പാകിസ്താനിലെ പ്രശസ്ത നടിയും ​ഗായികയും യൂട്യൂബറുമാണ് അയിഷ ഒമർ. ആരാധകർക്കായി സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ ഒരു വിവാഹ വേദിയിൽ നൃത്തം ചെയ്തതിന്റെ പേരിൽ ട്രോളുകൾ നേരിടുകയാണ് അയിഷ. ഒടുവിൽ താരം തന്നെ ട്രോളുകൾക്കുള്ള മറുപടിയുമായി എത്തുകയും ചെയ്തു. 

കറാച്ചി സെ ലാഹോർ, കാഫ് കങ്കണ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ അയിഷ അടുത്തിടെ ഒരു സുഹൃത്തിന്റെ വിവാഹവേദിയിൽ ചുവടുകൾ വച്ചതാണ് ട്രോളുകൾക്കിടയാക്കിയത്. മുന്നി ബദ്നാം ഹുയി എന്ന ​ഗാനത്തിനൊപ്പം ചുവടുകൾ വെക്കുന്ന അയിഷയുടെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാൽ പിന്നാലെ അയിഷയുടെ ലുക്ക് മുതൽ ചുവടുകളെ വരെ കളിയാക്കി ട്രോളുകളുയർന്നു. 

ബാർ ഡാൻസറിനെ ഓർമിപ്പിക്കുന്ന ചുവടുകൾ എന്നും പാകിസ്താനിൽ പരിചയമില്ലാത്ത സംസ്കാരം കൊണ്ടുവരുന്നു എന്നും വൾ​ഗറായി വസ്ത്രം ചെയ്തു എന്നുമൊക്കെ കമന്റുകളുയർന്നു. ചിലർ അൽപം കൂടി കടന്ന് പണത്തിനു വേണ്ടി എന്തും ചെയ്യുന്ന നടി എന്നുവരെ അയിഷയെ വിളിച്ചു. മോശം കോറിയോ​ഗ്രഫി ആണെന്നും വൾ​ഗർ നൃത്തം എന്നുമൊക്കെ കമന്റുകൾ ചെയ്തവരുണ്ട്. വൈകാതെ അയിഷ തന്നെ ഇത്തരക്കാർക്ക് മറുപടിയുമായെത്തി. 

എല്ലാ വിവാഹങ്ങൾക്കും പോയി നൃത്തം ചെയ്യുന്നയാളല്ല താനെന്നും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും വിവാഹങ്ങൾക്ക് മാത്രമേ നൃത്തം ചെയ്യാറുള്ളു എന്നും അയിഷ പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ നിന്നുള്ള വീഡിയോ ആയിരുന്നു അത്. അത് പണത്തിനു വേണ്ടിയല്ല ഒരു നേരമ്പോക്കിനായി ചെയ്തതാണ്. - അയിഷ പറഞ്ഞു. 

സെലിബ്രിറ്റികൾക്കും സാധാരണ ജീവിതം നയിക്കാനുണ്ടെന്നും ജോലിത്തിരക്കുകൾക്കിടയിലാണ് ഇത്തരം അവസരങ്ങളിൽ നൃത്തപരിശീലനം ചെയ്യാറുള്ളത് എന്നും അയിഷ പറഞ്ഞു. അതത്ര എളുപ്പമല്ല, എല്ലാം പണത്തിനു വേണ്ടി ചെയ്യുന്നതല്ലെന്ന് മനസ്സിലാക്കൂ. ചിലതൊക്കെ സ്വന്തം ആത്മാവിന്റെ സന്തോഷത്തിനായി ചെയ്യുന്നതാണ്. അടുത്ത സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുന്നത് അത്തരത്തിലൊന്നാണ് എനിക്ക്- അയിഷ പറഞ്ഞു.

Content Highlights: pakistani actress ayesha omar, wedding dance, trolls on social media, cyber attack