കൊറോണയെ തുരത്താനുള്ള ഓട്ടത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ഇതിനിടയിൽ ജീവൻപോലും വകവെക്കാതെ രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന വിഭാ​ഗമാണ് ആരോ​ഗ്യപ്രവർത്തകർ. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോ​ഗ്യപ്രവർത്തകരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും നിരവധി വാർത്തകൾ കണ്ടിരുന്നു. ഇപ്പോൾ വൈറലാകുന്നത് നേരംപോക്കിനായി പിപിഇ കിറ്റ് ധരിച്ച് പാർട്ടി നടത്തിയ ഒരു നടിയുടെ ചിത്രങ്ങളാണ്. നിരവധി പേരാണ് നടിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 

പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുൾ ​ഗുലാട്ടിയാണ് ഈ പ്രവർത്തിയിലൂടെ വിമർശനങ്ങൾക്ക് പാത്രമായിരിക്കുന്നത്. പ്രിയ്യപ്പെട്ടവർക്കൊപ്പം ലോക്ക്ഡൗൺ ബർത്ഡേ പാർട്ടി എന്ന ക്യാപ്ഷനോടെയാണ് പരുൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നച്. പരുളും സുഹ‍ൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ്. പിപിഇ കിറ്റ് ആയിരുന്നു ബർത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. തീം അനുസരിച്ച് വസ്ത്രം ധരിച്ചെത്തിയ എല്ലാവർക്കും നന്ദി പറയുന്നുമുണ്ട് പരുൾ. 

ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് പരുളിനെ വിമർശിച്ച് കമന്റ് ചെയ്തത്. തനിക്കുള്ള പ്രിവിലേജിനെ ദുരുപയോ​ഗം ചെയ്യുകയാണ് പരുൾ എന്നും ഈ പിപിഇ കിറ്റുകൾ ഇത്തരത്തിൽ പാഴാക്കാതെ ആരോ​ഗ്യപ്രവർത്തകർക്ക് നൽകാമായിരുന്നില്ലേ എന്നും ചിലർ കമന്റ് ചെയ്യുന്നു. പാൻഡെമിക് കാലത്ത് പിപിഇ കിറ്റുകൾക്ക് ക്ഷാമം അനുഭവിക്കുന്ന ഇടങ്ങളുണ്ടെന്നും അപ്പോൾ പരുളിനെപ്പോലുള്ളവർ‍ ചെയ്യുന്നത് തികച്ചും അസംബന്ധമാണെന്നും ചിലർ പറയുന്നു. ഇവയുടെ പ്രാധാന്യം എന്താണെന്ന് പരുളിന് ശരിക്കും അറിയുമോ എന്നും പിപിഇ കിറ്റ് ഫാഷൻ സെൻസ് വെളിപ്പെടുത്താനുള്ള വസ്തുവല്ലെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Parul Gulati’s PPE Kit Themed Party Faces Backlash