''ആരോഗ്യമുള്ള സൗഹൃദം നല്ലതല്ല, അത് ജാരസന്തതികളെ സൃഷ്ടിക്കും''
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരുന്നാല്‍ അപകടം!''
മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ ആണും പെണ്ണും പരിചയപ്പെട്ടും ഇടകലര്‍ന്നും ഇരിക്കുമ്പോള്‍ സംഭവിക്കുന്നത് പലതാണ്. പ്രേമം ഉണ്ടാകില്ല എന്ന് പറയുന്നില്ല. പ്രണയങ്ങള്‍ ഉണ്ടാകും. പക്ഷേ, പ്രണയങ്ങളേ ഉണ്ടാകൂ.. ആണ്‍മനസ്സുകള്‍ക്ക് സംരക്ഷിക്കാനുള്ള വാസന സഹജമാണ്. തന്‍േറതെന്ന് തോന്നുന്നവരെ അവര്‍ സംരക്ഷിക്കും. അമ്മയെയും പെങ്ങളെയും ഭാര്യയെയും കാമുകിയെയും എന്നപോലെ കൂട്ടുകാരിയെയും അവന്‍ കരുതലോടെ കാണും. അവന്‍ മനസ്സിലാക്കുന്ന ചതിക്കുഴികളുടെ മുന്നറിയിപ്പുകള്‍ അവന്‍ നല്കും. എന്തെങ്കിലും ഭീഷണിയോ ഭയപ്പെടുത്തലോ പെണ്‍കുട്ടികള്‍ നേരിടുന്നുണ്ടെങ്കില്‍ അവര്‍ കൂട്ടിനുണ്ടാകും. ഇതൊക്കെ എന്റെകണ്ണില്‍ ആരോഗ്യകരമാണ്.ഈ വിഷയം ചര്‍ച്ചയായതോടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ പലതും എന്റെ കണ്ണിലും പെട്ടു. പേടിച്ചരണ്ട് കരയുന്ന പെണ്‍കുട്ടിയുടെ വയറിലേക്ക് നീളുന്ന ആണ്‍ വിരലുകള്‍ അതിലൊന്നായിരുന്നു. തന്നെ അലോസരപ്പെടുത്തുന്നവരില്‍ നിന്നും അകലാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വതവേ ഒരു കഴിവുണ്ട്. പ്രകൃതി നല്കിയിരിക്കുന്ന ഒരു സംരക്ഷയാണത്, എന്നാല്‍ ഭയമുള്ളതു കൊണ്ടാണ് പെണ്‍കുട്ടികള്‍ പലതും പ്രതികരിക്കാതെ സഹിക്കുന്നത്. ആരെയാണ് ഭയക്കുന്നതെന്ന് ഒരുപക്ഷേ, ഈ അവസരത്തില്‍ ചോദ്യം ഉയരാം, താന്‍ ആകര്‍ഷിച്ചതുകൊണ്ടാണ് പുരുഷന്‍ തന്നെ സ്പര്‍ശിച്ചത് എന്ന ആരോപണത്തെയാണ് അവള്‍ ഭയക്കുന്നത്.പുതുതലമുറ സൗഹൃദങ്ങളെക്കുറിച്ച് പറയുമ്പോള്‍ സീനിയര്‍ ജനറേഷന്‍ മനസ്സിലാക്കുന്ന സൗഹൃദവുമായി ഇതിനെ താരതമ്യം ചെയ്യരുതെന്ന ഒരു അപേക്ഷയുണ്ട്. ശതമാനക്കണക്കില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് നല്ല സൗഹൃദങ്ങള്‍ അറിഞ്ഞിട്ടുള്ളത് എന്നാണ് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. എന്റെ അടുത്ത് കൗണ്‍സലിങ്ങിന് വരുന്ന സ്ത്രീകളുടെ ദുഃഖങ്ങളില്‍ കൂടുതലായി കാണുന്നത് വിവാഹേതരബന്ധങ്ങള്‍ തകര്‍ന്നതിലുള്ള മാനസിക പിരിമുറുക്കമാണ്. മൊബൈല്‍ഫോണ്‍ ഉണ്ടായതിനുശേഷമുള്ള ഈ അനുഭവങ്ങളുടെയെല്ലാം കഥയും തിരക്കഥയും ഒരുപോലെയാണ്.
