കൊച്ചി : ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകള്‍. പിറന്നാളും വിവാഹ വാര്‍ഷികവും മാത്രമല്ല കൊച്ചു കൊച്ചു സന്തോഷങ്ങള്‍ വരെ ആഘോഷമാണിപ്പോള്‍. കേക്കില്‍ ഒതുങ്ങില്ല ആഘോഷം. കസ്റ്റമൈസ്ഡ് സമ്മാനങ്ങളും ഇന്ന് സന്തോഷനിമിഷങ്ങളുടെ ഭാഗമാണ്. സന്തോഷിപ്പിക്കാനായി, സര്‍പ്രൈസ് ചെയ്യിക്കാനായി കസ്റ്റമൈസ്ഡ് സമ്മാനങ്ങള്‍ തേടുന്നവര്‍ ഏറെയുണ്ട്. ആവശ്യക്കാരുടെ ഇഷ്ടത്തിനും ആശയത്തിനുമനുസരിച്ചുളള സമ്മാനങ്ങളൊരുക്കാന്‍ കഴിവുള്ളവര്‍ക്ക് നല്ലകാലമാണിപ്പോള്‍.

പാള മുതല്‍

കൈയില്‍ കിട്ടുന്ന എന്ത് ഉത്പന്നങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇടപ്പള്ളി സ്വദേശിയായ സിമി സദാനന്ദന്‍. ഓരോ ദിവസവും പുതിയ സമ്മാനങ്ങള്‍ എങ്ങിനെ തയ്യാറാക്കാമെന്നതാണ് സിമിയുടെ ചിന്ത. എട്ട് വര്‍ഷത്തോളം ഡിസൈനറായി ജോലി ചെയ്ത സിമി കോവിഡ് കാലത്ത് പാളയിലാണ് ആദ്യ സമ്മാനങ്ങളുണ്ടാക്കിയത്. ചെറിയ, മിനിയേച്ചര്‍ സമ്മാനങ്ങള്‍ ആണ് കൂടുതലായും ആളുകള്‍ ഇഷ്ടപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ആര്‍ട്ട്‌ലോക്കര്‍ സ്‌പോട്ട് എന്ന പേജ് ആരംഭിച്ചതോടെ കൂടുതല്‍ ശ്രദ്ധ ലഭിച്ചു. പല സ്ഥലങ്ങളില്‍ നിന്നും ഓര്‍ഡര്‍ വരാന്‍ തുടങ്ങി. അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍, ആശയത്തിലാണ് സമ്മാനങ്ങള്‍ തയ്യാറാക്കുക. ചിലര്‍ക്ക് മാഗ്‌നറ്റ്, പോര്‍ട്രേയ്റ്റ്, മിനിയേച്ചര്‍ വസ്തുക്കള്‍ എല്ലാമടങ്ങിയ ഹാംബറുകള്‍ വേണം.

സമ്മാനങ്ങളോടൊപ്പം അതിന്റെ പാക്കിങ്ങും ഏറെ പ്രധാനപ്പെട്ടതാണ്. പ്ലാസ്റ്റിക് ഇല്ലാതെയാണ് ഇവ പാക്ക് ചെയ്ത് അയക്കുക. ഒരു ജോലിയ്ക്കും നല്‍കാന്‍ കഴിയാത്ത സംതൃപ്തിയാണ് സ്വന്തം അധ്വാനത്തിലൂടെ ലഭിക്കുന്നതെന്ന് പറയുന്ന സിമി. 80 രൂപ മുതല്‍ 3500 രൂപ വരെയുള്ള സമ്മാനങ്ങള്‍ തയ്യാറാക്കുന്നുണ്ട്. 15,000 രൂപ ഒരു മാസം സമ്പാദിക്കാന്‍ സാധിക്കും. സമ്മാനങ്ങള്‍ കൈയ്യില്‍ കിട്ടിയതിന് ശേഷമുള്ള സന്ദേശങ്ങളാണ് പൈസ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത്.  സിമി പറയുന്നു

