ടൈം മാഗസിന്റെ അടുത്ത തലമുറയുടെ നേതാവ് ഈ പെൺകുട്ടിയാണ്. മാനസി ജി ജോഷി. ഇന്ത്യയുടെ പാരാ അത്​ലറ്റും ബാഡ്മിന്റൺ താരവും മാത്രമല്ല അവൾ പുതുതലമുറയ്ക്ക് ഒരു മാതൃകകൂടിയാണ്. 2019 ലെ പാരാ ബാഡ്മിന്റൺ വേൾഡ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണമെഡൽ നേടിയിരുന്നു മാനസി. SL3 സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരം കൂടിയാണ് അവൾ. ഇച്ഛാശക്തിയുണ്ടെങ്കിൽ ജീവിത്തിൽ വിജയിക്കാം എന്നാണ് മാനസിയുടെ ജീവിതം കണിച്ചു തരുന്നത്. 'എന്നെപ്പോലെ ഒരാൾ അതും ഇത്ര ചെറിയ പ്രായത്തിൽ ടൈമാഗസിന്റെ കവർചിത്രമാകുക, അടുത്ത തലമുറയെ നയിക്കേണ്ടവൾ എന്ന് വിളിക്കപ്പെടുക. ഒരിക്കലും വിചാരിച്ച കാര്യങ്ങളല്ല ഇതൊന്നും.' മാനസി ഈ അംഗീകാരത്തെ പറ്റി പറയുന്നത് ഇങ്ങനെ.

തന്റെ ആറാം വയസ്സുമുതൽ മാനസി ബാഡ്മിന്റൻ കളിച്ചു തുടങ്ങിയിരുന്നു. എങ്കിലും പഠനത്തിന് പ്രാധാന്യം നൽകുന്നവരായിരുന്നു മാനസിയുടെ മാതാപിതാക്കൾ. എങ്കിലും കായിക ഇനങ്ങളോടുള്ള മാനസിയുടെ താൽപര്യത്തിന് അവർ ഒരിക്കലും തടസ്സം നിന്നില്ല. ബാഡ്മിന്റണിൽ ആദ്യ ഗുരു അച്ഛൻ തന്നെയായിരുന്നു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്റ്റ്​വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന കാലത്താണ് മാനസിയുടെ ജീവിത്തിൽ ആ അപകടം ഉണ്ടാകുന്നത്. 2011 ൽ. മാനസിയുടെ ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കുകൾ മാരകമായിരുന്നു. 45 ദിവസം മാനസി ആശുപത്രിയിൽ കിടന്നു. ആദ്യ പത്ത് ദിവസത്തിൽ അഞ്ച് ശസ്ത്രക്രിയകളാണ് മാനസിക്ക് വേണ്ടി വന്നത്.

ഒരു കാൽ നഷ്ടമായങ്കെിലും ജീവിതത്തിൽ തോൽക്കാൻ അവൾ തയ്യാറായിരുന്നില്ല. റീഹാബിലേഷൻ തെറാപ്പിയുടെ ഭാഗമായി വീണ്ടും മാനസി ബാഡ്മിന്റൺ കളിച്ചു തുടങ്ങി. 2015 ലെ പാരാ ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിൽ വെള്ളി നേടി അവൾ തന്റെ തിരിച്ചുവരവ് അറിയിച്ചു. 2019 ൽ അവൾ ലോക രണ്ടാം നമ്പർ താരമായി.

ടൈം മാഗസിന്റെ ഈ അംഗീകാരം വലിയ ഉത്തരവാദിത്തമായി ഞാൻ കാണുന്നു എന്നാണ് മാനസി പറയുന്നത്. 'ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനും ആരും പ്രതിനിധീകരിക്കാനില്ലാത്തവരുടെ ശബ്ദമാകൻ, എന്റെ ചിന്തകൾ മറ്റുള്ളവരിലേക്കെത്തിക്കാൻ ഞാനും എന്റെ കായിക ഇനവും കൂടുതൽ ചുമതലപ്പെട്ടിരിക്കുന്നു.'

Content Highlights:Para-athlete Manasi Joshi Named as Time Magazine's Next Gen Leader