ന്യൂസിലന്‍ഡിനൊരു പ്രധാനമന്ത്രിയുണ്ട് പേര് ജസിന്ത കേറ്റ് ലോറല്‍ ആഡേണ്‍. ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹൃദയത്തില്‍ ഇടം നേടിയവള്‍. ജാതി- മത ഭേതമില്ലാതെ സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് വേണ്ടി സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരിലൊരാളായി കണ്ണീരൊഴുക്കിയ പ്രധാനമന്ത്രി. ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളിയില്‍ വെടിവെയ്പ്പുണ്ടായപ്പോള്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് അവര്‍ തന്റെ രാജ്യത്ത് കൊല്ലപ്പെട്ട മുസ്ലീം പൗരന്മാര്‍ക്കു വേണ്ടി ഹിജാബ് ധരിച്ചെത്തി. അതുകണ്ട് ലോകം പറഞ്ഞു - ഇത് കണ്ടുപഠിക്കണം.

ന്യൂസിലാന്‍ഡ് പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഓരോ പൗരന്റെയും ബന്ധുക്കളെ ആശ്വാസിപ്പിക്കാന്‍ ജസിന്തയെത്തി. അവരേ ചേര്‍ത്തു പിടിച്ചു, ആശ്വസിപ്പിച്ചു. ഒപ്പം ഉണ്ടെന്നു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള പണം അവര്‍ നല്‍കി. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ ജസിന്ത ഹിജാബ് ധരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. വെടിവെയ്പ്പിന് ശേഷം ദു:ഖം പങ്കുവച്ചു കൊണ്ട്  ജസിന്ത പറഞ്ഞ വാക്കുകള്‍ ലോകം മുഴുവനുള്ള മനുഷ്യ സ്‌നേഹികളുടെ ഹൃദയം തൊട്ടു. 

'ന്യൂസിലന്‍ഡ് നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ് ഇത്. എ്രതപേര്‍ മരിച്ചു എത്രപേര്‍ക്ക് പരിക്കുപറ്റി എന്ന് വിശദീകരിക്കാനല്ല ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകള്‍ ന്യൂസിലന്‍ഡില്‍ താമസമാക്കിയ മറ്റുരാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാന്‍ ആഗ്രഹിച്ച് എത്തിയ അവരുടേതു കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെയ്പ്പ് നടത്തിയ ന്യൂസിലന്‍ഡുകാരല്ല ഇവിടെ വെടിയേറ്റു വീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്റെ യഥാര്‍ത്ഥ മക്കള്‍, അവരാണ് നമ്മള്‍, ജസിന്ത വേദനയോടെ പറഞ്ഞു. 

women

38 വയസു മാത്രം പ്രായമുള്ള വനിത പ്രധാനമന്ത്രി ലോകത്തിന് കാണിച്ചു കൊടുത്തത് ഒരു നേതാവ് എങ്ങനെ ആയിരിക്കണമെന്ന് കൂടിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ലേബര്‍പാര്‍ട്ടിയുടെ പ്രവര്‍ത്തകയായ ഇവര്‍ 2017 ആഗസ്റ്റ് 1 മുതല്‍ പാര്‍ട്ടി നേതാവാണ്. 2008 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2001 ല്‍ വൈകാറ്റൊ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ശേഷം ഇവര്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കിന്റെ ഓഫീസില്‍ ഗവേഷകയായി ജോലി ആരംഭിച്ചു. ഇതിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയ ഉപദേശകയായി ജോലി ചെയ്തു. 2008 ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

ക്രിസ്തുമത വിശ്വാസിയും സഭാംഗവുമായിരുന്നിട്ടും എല്‍.ജി.ബി.ടിയുടെ അവകാശവുമായി ബന്ധപ്പെട്ട് സഭയുമായി വ്യത്യസ്ത അഭിപ്രായം ഉണ്ടായതിന്റെ പേരില്‍ 2005 ല്‍ സഭവിട്ടു. 2015 ല്‍ താനൊരു അവിശ്വാസിയാണെന്ന് ആഡേണ്‍ പ്രഖ്യാപിച്ചു.  2018 ജൂണില്‍ പ്രധാനമന്ത്രിയായിരിക്കെ അവര്‍ തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കി. ഇതോടെ ഗര്‍ഭിണിയാകുന്ന ആദ്യത്തെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ഇവര്‍. 1990 പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്കു ശേഷം ഒരു രാഷ്ട്രനേതാവ് അധികാരത്തില്‍ ഇരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ന്യൂസിലന്‍ഡില്‍ ഉണ്ടായ ദുരന്ത സംഭവത്തിനു ശേഷം രാജ്യത്ത് തോക്ക് ഉപയോഗിക്കുന്നതിലുള്ള ലൈസെന്‍സ് നല്‍കുന്ന നിയമത്തില്‍ കൂടുതല്‍ മാറ്റം വരുത്തുമെന്ന ജെസിക്കയുടെ പ്രസ്ഥാവന ന്യൂസിലന്‍ഡ് ഏറ്റെടുത്തിരുന്നു.

Content Highlights: Our gun laws WILL change': New Zealand Prime Minister Jacinda Ardern vows tough action on weapons