ഒരു പരിചയപ്പെടല്‍, ഫോണ്‍നമ്പര്‍ കൈമാറ്റം (പ്രായഭേദം ഒന്നുമില്ല), പിന്നീട് കുശലം, കുറച്ചുനാളത്തേക്ക് ഗുഡ്‌മോണിങ് കാര്‍ഡുകളും പൂവുകളും. പിന്നെ നന്മ തുളുമ്പുന്ന വാക്കുകള്‍. ഊണ് കഴിച്ചോ യാത്രയിലാണെങ്കില്‍ 'എങ്ങനെ പോകുന്നു, ഒറ്റയ്ക്കാണോ'എന്ന കരുതലുകള്‍. പിന്നെ രാത്രിയിലുള്ള ഫോണ്‍ വിളികള്‍. വളരെ പെട്ടെന്നുതന്നെ ഫോണ്‍സെക്‌സ്, കാറുകളില്‍ സായാഹ്നസവാരികള്‍, സൗകര്യമുള്ള വീട്ടിലോ റൂമിലോ കൂട്ടുകാരുടെ ഒഴിഞ്ഞ വീടുകളിലോ ഒരു തിരക്കിട്ട സെക്‌സ്. പിന്നീടങ്ങോട്ടുള്ള കഥയും ഒന്നുതന്നെ. ഫോണ്‍വിളികള്‍ കുറയുന്നു, സ്ത്രീകള്‍ക്ക് ആദ്യാനുഭവമാണെങ്കില്‍ നിരന്തരം ഫോണ്‍ വിളിച്ചുകരയുന്നു, ഈ ഉപദ്രവം കാരണമാണ് ഉപേക്ഷിക്കുന്നത് എന്ന വിശദീകരണത്തോടെ അവര്‍ ഓടിമറയുന്നു. രണ്ടാമത്തെ ബന്ധത്തിലേക്ക് വീഴുന്നത് ആദ്യബന്ധത്തിലെ ചതിയില്‍നിന്നും കരകയറാനാകും. ഇനി ഇത് ഒന്നുരണ്ടുതവണ അനുഭവിച്ചിട്ടുള്ളവര്‍ മറ്റൊരു രീതിയിലാണ് കാര്യങ്ങളെ കാണുന്നത്. ശരീരം ഒരു ശരീരത്തെ അറിഞ്ഞുകഴിഞ്ഞാല്‍ അടുത്തതിലേക്ക് താനേനീങ്ങും. പിന്നീട് ഇടയ്‌ക്കെപ്പോഴെങ്കിലും കാണുമ്പോള്‍ സ്‌നേഹപ്രകടനങ്ങള്‍, പിന്നെ തന്റെ ഈ സ്‌പെഷല്‍ കൂട്ടുകാരിക്ക് എന്ത് സഹായവും കൊടുക്കാന്‍ സന്നദ്ധമായ മനസ്സും.ലോകം മുഴുവന്‍ വിരല്‍തുമ്പില്‍, ചരിത്രത്തിന്റെ ഏത് ഏടും ഒറ്റ ക്ലിക്കില്‍.
എന്നാല്‍ ഒരു വലിയ വിഭാഗം മലയാളികള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത് കാമ പൂര്‍ത്തീകരണത്തിന്റെ മാര്‍ഗങ്ങള്‍ ആണ്. പോണ്‍ സൈറ്റുകള്‍ തുടങ്ങി ഓണ്‍ലൈന്‍ വാണിഭങ്ങളുടെ സാധ്യത മാത്രമാണ് തിരയുന്നത്. ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല സ്വമേധയാ ഇതില്‍ പങ്കെടുക്കുന്നതില്‍ ഒരു തകരാറും കാണുന്നില്ല. ചിലര്‍ക്കെങ്കിലും ഈ പോണ്‍ സൈറ്റുകളും ചാറ്റ് റൂമുകളും ആശ്വാസം നല്‍കുന്നു എന്നതും ഗൗരവത്തോടെതന്നെ കാണുന്നു. പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലൊട്ടാകെ നടന്ന ചര്‍ച്ചകള്‍ ഈ അവസരത്തില്‍ ഓര്‍മിക്കുന്നു.എന്നാല്‍ എഫ് ബി മെസെഞ്ചറിന്റെ കാര്യം അങ്ങനെയല്ല. കാരണം എഫ് ബിയില്‍ അക്കൗണ്ട് എടുക്കുന്നവരെല്ലാം സെക്‌സ് സൗഹൃദത്തിന്റെ സാധ്യതകള്‍ തിരയുന്നവരാണെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ എഫ് ബി മെസെഞ്ചര്‍ ഒരു പൊതു ഇടമായി കരുതാന്‍ കഴിയില്ല. എന്നാല്‍ ഇന്ന് എഫ് ബി മെസെഞ്ചര്‍ സ്വകാര്യതയിലേക്ക് കടന്ന് കയറാന്‍ കഴിയുന്ന ഒരു ചാറ്റ് സൈറ്റായി മാറുകയാണ്. ടെലിവിഷനിലും സിനിമയിലും പിന്നെ ചില റിയാലിറ്റി ഷോയിലുമൊക്കെ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് എഫ് ബി മെസെഞ്ചറിനെ ഭയത്തോടെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കാരണം മെസേജുകളില്‍ പലതും അശ്ലീലമായിരിക്കും എന്നതാണ്.
