ര്‍ത്തവം സ്ത്രീകള്‍ക്ക്‌ വേദനകളുടെ കാലം കൂടിയാണ്. വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും ഈ വേദന അവരുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാറുണ്ട്. സാധാരണയില്‍ കൂടുതല്‍ ശരീരിക മാനസിക അസ്വസ്ഥതകളാണ് ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ നേരിടുന്നത്.  

അതുകൊണ്ട് തന്നെ ആര്‍ത്തവം സ്ത്രീകളുടെ ദിനചര്യകളെ എല്ലാം മാറ്റി മറിക്കും. എന്നാല്‍ ആര്‍ത്തവകാലവേദന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. ജേര്‍ണല്‍ ഓഫ് വുമണ്‍ ഹെല്‍ത്തില്‍ വന്ന പഠനമാണ് ഇത് വ്യക്തമാക്കുന്നത്. 

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളില്‍ നടത്തിയ പഠനപ്രകാരം ലോകമെമ്പാടുമുള്ള 71 ശതമാനം പെണ്‍കുട്ടികളും ആര്‍ത്തവകാലത്ത് കടുത്തവേദന അഭിമുഖീകരിക്കുന്നവരാണെന്നു പറയുന്നു. 20 ശതമാനം പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവേദന മൂലം ക്ലാസില്‍ വരാന്‍ കഴിയാതെ വരുന്നു. 41 ശതമാനം പെണ്‍കുട്ടികള്‍ക്ക് ഈ സമയം ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. ഈ ബുദ്ധിമുട്ടുകളെല്ലാം സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പഠനം നടത്തുന്ന പെണ്‍കുട്ടികളുടെ പഠനത്തെ പ്രതികുലമായി ബാധിക്കുന്നു. 

കൂടാതെ കുട്ടികളുടെ സാമൂഹിക-കായിക പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നു. എന്നാല്‍  പെണ്‍കുട്ടികള്‍ക്കിടയില്‍ ആര്‍ത്തവത്തെക്കുറിച്ച് കൂടുതല്‍ ബോധവത്ക്കരണം നടത്തിയാല്‍ ആര്‍ത്തവ കാലത്ത് നേരിടുന്ന ശാരീരിക പ്രശ്‌നങ്ങള്‍ക്ക്  സ്വയം പരിചരണം നല്‍കാനും സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്നും പഠനത്തിന് നേതൃത്വം കൊടുത്ത മിക്ക് ആര്‍മോര്‍ വ്യക്തമാക്കി.

Content Highlights: Period cramps affecting women's academic performance