ജന്മനാ തന്നെ കൈകള്‍ വളര്‍ച്ചയെത്താതെ പോയതാണ് പായലിന്. 13 വയസ് വരെ സഹതാപ കടലിന് നടുവില്‍ സ്വയം വിശ്വാസമില്ലാതെ ജിവിച്ച് അവര്‍ ഇന്ന കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യുകയാണ്.പാര ബാഡ്മിന്റന്‍ ചാമ്പ്യന്‍ പാലക്ക് കോഹ്ലി തന്നെ ജീവിതം മാറ്റിമറിച്ച കഥ പങ്കുവെയ്ക്കുകയാണ്. ഹ്യൂമന്‍സ് ഓഫ് ബോംബൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാലക്ക് മനസ്സ് തുറന്നത്.

പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ഒരു കൈയുമായാണ് ഞാന്‍ ജനിച്ചത്. സുഖമാണോ എന്ന് ചോദിക്കുന്നതിന് പകരം കൈകള്‍ക്ക് എന്ത് പറ്റിയെന്നാണ് ആദ്യം ആളുകള്‍ ചോദിക്കുക. ജന്മനാലുള്ളതെന്ന് മാത്രമായിരുന്നു എന്റെ മറുപടി. സ്വയം പര്യാപ്തമായി ജീവിക്കാനായിരുന്നു മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചത്.

സഹതാപം നിറഞ്ഞ കണ്ണുകളായിരുന്നു പുറത്ത് എന്നെ എതിരേറ്റത്.പതിയെ അതെനിക്ക് ശീലമായി. 13 -മത്തെ പിറന്നാള്‍ ദിവസം മാളില്‍ വെച്ച് ഒരാളെ ഞാന്‍ കണ്ടുമുട്ടി. കൈകള്‍ക്ക് എന്ത് പറ്റിയെന്ന സ്ഥിരം ചോദ്യത്തിന് ജന്മനാലുള്ളതെന്ന മറുപടിയായിരുന്നു ഞാന്‍ നല്‍കിയത്. എന്നാല്‍ പിന്നീട് അയാള്‍ പറഞ്ഞത് എന്റെ ജിവിതത്തെ തന്നെ മാറ്റിമറിച്ചു. പാരാ ബാഡ്മിന്റനില്‍ പരിശീലനം നേടണം. നിങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അദ്ദേഹം പേഴ്‌സണല്‍ കാര്‍ഡ് നല്‍കി പോയി. ആ വാക്കുകള്‍ എനിക്ക് ഊര്‍ജം നല്‍കി. ആരും എന്നോട് ഇത്തരത്തില്‍ പറഞ്ഞിരുന്നില്ല.

ഒരു പന്ത് പോലും എടുത്തെറിയാതിരുന്ന എനിക്ക് ഇതെല്ലാം സാധ്യമാവുമോ എന്ന് ഞാന്‍ സംശയിച്ചു. അതിനാല്‍ തന്നെ അദ്ദേഹത്തെ വിളിച്ചില്ല. പിറ്റേന്ന് സ്‌ക്കൂളില്‍ നടക്കുന്ന കായിക മത്സരങ്ങള്‍ പേര് നല്‍കാന്‍ ചെന്നപ്പോള്‍ എനിക്ക് പറ്റില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീച്ചര്‍ ഉപദേശിച്ചു.

എന്നില്‍ വിശ്വാസം അര്‍പ്പിച്ച ഗൗരവ് സാറിനെ വിളിക്കാന്‍ ഞാനുറപ്പിച്ചു. ഇന്ത്യന്‍ പാര ബാഡ്മിന്റന്‍ ടിമിന്റെ കോച്ചായിരുന്നു അദ്ദേഹം. മാതാപിതാക്കള്‍ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. 5 മാസങ്ങള്‍ക്ക് ശേഷം എന്റെ ലക്ഷ്യത്തിനായി ലക്‌നൗവില്‍ എത്തി. ഗൗരവ് സാര്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. നീണ്ടുനിന്ന പരിശിലനം എന്നെ തളര്‍ത്തിയില്ല. ആദ്യം ജില്ലാ തലത്തില്‍ മത്സരിച്ചു. ദേശിയ തലത്തില്‍ മത്സരിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതിന് സമയമാവുന്നതേയുള്ളുവെന്നും അത് വരെ പരിശീലിക്കണമെന്നുമായിരുന്നു  മറുപടി.

16-ാമത്തെ വയസ്സില്‍ ദേശീയ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ നേടാനായി എനിക്ക് സാധിച്ചു.എനിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും പറഞ്ഞ വ്യക്തിയുടെ വാക്കുകളെയാണ് ഞാന്‍ വിശ്വസിച്ചത്, എന്നിലാണ് വിശ്വസിച്ചത്‌.

Content Highlights: Payal kohli life story