ഫേസ്ബുക്കില്‍ നടക്കുന്ന പൊതു ചര്‍ച്ചകളിലല്ല എഫ് ബി മെസെഞ്ചറില്‍ ചാറ്റ് ചെയ്യാനാണ് പലര്‍ക്കും ഉത്സാഹം. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഒഴുകി എത്തുന്ന 'ഹായ്'കളില്‍ ഒരെണ്ണത്തിന് മറുപടി കൊടുത്തുപോയാല്‍ ചോദ്യങ്ങളുടെ ഘോഷയാത്രയായി. മറ്റുള്ളവരെ പിണക്കാന്‍ സ്വതവേ മടിയുള്ള പെണ്‍സമൂഹം ഈ മേസേജുകളുടെ അപകടം അറിയാതെ ഇടപെടുന്നു എന്നത് ഗൗരവമുള്ള കാര്യമാണ് അപകടമറിയുന്നവര്‍ സ്വമേധയാ ഇടപെടുന്നത് പോലെയല്ല ഈ വിഷയത്തെ കാണേണ്ടത്. കുടുംബത്തില്‍ ഒറ്റപ്പെടുകയും വിഷമം അനുഭവിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഈ ശ്രദ്ധ, സ്ത്രീകള്‍ വളരെ ആത്മാര്‍ഥതയോടെയാണ് കാണുന്നത്. അവര്‍ക്ക് കിട്ടുന്ന ശ്രദ്ധയും കരുതലും അവര്‍ക്ക് മാത്രം കിട്ടുന്ന ഒന്നായി അവര്‍ നെഞ്ചിലേറ്റുന്നു. സ്ത്രീയുടെയും പുരുഷന്റെയും പ്രണയത്തിലെ ഒരു പ്രധാന വ്യത്യാസം ഇവിടെ നമുക്ക് കാണാം. സ്ത്രീകള്‍ക്ക് സ്‌നേഹിക്കാന്‍ ഒരാളെ വേണം. അവരെ അല്പം കരുതലോടെ സ്‌നേഹിക്കുന്നവരെ അവര്‍ എന്ത് നല്‍കിയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. തന്നോട് പിണങ്ങിക്കളയും എന്ന ഭീതി അവരെ വല്ലാതെ വേട്ടയാടും. തനിക്ക് കിട്ടുന്ന ശ്രദ്ധ അവരുടെ ഐഡന്റിറ്റി (Identtiy)ആയി മാറുന്നതുകൊണ്ടാണ് അവരെ അത് ഇത്രത്തോളം ബാധിക്കുന്നത്. പ്രത്യേകിച്ച് 30 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ വിവാഹ ജീവിതത്തില്‍ ഉണ്ടാകുന്ന ഏകതാളം പലരെയും ഒരു യന്ത്രമാക്കി തീര്‍ക്കാറുണ്ട്. രാവിലെ മുതല്‍ രാത്രി വരെ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം! പലപ്പോഴും പൊട്ട് തൊടാന്‍, മുടി ചീകാന്‍ മറന്നുപോകുന്ന ഇവര്‍ക്ക് ജീവിതത്തില്‍ ലഭിക്കുന്ന ഈ ശ്രദ്ധ ജീവവായു ആകുന്നു. യഥാര്‍ഥത്തില്‍ തന്നെ സ്‌നേഹിക്കുന്നു എന്ന വിശ്വാസമാണിവരെ നയിക്കുന്നത്. അവര്‍ സ്വയം ചോദിച്ചാശ്വസിക്കുന്ന ഒരു ചോദ്യമുണ്ട് 'ഇല്ലെങ്കിലെന്തിന് എന്നെ തിരഞ്ഞെടുക്കണം, എത്ര സ്ത്രീകള്‍ വേറെയുണ്ട്