തുന്നലും തിരിച്ചറിവും

പേപ്പര്‍ ക്രാഫ്റ്റിലും എംബ്രോയ്ഡറിയിലുമൊക്കെയാണ് ഫ്രീലാന്‍സ് കണ്ടെന്റ് റൈറ്റര്‍ കൂടിയായ പ്രിയ ശ്രീകുമാറിന്റെ പരീക്ഷണങ്ങള്‍. കോവിഡ് കാലത്താണ് ക്രാഫ്റ്റില്‍ നിന്ന് എംബ്രോയ്ഡറി ഹൂപ്പ്‌സിലേക്ക് ശ്രദ്ധ തിരിച്ചത്. വ്യക്തികള്‍ ആവശ്യപ്പെടുന്ന രീതിയില്‍ സന്ദേശങ്ങളും ചിത്രങ്ങളുമാണ് എംബ്രോയ്ഡറിയിലൂടെ ചെയ്ത് കൊടുക്കുന്നത്. പോര്‍ട്രേയ്റ്റുകളും വരച്ച് നല്‍കും. ഡെക്കറേറ്റിംഗ് വസ്തുക്കളായും, ബുക്ക്മാര്‍ക്കുകളായും സമ്മാനങ്ങളായും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉത്പന്നങ്ങളാണ് പ്രിയ തയ്യാറാക്കുന്നത്. ജോലിയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ മൂന്നിരട്ടി വരുമാനം നേടാന്‍ ഇതിലൂടെ സാധിച്ചുവെന്ന് പ്രിയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം വലുതാണ്. ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഉള്ള സന്തോഷം സമ്മാനം ലഭിക്കുമ്പോഴും അവരില്‍ നില്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ വര്‍ക്കും ചെയ്യുന്നത്. പ്ലാസ്റ്റിക് മുക്തമായാണ് സമ്മാനങ്ങള്‍ എത്തിക്കുക. ഇന്ററാക്ടീവ് എംബ്രോയ്ഡറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമ്മാനിക്കുന്ന വ്യക്തിയ്ക്ക് പാട്ടിലൂടെയോ ശബ്ദത്തിലൂടെയോ സന്ദേശം അറിയിക്കാന്‍ ഇതിലൂടെ സാധിക്കും. 2500 മുതല്‍ 3600 രൂപ വരെയുള്ള ഉത്പന്നങ്ങളാണ് തയ്യാറാക്കാറുള്ളത്. കലൂരിലെ വീട്ടില്‍ ഫ്രീലാന്‍സ് ജോലിയും തന്റെ കലാലോകവും ഒരുമിച്ച് കൊണ്ടുപോകുകയാണ് പ്രിയ.

പ്രകൃതിയോട് ചേര്‍ന്ന് പച്ച

പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് പൂര്‍ണമായും പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞുള്ള ഉത്പന്നങ്ങളുമായാണ് സിമി എലിസബത്ത് എത്തുന്നത്. വോയ്‌സ് ഓഫ് എക്കോ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഹാന്‍ഡ് ക്രാഫ്റ്റഡ് ചോക്‌ളേറ്റ് ഉള്‍പ്പടെയുള്ള സമ്മാനങ്ങളുണ്ട്. ഓരോ പരിപാടിയ്ക്ക് ശേഷവും റിട്ടേണ്‍ ഗിഫ്റ്റായി നല്‍കുന്ന വസ്തുക്കളാണ് സിമി തയ്യാറാക്കുന്നത്. ഗിഫ്റ്റുകള്‍ വയ്ക്കാനുള്ള പൗച്ചുകള്‍, സീഡഡ് വിസിറ്റിംഗ് കാര്‍ഡുകള്‍, കസ്റ്റമൈസ്ഡ് പേപ്പര്‍ പേനകള്‍, താങ്ക്‌സ് കാര്‍ഡുകള്‍ എന്നിവയുമുണ്ട്. ഓരോ ദിവസവും പുതിയ ആശയങ്ങളുമായി എത്താനാണ് ശ്രമിക്കുന്നത്. ഓട്ടോമൊബൈല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്ന സിമി പിന്നീടാണ് സ്വന്തം സംരംഭം തുടങ്ങിയത്. കൂടുതല്‍ സമയം കൊടുത്താല്‍ കൂടുതല്‍ വരുമാനം നേടാന്‍ പറ്റുന്ന, ഏറെ ആസ്വദിച്ച് ചെയ്യാന്‍ സാധിക്കുന്ന സംരംഭമാണിത്. ഇതോടൊപ്പം പേപ്പര്‍ ബാഗ് നിര്‍മാണത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളും എടുക്കുന്നുണ്ട്.

Content Highlights: People who turned their hobbies into careers