ല്‍ഹിയില്‍ കോവിഡ് മൂലം ഓക്‌സിജന്‍ കിട്ടാതെ ജീവന്‍ വെടിഞ്ഞ നിരവധി ആത്മാക്കളുണ്ട്. ഈ ദുരന്തം ലോകം വരുംകാലത്ത് നേരിടാനൊരുങ്ങുന്ന വലിയൊരു പ്രതിസന്ധിയുടെ സൂചകമാണ്. ഓക്‌സിജന്‍ ഈ ഭൂമിയില്‍ നിന്നും ഇല്ലാതാവുന്ന ഒരു ദിവസത്തേക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? ഓക്‌സിജന്‍ കിട്ടാതെ പിടയുന്ന മനുഷ്യരുടെ മുഖം ഈ കോവിഡ് കാലത്ത് നാം നേരിട്ടുകണ്ടതാണ്. എന്നാല്‍ അതിനും മുന്‍പ് ഇത്തരത്തിലൊരു സാഹചര്യം ഇന്ത്യയിലുടലെടുത്താല്‍ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് ഒരു കൊച്ചുമിടുക്കി ചിന്തിച്ചിട്ടുണ്ട്. സുഹ്‌റത്ത് സിത്താര എന്ന 15 വയസ്സുകാരി. 

ഇന്നത്തെ കോവിഡ് മൂലമുള്ള ഓക്‌സിജന്‍ ദൗര്‍ലഭ്യതയെ കുറിച്ചല്ല മറിച്ച് പ്രകൃതിമലിനീകരണത്തിലൂടെ ഒരു നാട് എങ്ങനെയാണ് ശുദ്ധവായുവില്ലാതെ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുക എന്ന ഭയാനക സത്യമാണ് ലളിതമായ കഥ പറച്ചിലിലൂടെ സിത്താര അവതരിപ്പിച്ചിരിക്കുന്നത്. ഓക്‌സിജന്‍ കിറ്റിന് വേണ്ടിയുള്ള നീണ്ട നിര ഇന്നത്തെ കോവിഡ് കാലത്തെ കുറിച്ചുള്ള ഒരു പ്രവചനം പോലെ തോന്നിക്കുന്നുവെങ്കിലും താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയ ഈ കഥയില്‍ ഓക്‌സിജന്‍ പാര്‍ലറുകളെ കുറിച്ചും മറ്റും വളരെ ഗഹനമായിത്തന്നെ സിത്താര പഠനം നടത്തിയതായി കാണാം. ഓക്‌സിജന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചെറുകഥയില്‍ സിത്താരയെന്ന എട്ടാം ക്ലാസുകാരിയുടെ ചിന്തയും എഴുത്തും വായനക്കാരെ അത്ഭുതപ്പെടുത്തും. ഇംഗ്ലീഷിലുള്ള ഭാഷാ നൈപുണ്യവും കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കരുത്തും കുടുംബം എന്ന പൊട്ടാച്ചരടിന്റെ മഹത്വവുമെല്ലാം ഈ ചെറുകഥയില്‍ കാണാം.  