പ്രശസ്ത ഉറുദു എഴുത്തുകാരി ഇസ്മത്ത് ചുഗ്തായിയുടെ ഒരു പ്രശസ്തമായ കഥയുണ്ട്. മൂത്ത സഹോദരന്റെ ഭാര്യയായി കടന്നു വന്ന സുന്ദരിയായ ഏടത്തിയമ്മ, എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കികൊടുത്തും വീട്ടിലെ ബാക്കിയാകുന്ന ഭക്ഷണം തിന്നും തടിവെച്ച് വികൃതമാകുന്നതും അടുത്ത വീട്ടില്‍ താമസത്തിനെത്തുന്ന ചെറുപ്പക്കാരിയുമായി സ്വന്തം ഭര്‍ത്താവ് അടുപ്പത്തിലാകുന്നു. പിന്നീട് ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമത്തെ സുന്ദരിയെ വിവാഹം കഴിക്കുന്നതും കുറെ വര്‍ഷം കഴിഞ്ഞു ആദ്യ ഭാര്യയുടെ അതേ രൂപത്തിലേക്ക് രണ്ടാമത്തെ സുന്ദരിയും എത്തിപ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം.മലയാളി സ്ത്രീകളുടെ കാര്യത്തിലും ഈ കഥ ഇന്നും പ്രസക്തമാണ്. ഭര്‍ത്താവ്, മക്കള്‍, ഭക്ഷണമുണ്ടാക്കല്‍, വീട്, വൃത്തിയാക്കല്‍, തുടങ്ങി ജീവിതത്തില്‍ നിറങ്ങളില്ലാതെയാകുന്നവര്‍ക്ക് ഈ സന്ദേശങ്ങള്‍ ആശ്രയമാകാറുണ്ട്. ദാമ്പത്യജീവിതത്തില്‍ സംഭവിക്കുന്ന ഈ ഏകതാനതയെ മറ്റൊരാള്‍ (1988) എന്ന ചിത്രത്തില്‍ സംവിധായകന്‍ കെ.ജി.ജോര്‍ജ് സത്യസന്ധമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
എങ്ങനെ കൂടുതല്‍ സുന്ദരിയാകാം, മുടി എങ്ങനെ ചീകാം, ഏത് നിറത്തിലെ വസ്ത്രങ്ങളാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയുള്ള ഉപദേശങ്ങള്‍ കൂടിയാകുമ്പോള്‍ സ്ത്രികള്‍ പുര്‍ണമായും ഈ കൗശലക്കാരുടെ അടിമകളായി മാറുന്നത് കാണാന്‍ സാധിക്കും. ഇവര്‍ ഒരേ സമയത്ത് പതിനഞ്ച് പേരോടെങ്കിലും ഈ കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് ഒരു വലിയ വിഭാഗം സ്ത്രീകള്‍ അറിയുന്നില്ല എന്നത് ഒരു സത്യം മാത്രമാണ്. ഈ തരത്തില്‍ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്താല്‍ എത് രീതിയിലും സ്ത്രീകളെ ഉപയോഗിക്കാം. ശരീരം മാത്രമല്ല പണമായിട്ടും.ഈ മെസെഞ്ചര്‍ ജാരന്റെ വാക്കുകള്‍, ജീവിതങ്ങളെ നയിച്ചുതുടങ്ങും. ഭര്‍ത്താവിനോടും കുട്ടികളോടും കള്ളം പറഞ്ഞും വസ്തുതകള്‍ ഒളിച്ചുവെച്ചും ഇവര്‍ ഇവരുടെ കൈയിലെ പാവകളാകും. ചൂഷണം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇവരെ ഏത് നിലയ്ക്ക് വേണമെങ്കിലും ഉപയോഗിക്കാം. 'പറ്റില്ല' എന്ന് പറയാന്‍ സ്ത്രീകള്‍ ഇനിയും പഠിക്കാത്തതാണ് പ്രധാന കാര്യം. പല തവണ പ്ലീസ് പറഞ്ഞാല്‍ അലിയേണ്ടത് ഓരോ നല്ല സ്ത്രീയുടെയും കടമയായി അവര്‍ കരുതുന്നുണ്ട്. പരിചരിക്കാനുള്ള സ്ത്രീകളുടെ വാസനയാണ് പലപ്പോഴും അവര്‍ക്ക് വിനയാകുന്നത്. ഈ സൗഹൃദത്തിന്റെ സുഖത്തില്‍ തകരുന്ന വിവാഹബന്ധങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.
