ലാഹോറിലെ ആ വലിയ വീട്ടില്‍ ഞങ്ങളെ കൂടാതെ വേറെയും നവ വധൂവരന്മാരുണ്ടായിരുന്നു. ചൈനയിലേക്കുള്ള യാത്രാ രേഖകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. ചൈനീസ് ഭാഷ പഠിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടിലുണ്ടായിരുന്ന പാകിസ്താനി വധുക്കള്‍. പരസ്പരം ഭാഷ അറിയാതെ സംസാരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴും എന്റെ ഭര്‍ത്താവ് എന്നോട് ആവര്‍ത്തിച്ച് ഉരുവിട്ടത് 'സെക്‌സ്' എന്ന് മാത്രമാണ്. സോഫിയ പറയുന്നു. ചൈനീസ് യുവാവിനെ വിവാഹം ചെയ്ത പാകിസ്താന്‍ ക്രിസ്ത്യന്‍ വധുക്കളുടെ പ്രതിനിധിയാണ് സോഫിയ. 

ഒരു ഏജന്റ് മുഖാന്തിരമാണ് ചൈനയില്‍ നിന്നും സോഫിയയ്ക്ക് വിവാഹാലോചന വരുന്നത്. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന്  തിരക്കുകൂട്ടിക്കൊണ്ടിരുന്നു. തിടുക്കം ഉള്‍ക്കൊള്ളാന്‍ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും വിവാഹചെലവുകള്‍ ഉള്‍പ്പടെ സകലതും വരന്റെ കൂട്ടര്‍ വഹിക്കുമെന്ന് കേട്ടതോടെ ദരിദ്രരായ സോഫിയയുടെ വീട്ടുകാര്‍ കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല. ആവശ്യപ്പെട്ട വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി അവര്‍ വിവാഹം നടത്തി. 

വിവാഹത്തിന് ശേഷം ലാഹോറില്‍ വരന്റെ കൂട്ടര്‍ എടുത്ത വാടകക്കെട്ടിടത്തില്‍ കഴിയുമ്പോഴാണ് സോഫിയ വിവാഹത്തിന് പുറകിലെ ചതിക്കുഴികളെ കുറിച്ച് തിരിച്ചറിയുന്നത്. ഭര്‍ത്താവ് ക്രിസ്ത്യനല്ലെന്നും വിവാഹം എന്ന ഉടമ്പടിയില്‍ അയാള്‍ക്ക് വലിയ താല്പര്യമില്ലെന്നും അവള്‍ മനസ്സിലാക്കി. അയാള്‍ക്കാവശ്യം ലൈംഗികത മാത്രമായിരുന്നു. ചൈനയിലേക്ക് വിവാഹം കഴിച്ചയക്കപ്പെട്ട ഒരു സുഹൃത്തുമായി ബന്ധപ്പെടാന്‍ സോഫിയ ശ്രമിച്ചു. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കിടക്കപങ്കിടാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ട കഥ അവര്‍ സോഫിയയുമായി പങ്കുവെച്ചു. 

വഞ്ചനയുടെ ആഴം തിരിച്ചറിഞ്ഞ സോഫിയ രക്ഷപ്പെടാനുള്ള ആദ്യ ശ്രമമെന്ന നിലയില്‍ ഏജന്റിനെ ബന്ധപ്പെട്ടു. മറുപടി പരുഷമായിരുന്നു. വിവാഹത്തിന് ചെലവായ തുക മുഴുവന്‍ ഒരു രൂപപോലും കുറയാതെ തിരികെ നല്‍കുകയാണെങ്കില്‍ അതേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു അയാള്‍ പറഞ്ഞത്. എന്നാല്‍ സോഫിയയുടെ മാതാപിതാക്കള്‍ അതിന് തയ്യാറായില്ല.

ചൈനീസ് യുവാക്കള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്ന് വധുക്കളെ കടത്തിക്കൊണ്ടുവരുന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായല്ല. മ്യാന്‍മര്‍, കംബോഡിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൈനയിലേക്ക് കടത്തുന്നതിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന്റെ മറവിലോ തൊഴില്‍ വാഗ്ദാനം ചെയ്‌തോ ആണ് പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നത്. ഇക്കൂട്ടത്തിലേക്ക് പാകിസ്താനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളും എത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഇത്തരത്തിലുള്ള 700 വിവാഹങ്ങള്‍ പാകിസ്താനില്‍ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹം നടത്തുന്നതിലൂടെ 12,000 മുതല്‍ 25,000 രൂപ വരെ ലഭിക്കുന്ന ഏജന്റുമാര്‍ ഉണ്ട്. വിവാഹച്ചെലവ് പൂര്‍ണമായും വരന്റെ ഭാഗത്തുനിന്നായിരിക്കും. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ താല്പര്യങ്ങളെ മുന്‍നിര്‍ത്തി അവരുടെ ആഗ്രഹപ്രകാരമായിരിക്കും ചടങ്ങുകളും. ഇതിനെല്ലാം പുറമെ പെണ്‍വീട്ടുകാരുടെ കുടുംബത്തിനും ഇവര്‍ പണം നല്‍കും. മുടക്കം പറയാന്‍ യാതൊരു കാരണവും കിട്ടാത്ത വിധത്തില്‍ പഴുതുകളെല്ലാമടച്ചുള്ള ഇടപാട്.

