ആലപ്പുഴ: 'എപ്പോഴും പോസിറ്റീവായി ചിന്തിക്കണം. ഒരുകാര്യം നേടണമെന്നു തോന്നിയാല്‍, ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ അതുനേടാന്‍ കഴിയും. അതുതന്നെയാണു ഞാന്‍ പിന്തുടരുന്നത്. അതിനുവേണ്ടിയാണു പ്രയത്‌നിച്ചത്' - സ്വപ്നങ്ങള്‍ക്കു ചിറകുമുളയ്ക്കുന്ന പ്രായത്തില്‍ അപകടത്തില്‍പ്പെട്ട ആല്‍ഫിയ ജെയിംസിന്റെ വാക്കുകളാണിത്.

ശനിയാഴ്ച ആലപ്പുഴയില്‍നടന്ന അഞ്ചാമത് സംസ്ഥാന പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ആല്‍ഫിയ ഒന്നാംസ്ഥാനം നേടി. 23-ന് ഒഡിഷയില്‍ നടക്കുന്ന നാഷണല്‍ വീല്‍ച്ചെയല്‍ ബാഡ്മിന്റണില്‍ മികവുകാട്ടാനുള്ള ഒരുക്കത്തിലാണ് ആല്‍ഫിയ.

ബികോം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ആല്‍ഫിയയ്ക്കു വ്യത്യസ്തമായ ഒരു പഴയകാലമുണ്ട്. പ്ലസ് വണ്‍വരെ പഠനത്തിലും കായിക ഇനങ്ങളിലും മിടുക്കിയായിരുന്നു. ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ താരവും. ഹോസ്റ്റല്‍ കാലത്തിനിടയിലെ ഒരപകടമാണു ജീവിതം മാറ്റിമറിച്ചത്. രണ്ടാംനിലയില്‍നിന്നു കാല്‍വഴുതിവീണ് നട്ടെല്ലിനു തകരാര്‍ സംഭവിച്ചു. വീഴ്ചയുടെ ആഘാതം കഠിനമായിരുന്നു.

ഇതില്‍ മനംതകര്‍ന്നു ജീവിക്കാനോ വീട്ടില്‍ അടച്ചിരിക്കാനോ തയ്യാറായില്ല. മനസ്സിന്റെ ധൈര്യം ശരീരത്തെയും ബലപ്പെടുത്തിത്തുടങ്ങി. ഇപ്പോള്‍ പാരാ പവര്‍ലിഫിറ്റിങ്ങിലും താരമായിക്കഴിഞ്ഞു. വീല്‍ച്ചെയര്‍ ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ എന്നിവയിലും ആല്‍ഫിയ താരമാണ്.

എല്ലാം സ്വന്തമായി ചെയ്യാനാണ് ഇഷ്ടം. മുച്ചക്ര സ്‌കൂട്ടറിലാണു യാത്ര. മുവാറ്റുപുഴ കൊച്ചുകുന്നേല്‍ ജെയിംസും ബിജിയുമാണു മാതാപിതാക്കള്‍. ആല്‍ഫിയയുടെ ഏഴാംവയസ്സില്‍ അച്ഛന്‍ ജെയിംസ് അപകടത്തില്‍ മരിച്ചു. അമ്മ ബിജി നഴ്‌സാണ്. സഹോദരന്‍ ആല്‍ഫിന്‍ പ്ലസ്ടു വിദ്യാര്‍ഥിയും.

അച്ഛന്റെ മരണശേഷം ആ കുറവറിയിക്കാതെയാണ് അമ്മ വളര്‍ത്തിയതെന്ന് ആല്‍ഫിയ പറഞ്ഞു. 'ആദ്യമൊക്കെ പുറത്തേക്കുപോകാന്‍ സമ്മതിച്ചിരുന്നില്ല. അടങ്ങിയിരിക്കുന്നത് എനിക്ക് ഇഷ്ടവുമല്ല. കരഞ്ഞുപറഞ്ഞാണു പുറത്തിറക്കിത്തുടങ്ങിയത്. ഒരുപാടു പ്രതിസന്ധികളിലൂടെ പോയപ്പോഴും പതറിയില്ല. ഒന്നരവര്‍ഷമായി കാക്കനാട്ടുള്ള ഡി ആര്‍ക്ക് വണ്‍ ജിമ്മില്‍ പോകുന്നു. അവിടെനിന്നാണ് പവര്‍ലിഫിറ്റിങ്ങിലേക്കു തിരിഞ്ഞത്. വലിയ പിന്തുണയാണ് ട്രെയിനറില്‍നിന്നു ലഭിച്ചത്.'- ആല്‍ഫിയ പറയുന്നു.

Content Highlights: Para Powerlifting Alfiya shares her life