത്. നല്ല വൃത്തിയുള്ള ഭക്ഷണം തന്നെ കടയില്‍ വരുന്നവര്‍ക്ക് നല്‍കണമെന്ന നിര്‍ബന്ധമുണ്ട് അച്ഛന്. പിന്നീടാണ് സഹായത്തിനായി ജോലിക്കാരെയൊക്കെ നിര്‍ത്തിയത്. ആരൊക്കെ ഉണ്ടായാലും ഞങ്ങളെല്ലാവരും എപ്പോഴും കടയില്‍ കാണും. വീട് പോലെ തന്നെയാണ് ഈ കട എനിക്ക്. 

കച്ചവടം കൂട്ടാനാണ് എന്നെ നിര്‍ത്തിയതെന്ന് പറഞ്ഞു 

പെണ്‍കുട്ടി എന്ന നിലയില്‍ കടയില്‍ നില്‍ക്കുന്നതുകൊണ്ട് പലരും മോശമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു ദിവസം കടയില്‍ വന്നൊരാള്‍ ഞാന്‍ വിളമ്പി കൊണ്ടിരിക്കുമ്പോള്‍ കടയില്‍ ആള് കയറാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളെ വിളമ്പാന്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ വിളമ്പി കൊടുക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്ന രീതിയില്‍ തന്നെ അവര്‍ പറയുകയായിരുന്നു. അത് കേട്ടപ്പോള്‍ തന്നെ എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞു. അകത്ത് ചായ എടുക്കുകയായിരുന്ന അമ്മയോട് ഞാന്‍ ഇത് പറഞ്ഞു. അമ്മ എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഞാന്‍ എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഇത് കേട്ടപ്പോള്‍ ഇത്തിരി വിഷമം തോന്നിയെങ്കിലും ഞാന്‍ അത് മറക്കുകയായിരുന്നു. ഇതുപോലുള്ള കുത്തുവാക്കുകള്‍ ഇപ്പോള്‍ കേട്ടാലും അതൊന്നും ശ്രദ്ധിക്കാറില്ല. 'പെണ്‍കുട്ടി ആയതുകൊണ്ട് വീട്ടില്‍ ഇരിക്കാതെ നിന്നെക്കൊണ്ട് കഴിയുന്നതുപോലെ സഹായിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു' എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. കടയില്‍ നില്‍ക്കുന്നതുകൊണ്ടോ ഭക്ഷണം വിളമ്പി കൊടുക്കുന്നതുകൊണ്ടോ ഇതുവരെ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. 

ആദ്യം ജോലി, പിന്നെ വിവാഹം

വിവാഹത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത് പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ്. ഇതുവരേയും അച്ഛനും അമ്മയും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. വിവാഹമല്ല ആദ്യം വിദ്യാഭ്യാസമാണ് വേണ്ടത് എന്ന നിലപാടുകാരാണ് രണ്ട് പേരും. ആദ്യം പഠിച്ചൊരു ജോലി വാങ്ങണം, സ്വന്തം കാലില്‍ നില്‍ക്കണം എന്നാണ് അവര്‍ എപ്പോഴും പറയാറുള്ളത്. കഴിയുന്ന രീതിയില്‍ വീട്ടുകാരെ സഹായിക്കണമെന്നാണ് എന്റെ അഭിപ്രായം. പല കുടുംബത്തിലും അച്ഛനും അമ്മക്കും മാത്രമായി ആ കുടുംബത്തെ കൊണ്ട് പോകാന്‍ സാധിക്കില്ല, അപ്പോള്‍ നമ്മളാല്‍ കഴിയുന്ന സഹായം അവര്‍ക്ക് ചെയ്ത് കൊടുക്കണം- ആര്‍ദ്ര പറയുന്നു

ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഡോക്ടര്‍

കുസാറ്റ് ക്യാമ്പസില്‍ മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് ആര്‍ദ്ര. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഡോക്ടറേറ്റ് നേടും. 2017-ലാണ് ആര്‍ദ്ര പിഎച്ച്ഡിക്ക് ചേര്‍ന്നത്. 2023-ല്‍ തീസിസ് സമര്‍പ്പിക്കണം. 

Content Highlights: phd student ardra, hotel supplier ardra, inspiring girl story, inspiring women story, women news malayalam