താന്‍ എത്ര സ്ത്രീകളുടെയടുത്ത് പോയാലും തന്റെ സ്വന്തം ഭാര്യ തന്നെ ചതിക്കില്ല എന്ന വിശ്വാസമാണ് പുരുഷന്റെ പൗരുഷത്തിനാധാരം. ചതിക്കപ്പെടുന്നു എന്ന തോന്നല്‍ പോലും പുരുഷന്മാരെ തളര്‍ത്തിക്കളയുന്നു. മൊബൈല്‍ കമ്പനിയുടെ ഓഫീസില്‍ കയറി ഭാര്യയുടെ കോള്‍ലിസ്റ്റ് കണ്ട് തകര്‍ന്ന് ബാറുകള്‍ കയറി ഇറങ്ങുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണവും നന്നേ കൂടുതലാണ്, പക്ഷേ, ഇവിടെ വിസ്മരിക്കപ്പെടുന്ന ഒരു സംഗതി, തന്റെ ഭാര്യയുടെ പുതിയ ഇഷ്ടം അറിയുന്നതുവരെ താന്‍ സംസാരിച്ചിരുന്നതും ഇതുപോലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നതും മറ്റേതെങ്കിലും ഭാര്യയോടായിരുന്നെന്നും അവര്‍ക്കും ഒരു ഭര്‍ത്താവുണ്ടെന്നുമുള്ള കാര്യമാണ്. മാറിനിന്ന് നോക്കുന്നവര്‍ക്ക് ചിരിക്ക് ഇടം നല്‍കുന്ന ഈ കുഴമറിച്ചിലുകള്‍ക്കിടയിലും ഇവരെല്ലാവരും ചേര്‍ന്ന് സാദാചാരം പ്രസംഗിക്കും. നമ്മുടെ വളര്‍ന്നു വരുന്ന തലമുറയെ മര്യാദയുള്ളവരാക്കലാണ് ഇതില്‍ ഏറ്റവും പ്രധാനം.സെല്‍ഫി ക്ലിക്ക് ചെയ്ത് ആത്മസംതൃപ്തി അടയുന്നവര്‍ ഈ ചിത്രങ്ങള്‍ എഫ്.ബി.യില്‍ പോസ്റ്റ്ചെയ്യുന്നതിന്റെ അപകടം അറിയുന്നില്ല. കുഞ്ഞുങ്ങളുടെ സെക്സ് ട്രേഡ് അന്വേഷിച്ച് പൊലീസുകാര്‍ക്കും പറയാനുള്ളത് സമാനമായ കാര്യങ്ങള്‍ തന്നെയാണ്. ഇന്റര്‍നെറ്റില്‍ ഇടുന്ന എല്ലാ ചിത്രങ്ങളും ആര്‍ക്കും എപ്പോഴും എവിടെയും എടുത്ത് എങ്ങനെയുമുപയോഗിക്കാവുന്ന രേഖകളാണ്. 'കൊച്ചു സുന്ദരികള്‍' എന്ന സൈറ്റില്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് ദുരുപയോഗിക്കപ്പെട്ടിട്ടുള്ളത്.
കൂട്ടാവുന്നതിന്റെ ലക്ഷണമായി ''Send a pic'' ഒരു ചിത്രമയയ്ക്കൂ എന്ന സൈബര്‍ കൂട്ടുകാരന്റെ നിര്‍ബന്ധത്തില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ചതിയാണ്. അത് വാട്ട്സ് ആപ്പിലായാലും മെസെഞ്ചറിലായാലും നാളെ നിങ്ങളുടെ ജീവിതം നശിപ്പിക്കാവുന്ന രേഖകളായി നിലനില്‍ക്കും.ഇത് എഫ്.ബി. മെസെഞ്ചറിലൂടെയുള്ള പരിചയപ്പെടലാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒരു പ്രൊഫൈലിലെ വിവരങ്ങള്‍മാത്രം വിശ്വസിച്ച് സൗഹൃദം തുടങ്ങുന്നവരെ വലിയ ചതിക്കുഴികളാണ് കാത്തിരിക്കുന്നത്. കാരണം ഈ ലോകം 'വെര്‍ച്വല്‍' ആണ്. ആണിന് പെണ്ണായും പെണ്ണിന് ആണായും വൃദ്ധന് ചെറുപ്പക്കാരനായും ഈ സാങ്കല്പിക ലോകത്ത് സുരക്ഷിതത്വം കണ്ടെത്താന്‍ സാധിക്കും.ബന്ധങ്ങള്‍ തുടങ്ങുമ്പോഴുള്ള ചില സ്ഥിരം വാചകങ്ങള്‍ ഈക്കൂട്ടരെ കണ്ടുപിടിക്കാന്‍ എളുപ്പമാകും. 