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ 'എസ്മറാള്‍ഡ' എന്ന ഇറ്റാലിയന്‍ വനിത ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം നേരിടുന്ന പ്രശ്‌നങ്ങളുടെ നൊമ്പരപ്പെടുത്തുന്ന വിവരണമാണ് സുഹ്‌റത്ത് സിത്താര കഥയിലൂടെ ആവിഷ്‌കരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്ത്യക്കാരനായ ഭര്‍ത്താവ് ദേവ് സിങ്ങിനും രണ്ട് മക്കള്‍ക്കുമൊപ്പം സ്ഥിരതാമസമാക്കിയ എസ്മറാള്‍ഡ ഡല്‍ഹയിലെ വായുമലിനീകരണം മൂലം മക്കള്‍ക്ക് വേണ്ടി ഓക്‌സിജന്‍ കിറ്റ് വാങ്ങാനായി കൊണാഡ് പ്ലേസിലൂടെ നടക്കുന്നു. ഡല്‍ഹിയില്‍ ജീവിക്കുന്നവര്‍ കൃത്രിമ ശ്വാസത്തിനായി ഓക്‌സിജന്‍ കിറ്റ് ശരീരത്തോടടുപ്പിച്ചാണ് ജീവിക്കുന്നത്. ഓക്‌സിജന് വേണ്ടി അലഞ്ഞിട്ടും അത് ലഭിക്കാതെ വീട്ടിലെത്തിയ എസ്മറാള്‍ഡ നേരിടുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ അതിമനോഹരമായി കഥയിലൂടെ ഈ കുരുന്നുപ്രതിഭ വര്‍ണിച്ചിരിക്കുന്നു. നേരത്തേ കരുതിവെച്ച ഓക്‌സിജന്‍  കുട്ടികള്‍ ഉപയോഗിച്ച് തീര്‍ക്കുന്നതോടെ എസ്മറാള്‍ഡയ്ക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ വീട്ടിലില്ലാതാകുന്നു. തനിക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍  വീട്ടിലില്ലെങ്കിലും അത് മക്കളെയും ഭര്‍ത്താവിനെയും അറിയിക്കാതെ എസ്മറാള്‍ഡ മനസ്സില്‍ കൊണ്ടുനടക്കുന്നു. അവര്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ നല്‍കാന്‍ നിര്‍ബന്ധിതയാകുന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ സ്വാര്‍ത്ഥമായ പല ചിന്തകളിലൂടെ കടന്നുപോയ എസ്മറാള്‍ഡ കുറ്റബോധത്തോടെ വീട് വിട്ടോടുന്നു. ശ്വാസം നിലയ്ക്കുമ്പോള്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ മാത്രമേ മനുഷ്യനെന്ന സ്വാര്‍ത്ഥ ജന്മം ശ്രമിക്കുകയുള്ളൂ എന്ന ഭയാനക സത്യം വായനക്കാരില്‍ പേടി ഉണര്‍ത്തുമെങ്കിലും അമ്മ എന്നത് കരുണയുടെയും കരുതലിന്റെയും മറുവാക്കാണെന്നും സിത്താര ഈ കഥയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകം നേരിടാനൊരുങ്ങുന്ന വലിയൊരു പ്രശ്‌നത്തെയാണ് സിത്താര ഈ കഥയിലൂടെ ഉദ്ധരിക്കുന്നത്.

2018 നവംബര്‍ മാസത്തില്‍ കുടുംബത്തോടൊപ്പം ഡല്‍ഹി സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് സിത്താരയുടെ മനസ്സില്‍ ഈ കഥയുടെ നാമ്പ് തളിര്‍ക്കുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ തൊട്ട് ചുറ്റും കോടമഞ്ഞ് മൂടിയിരിക്കുന്നു. അത് കോടയല്ലെന്നും മറിച്ച് അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പുകയുമാണെന്നും കാര്‍ ഡ്രൈവര്‍ പറഞ്ഞപ്പോള്‍ സിത്താരയുടെ കുഞ്ഞുമനസ്സിന് മുറിവേറ്റു. അതേ ദിവസം സിത്താരയുടെ പിതാവ് ശുഹൈബ് ഒരു വീഡിയോ അവളെ കാണിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആയിരുന്നു അത്. ഈ കാഴ്ചകള്‍ സിത്താരയുടെ മനസ്സില്‍ ആഴ്ന്നിറങ്ങി. അതിന്റെ ഫലമായാണ് ഓക്‌സിജന്‍ എന്ന ഈ ചെറുകഥ രൂപപ്പെട്ടത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഈ കഥയെ അഭിനന്ദിച്ച് അംബികാസുതന്‍ മാങ്ങാട് അടക്കമുള്ള സാഹിത്യകാരന്മാര്‍ രംഗത്തെത്തിയിരുന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും എഴുതാനും ചിന്തിക്കാനുമുള്ള പ്രചോദനമാണ് സുഹ്‌റത്ത് സിത്താര ഈ കഥയിലൂടെ നല്‍കുന്നത്. 

