സ്ത്രധാരണത്തിന്റെ പേരിൽ കേൾക്കേണ്ടി വരുന്ന വിമർശനങ്ങളെക്കുറിച്ച് നിരവധി സ്ത്രീകൾ തുറന്നുപറയുന്നുണ്ട്. വസ്ത്രത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലുമൊക്കെ അസ്വസ്ഥരാകുന്നവരുണ്ട് . വസ്ത്ര സ്വാതന്ത്ര്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത അത്തരക്കാർ ഇപ്പോഴിതാ നടി കരീന കപൂറിനെയും വെറുതെ വിട്ട മട്ടില്ല. റാംപിൽ ചുവടുവെച്ച കരീന ധരിച്ച വസ്ത്രത്തിന്റെ പേരിൽ ബോഡിഷെയിമിങ്ങിന് ഇരയായിരിക്കുകയാണ്. 

​ലാക്മെ ഫാഷൻ വീക്കിൽ നിന്നുള്ള കരീനയുടെ ചിത്രങ്ങളാണവ. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി അധികമാവും മുമ്പേ കരീന തന്റെ കരിയറിലേക്ക് തിരിച്ചെത്തിയിരുന്നു. പ്രസവത്തോട് അനുബന്ധിച്ച് താരം വണ്ണം വച്ചതിനെക്കുറിച്ചാണ് ചിത്രങ്ങൾക്ക് കീഴെ വന്ന കമന്റുകളിലേറെയും. 

പ്രശസ്ത ഡിസൈനർ ​ഗൗരവ് ​ഗുപ്ത ഒരുക്കിയ ​ഗൗൺ ധരിച്ചാണ് കരീന റാംപിലെത്തിയത്. മത്സ്യകന്യകയെപ്പോലുള്ള കരീനയുടെ ലുക്കിനെ അഭിനന്ദിച്ചവരും ഏറെയുണ്ട്. ഇതിനിടയിലാണ് വസ്ത്രം കരീനയ്ക്ക് ചേരുന്നില്ലെന്നും വണ്ണം കൂടിപ്പോയെന്നുമൊക്കെ ചിലർ കമന്റ് ചെയ്തത്. 

താരത്തിന്റെ കൈകളും മുഖവും ഏറെ വണ്ണം വച്ചെന്നാണ് ചിലർ കമന്റ് ചെയ്തത്. മുഖത്ത് പ്രായം പ്രതിഫലിക്കാൻ തുടങ്ങിയെന്നും എന്തൊരു ഇറുകിയ അസ്വസ്ഥമാർന്ന വസ്ത്രമാണ് ധരിച്ചതെന്നും ചിലർ പ്രതികരിച്ചു. 

ഇതിനിടെ കരീനയെ പിന്തുണച്ച് രം​ഗത്തെത്തിയവരും കുറവല്ല. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയ അമ്മയുടെ ശരീരം എങ്ങനെയാകണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം. രണ്ടുമക്കളുടെ അമ്മയായ നാൽപത്തിയൊന്നുകാരി ഇപ്പോഴും സൈസ് സീറോ ആയിരിക്കുമെന്നാണോ കരുതുന്നത് എന്നും നാൽപത്തിയൊന്നിലും കരിയറിൽ ആത്മവിശ്വാസത്തോടെ തിളങ്ങി നിൽക്കുന്ന കരീനയ്ക്ക് അഭിനന്ദനങ്ങൾ എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

​ആദ്യത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ച കാലത്തും അതിനു ശേഷവുമെല്ലാം കരിയറിൽ സജീവമായി നിലനിന്നയാളാണ് കരീന. ​ഗർഭകാലം അസുഖമല്ലെന്നും ചടഞ്ഞുകൂടിയിരിക്കുന്നതിനേക്കാൾ കരുതലോടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടതെന്നും കരീന പറഞ്ഞിരുന്നു. 

Content Highlights: People Body-Shame Kareena For Her Lakme Fashion Week Look