'നമ്മള്‍ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ, ഞാന്‍ എന്റെ ഭാര്യയെയും മക്കളെയും നീ നിന്റെ ഭര്‍ത്താവിനെയും മക്കളെയും സ്നേഹിക്കുന്നുണ്ടല്ലോ? ഇത് നമ്മുടെ സ്വകാര്യതയല്ലേ? അതിനെന്താ?' ഈ സ്വകാര്യ പ്രണയസല്ലാപങ്ങള്‍ പലപ്പോഴും ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചാണ്. ഈ സാങ്കേതികതകളുടെ നൂലാമാലകള്‍ അറിയാത്ത സീനിയര്‍ ജെനറേഷന്‍ ഈ സംഭാഷണങ്ങളെ അവിടെതന്നെ വെച്ചേക്കും. ന്യൂജെനറേഷന്‍ ഇത് വായിച്ചും കണ്ടും മനസ്സുമടുത്ത് അച്ഛനമ്മമാരെ വെറുത്ത്, കൂട്ടുകാരില്‍ അഭയം പ്രാപിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നല്ല സൗഹൃദങ്ങള്‍ മാത്രമെ രക്ഷയാകൂ. കാമ്പസുകളില്‍ ആണും പെണ്ണും എന്ന മതില്‍ കെട്ടുകളുണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. പലരുംപറയുന്നതുപോലെ പെണ്‍സുഹൃത്തുക്കളോട് പറയാമല്ലോ അല്ലെങ്കില്‍ ടീച്ചേഴ്സിനോട് പറയാമല്ലോ എന്നവാചകം പ്രാവര്‍ത്തികമാകില്ല. തന്റെ ചുറ്റുപാടിനോട് പകവീട്ടാന്‍ വരുന്ന കുട്ടികള്‍ സെക്സിലെക്കും മയക്കുമരുന്നിലെക്കും സ്വാഭാവികമായും വഴുതിപ്പോകാം. ഇവിടെ അല്പമെങ്കിലും പ്രതിരോധമാകുന്നത് നല്ലസൗഹൃദങ്ങള്‍ മാത്രമാണ്.ഇങ്ങനെ വഴുതാന്‍പാകത്തില്‍ ശക്തമായ ഒരു തലമുറയുടെ സാധ്യതയും ശരീരം ദാഹിക്കുന്ന ഒരു വലിയ ചെന്നായക്കൂട്ടത്തിന്റെ അളവില്ലാത്ത കള്ളപ്പണത്തിന്റെ ഗന്ധവും തിരിച്ചറിയുന്ന ആള്‍ക്കാര്‍ മാംസക്കച്ചവടത്തിനു നേതൃത്വം നല്കും.
ഒരുതവണ കൊല്ലുന്നതിനെ അറപ്പുണ്ടാകൂ. പിന്നെ അതൊരു സ്വാഭാവികമായ പ്രക്രിയ മാത്രമാകും.ഇവിടെയാണ് ഏറ്റവും പരിതാപകരമായ, വികൃതമായ മനുഷ്യന്റെ കൊതി പുറത്തുവരുന്നത്. മാംസത്തിന്റെ ഡീലേഴ്സിനോട് ചോദിക്കുന്നത് 'വെര്‍ജിന്‍സ്'നെയാണ്', 'കന്യകാചര്‍മം പൊട്ടാത്ത ഐറ്റങ്ങളെയാണ്'...പണം പ്രശ്നമല്ല, ഇതിനവര്‍ക്ക് ന്യായീകരണമുണ്ട്. പ്രായം അറിയിക്കാത്ത പെണ്‍കുട്ടികളാകുമ്പോള്‍ എയിഡ്സ് പേടിക്കണ്ട! .പിന്നെ കോണ്ടം ഇടാന്‍ ബുദ്ധിമുട്ടുകയും വേണ്ട!ഈ തരത്തില്‍ കേരളത്തില്‍ നിലനില്ക്കുന്ന ശിശുക്കളുടെ കച്ചവടം കഴിഞ്ഞദിവസം വാര്‍ത്തയായി. ഒന്പത്വയസ്സ്, ആറ്വയസ്സ് എന്നൊക്കെ പറയുന്നത് കേള്‍ക്കാനാകാതെ ചെവിപൊത്തുമ്പോഴും നമ്മളെ ഞെട്ടിക്കുന്നത് മറ്റൊന്നാണ്. പീഡോഫീലിയ എന്ന ഗുരുതരമായ ക്രൈം, ഇതിനു ലക്ഷങ്ങള്‍ ചെലവിടാന്‍ തയ്യാറായി ക്യു നില്ക്കുന്ന ഉപഭോക്താക്കള്‍. ആവശ്യക്കാര്‍ക്കായി അന്യസംസ്ഥാനത്തുനിന്നും വിമാനത്തില്‍പോലും നാട്ടില്‍ എത്തിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍; അതീവഗൗരവമായ ഈ വിഷയം ചര്‍ച്ചചെയ്തപ്പോള്‍ ചര്‍ച്ചയുടെ ഫോക്കസ് മറ്റൊന്നായിരുന്നു. രാഹുല്‍പശുപാലന്‍ ഭാര്യയെ വിറ്റത്!! പ്രായപൂര്‍ത്തിയായ സ്ത്രി ശരീരം വിറ്റതും അതിനു തീരുമാനിക്കപ്പെട്ട പണവും. 