എഴുത്തിന്റെ ലോകത്ത് സിത്താര പുതുമുഖമല്ല. സ്വന്തമായി ഒരു പുസ്തകം ഇതിനോടകം സിത്താര പുറത്തിറക്കിയിട്ടുണ്ട്. അതൊരു നോവലെറ്റാണ്. കാസര്‍കോട്ടുകാരായ ശുഹൈബിന്റെയും അഫ്രാനയുടെയും മകളായ സുഹ്‌റത്ത് നിലവില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കാസര്‍കോട് എം.പി. ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുഹ്‌റത്ത് നോവലെറ്റ് തയ്യാറാക്കുന്നത്. ഇംഗ്ലീഷ് അധ്യാപിക കൊടുത്ത ഒരു അസൈന്‍മെന്റിന്റെ ഉത്തരമായാണ് ഈ മിടുക്കി നോവലെറ്റ് തയ്യാറാക്കിയത്. ഇതുകണ്ട് ഇഷ്ടപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എ.എം.കുഞ്ഞിയാണ് നോവലെറ്റ് പുസ്തകമാക്കാന്‍ സുഹ്‌റത്തിന്റെ സഹായിച്ചത്. എഴുത്തില്‍ മാത്രമല്ല ചിത്രകലയിലും മുന്നിലാണ് ഈ മിടുക്കി. പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും വരച്ചത് സുഹ്‌റത്ത് തന്നെയാണ്. 

ഗൗരി, ഗൗരവ്, പ്രിയ, മോഹന്‍ എന്നീ നാലു കുട്ടികള്‍ ഭൂമിയില്‍ നിന്നും നെപ്റ്റിയൂണിലേക്ക് സ്‌പേസ്ഷിപ്പില്‍ യാത്ര ചെയ്യുന്നതാണ് നോവലെറ്റിന്റെ സാരാംശം. നെപ്റ്റിയൂണിലെത്തുമ്പോള്‍ മോഹന്‍ എന്ന കഥാപാത്രത്തിന് നാട്ടിലുള്ള മുത്തശ്ശിയെ വിളിക്കണമെന്ന മോഹം മനസ്സിലുദിക്കുന്നു. അതിനായി അവിടെനിന്നും കിട്ടിയ മാന്ത്രിക കാന്തിക നീലക്കല്ലുകള്‍ ബാറ്ററിയായി ഉപയോഗിച്ച് ആ കല്ലുകള്‍ക്ക് നെപ്‌സ്‌ടോണ്‍സ് എന്ന് പേരിട്ട് കുട്ടികള്‍ ആ ആഗ്രഹം സഫലീകരിക്കുന്നു. അതുപോലെ രസകരമായ പല കാര്യങ്ങളും എര്‍ത്ത് ടു നെപ്റ്റിയൂണ്‍ എന്ന കൃതിയിലൂടെ ഈ കൊച്ചുമിടുക്കി എഴുതിയിട്ടുണ്ട്

2018-ലെ കൊച്ചി ബിനാലെയില്‍ വെച്ച് ആര്‍ട്ടിസ്റ്റ് ബാര ഭാസ്‌കരന്‍, വി സുനില്‍, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, എന്‍.എസ്. മാധവന്‍, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് സ്ഥാപതി തുടങ്ങിയവര്‍ സുഹ്‌റത്തിന്റെ പുസ്തകം പരിചയപ്പെടുത്തിയിരുന്നു. പതിനൊന്നുകാരിയില്‍ കവിഞ്ഞ പക്വതയും സാങ്കല്‍പ്പിക ഭംഗിയും എഴുത്തും ഇംഗ്ലീഷില്‍ രചിച്ചിട്ടുള്ള ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ക്വാക്ക് ക്വാക്ക് ദ റൈറ്റേഴ്‌സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍. എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് കഥാരചനയില്‍ ജില്ലാതലത്തില്‍ എ ഗ്രേഡ് നേടുകയും കാസര്‍കോടിനെ പ്രതിനിധീകരിച്ച് സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ നിരവധി ഇംഗ്ലീഷ് ചെറുകഥകളും കവിതകളും സുഹ്‌റത്ത് സിത്താര എഴുതിയിട്ടുണ്ട്. അതോടൊപ്പം ലോക്ക്ഡൗണ്‍ സമയത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. സോക്രിയേഷന്‍സ് എന്ന ചാനലിന് ഏകദേശം എണ്‍പതിനായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.ഓക്‌സിജന്‍ പോലെയുള്ള ചെറുകഥകള്‍ ചേര്‍ത്ത് ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തിരക്കിലാണ് സിത്താര.

Content Highlights: Oxygen short story by Zuhrath Sithara, short story, women