വിവാഹശേഷം ലാഹോറില്‍ എടുക്കുന്ന വാടക കെട്ടിടത്തിലേക്ക് ഇവര്‍ മാറും. തുടര്‍ന്ന് യാത്ര രേഖകള്‍ എല്ലാം ശരിയാകുന്നതിന്റെ മുറയ്ക്ക് ചൈനയിലേക്ക്. എന്നാല്‍ വിവാഹം കഴിഞ്ഞ് ചൈനയിലെത്തുന്ന പെണ്‍കുട്ടികള്‍ പലരും ലൈംഗിക അടിമകളായി മാറുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. മാത്രമല്ല പാകിസ്താനിലുള്ള പല ക്രൈസ്തവപുരോഹിതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും പറയപ്പെടുന്നു. 

പാകിസ്താനിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മാത്രമല്ല ദരിദ്രരായ മുസ്ലീം കുടുംബങ്ങളെയും വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് ലാഹോറില്‍ നിന്ന് വിവാഹം കഴിച്ചയച്ച ഒരു മുസ്ലീം പെണ്‍കുട്ടിക്ക് തന്റെ ഭര്‍ത്താവ് മുസ്ലീം അല്ലെന്ന് മനസ്സിലായത്. വീടിന് സമീപത്തുള്ള ഒരു പുരോഹിതന്‍ വഴി വന്ന വിവാഹാലോചനയായതിനാലാണ് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായത്.

ഭര്‍ത്താവിനെ മാത്രമല്ല, ഭര്‍ത്താവിന്റെ മദ്യപന്മാരായ സുഹൃത്തുക്കളെയും പലപ്പോഴും സംതൃപ്തിപ്പെടുത്തേണ്ടി വരുമെന്ന് യുവതി പറയുന്നു. വഴങ്ങാതായാല്‍ മര്‍ദിക്കും.'നിന്നെ ഞാന്‍ വിലകൊടുത്തുവാങ്ങിയതാണ്. ഞാന്‍ ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. അപ്രകാരം ചെയ്യാന്‍ സന്നദ്ധയല്ലെങ്കില്‍ കൊലപ്പെടുത്തി ആന്തരികാവയവങ്ങള്‍ വിറ്റ് നഷ്ടപ്പെട്ട പണം വീണ്ടെടുക്കും.' ഭര്‍ത്താവിന്റെ ആവശ്യങ്ങളെ നിരാകരിച്ചതിന് യുവതിയെ ഭര്‍ത്താവ് ഒരിക്കല്‍ ഭീഷണിപ്പെടുത്തിയത് ഇപ്രകാരമാണ്. 

എന്നാല്‍ ആരോപണത്തെ ചൈന നിഷേധിക്കുകയാണ്. ഇത് വെറും മാധ്യമ സൃഷ്ടിയെന്നാണ് അവരുടെ വാദം. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചൈനീസ് വിസക്കായി പാകിസ്താനി വധുക്കളുടെ അപേക്ഷയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുള്ളതായി ഇസ്ലാമാബാദിലുള്ള ചൈനീസ് എംബസിയിലെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. തൊണ്ണൂറോളം അപേക്ഷകള്‍ തിരസ്‌കരിച്ചതായും ഇവര്‍ അവകാശപ്പെടുന്നു. ഇതുസംബന്ധിച്ച് ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയം അന്വേഷണം നടത്തിയെന്നും വിവാഹിതരായി ചൈനയില്‍ എത്തുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമയാക്കുന്നതായി കണ്ടെത്താനായില്ലെന്നും ചൈനീസ് എംബസി പ്രസ്താവന ഇറക്കിയിരുന്നു. 

ചൈനയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തെ വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് ചൈനയുടെ നിലപാട്. പാകിസ്താനി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘങ്ങളെ കണ്ടെത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പാക് സര്‍ക്കാര്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

(1987 മുതലാണ് ചൈനീസ് ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവനുഭവപ്പെട്ട് തുടങ്ങിയത്.15-29 പ്രായക്കാര്‍ക്കിടയിലെ ലിംഗാനുപാതത്തിലുള്ള അന്തരം ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന തുടര്‍ന്ന് ഒറ്റക്കുട്ടി നയം, സമൂഹത്തിന്റെ ആണ്‍കുട്ടികളോടുള്ള പ്രതിപത്തി എന്നിവയെല്ലാമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ചൈനയെ എത്തിച്ചത്.)

Courtesy: BBC

Content Highlights: Pakistani girls, Trafficking, Sexual slavery