80,000രൂപ ചോദിച്ചു, 50,000രൂപയില്‍ ഉറപ്പിച്ചു. ഈ വിഷയങ്ങളാണ് ആഘോഷിക്കപ്പെട്ടത്. കാരണം രാഹുല്‍പശുപാലന്‍ കിസ് ഓഫ് ലൗവിന്റെ നേതാവായിരുന്നു. 'ഈ അരാജകവാദികള്‍ ലൈംഗികകച്ചവടത്തിനു മറപിടിക്കാനാണ് ഇങ്ങനത്തെ സമരങ്ങള്‍ സംഘടിപ്പിച്ചതെന്നും' ഉറപ്പിക്കുന്ന ചര്‍ച്ചകളാണ് കൂടുതല്‍ കണ്ടത്. പൊതുസമൂഹംആഘോഷിച്ചത് കിസ് ഓഫ് ലൗവിന്റ തോല്‍വിയാണ്. ചിലര്‍ മറ്റൊരു വശത്ത്നിന്ന് സംസാരിച്ചത് അധികം ആരും കേട്ടില്ല. കോഴിക്കോട് നടന്ന സമരത്തിന് ശേഷം സമരം കൊച്ചിയിലേക്ക് വ്യാപിച്ചപ്പോള്‍ യുത്ത്കൊണ്‍ഗ്രസ്സുകാരുടെ തല്ലുകൊണ്ട രാഹുലും ഭാര്യയും മീഡിയയുടെ ശ്രദ്ധയ്ക്ക് പാത്രമായി. അങ്ങനെ അവര്‍ നേതാക്കളായി. അഥവാ മാധ്യമങ്ങള്‍ നേതാക്കളാക്കി.
നന്നായി സംസാരിക്കാനറിയുന്ന രാഹുല്‍ നേതൃസ്ഥാനം ഏറ്റെടുത്തപ്പോള്‍ ഇയാള്‍ നേതാവല്ല എന്ന് ആരുംപറഞ്ഞില്ല. പറയാത്തത് ഇപ്പോള്‍ വിനയായി. നേതാക്കളില്ലാത്ത ഒരു ഫേസ്ബുക്ക് പ്രക്ഷോഭം പോലെയായിരുന്നു ഈ സമരം എന്നെല്ലാവരും ആണയിടുന്നു. മുല്ലപ്പൂസമരം പോലെ ഫേസ്ബുക്ക് കൂട്ടായ്മയില്‍നിന്നും ഉണ്ടായി വന്നത്. അത് ഏതായാലും ആരും ശ്രദ്ധിച്ചില്ല. കിസ് ഓഫ് ലൗവ് പോലെയുള്ള പ്രക്ഷോഭങ്ങള്‍ വാണിഭത്തിനുള്ള മറയാണ് എന്നെല്ലാവരും വാദിച്ചു. ഒരുപരിധി വരെ ജയിച്ചു, പക്ഷേ, ഒരു കാര്യം വിട്ടുപോയി...ആക്രോശിച്ചവരും ജയിച്ചവരുമല്ല കിസ് ഓഫ് ലൗവിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് രാഹുല്‍ പശുപാലനെക്കുറിച്ച് പൊലീസിന് വിവരംകൊടുത്തതെന്ന്. കിസ് ഓഫ് ലൗവിന്റെ പ്രവര്‍ത്തകരായ സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് മല്ലൂസ് എന്ന പേജ് കൈകാര്യം ചെയ്തവരാണ് രാഹുല്‍ പശുപാലന്റെ കച്ചവടം പുറത്തറിയിച്ചത്.സംഘടനകളും നേതാക്കളും ഇല്ലാത്ത ഈ പ്രക്ഷോഭത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അതിസമര്‍ഥനായ ഒരു കച്ചവടക്കാരന്‍ ഇതിനെ ഉപയോഗിച്ചു. പുരോഗമനവാദികളുടെ മുഴുവന്‍ പിന്തുണയും സംരക്ഷണയും ഉറപ്പാക്കി, രാഹുലന്‍ കച്ചവടം കൊഴുപ്പിച്ചു സ്വന്തം ഭാര്യയെ പണത്തിനും പ്രശസ്തിക്കും വേണ്ടി കൂട്ടിക്കൊടുക്കുന്നത് മലയാളിക്ക് പുതുമയല്ല. ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും കഥ തീരുന്നതിനു മുന്‍പാണ് ഈസംഭവം.
പക്ഷേ, ഇവിടെ ഈ വിഷയം പ്രസക്തമാകുന്നത് മറ്റൊരുകാരണം കൊണ്ടാണ്. കിസ് ഓഫ് ലൗവ് തെറ്റായിരുന്നു എന്നും അതിനു പിന്തുണ നല്കിയ പുരോഗമനവാദികളായ ചെറുപ്പക്കാരെ കരിവാരിത്തേക്കാനുള്ള അവസരമായിട്ടാണ് ഈ വിഷയത്തെ പലരുംകണ്ടത്. തത്ഫലമായി മയക്കുമരുന്ന് കൊടുത്തും ഭീഷണിപ്പെടുത്തിയും കൂട്ടിക്കൊടുത്ത...പേടിച്ചുവിറച്ചു വേദനതിന്ന ഒന്‍പത് വയസ്സുകാരിയെ പലരുംമറന്നു. ഇതുപോലെ എത്ര കുഞ്ഞുങ്ങള്‍ എവിടെയെല്ലാമുണ്ടെന്നും ചോദിക്കുന്നത് കേട്ടില്ല. പൊതുജനപ്രക്ഷോഭത്തിന്റെ നേതൃത്വത്തിലും മറ്റും ക്രിമിനലുകള്‍ വന്നാല്‍ പ്രവര്‍ത്തകര്‍ എന്തുചെയ്യും? കുറ്റംചെയ്തവരെ ശിക്ഷിക്കണമെന്ന് എല്ലാവരും പറഞ്ഞിട്ടും അതുകൊണ്ടൊന്നും തൃപ്തിപ്പെടാതെ അല്പം സ്വാതന്ത്ര്യം ആഗ്രഹിച്ചവരെയൊക്കെ കല്ലെറിഞ്ഞു. 'കാടെന്നു പറഞ്ഞാല്‍ രണ്ടുമരങ്ങളല്ല' എന്ന് ജെ.ദേവിക മറുപടി കുറിപ്പെഴുതി.കിസ് ഓഫ് ലൗവ് ഒരു തോറ്റ സമരമായി നാട്ടുകാര്‍ വിധി എഴുതി. കിസ് ഓഫ് ലൗവ് മറയാക്കി പെണ്‍വാണിഭം നടത്തിയ അതിബുദ്ധി തകര്‍ത്തത് ഒരുവലിയ ശ്രമത്തെയാണ്. മതമൗലിക വാദികളില്‍നിന്നും രക്ഷനേടാന്‍ ആഗ്രഹിച്ച യൗവനത്തെയാണ്.രാഹുല്‍ പശുപാലനും അക്ബറും പണക്കൊതിയുടെയും ധൂര്‍ത്തിന്റെയും പ്രതിബിംബങ്ങളാണ്. കുഞ്ഞുങ്ങളെയും ഭാര്യയെയും വിറ്റകഥ പ്രചരിക്കുമ്പോള്‍ 'തന്റെ വീട്ടിലിരിക്കുന്ന മൊതലുകള്‍ക്ക്' എത്ര വിലകിട്ടുമായിരിക്കും എന്ന് ചിന്തിക്കുന്നവര്‍ നമ്മുടെയിടയില്‍ ജീവിക്കുന്നുണ്ടെന്ന് ഓര്‍മയുള്ളത് നല്ലതാണ്. ആറും ഏഴും എട്ടും വയസ്സുള്ള കുഞ്ഞുങ്ങള്‍ ലക്ഷങ്ങളിലേക്കുള്ള താക്കോലാണെന്ന് തിരിച്ചറിഞ്ഞ് കച്ചവടത്തിനൊരുക്കുന്ന മാതാപിതാക്കളുടെ കഥകള്‍ നമ്മള്‍ ഇതിനു മുന്‍പും കേട്ടിട്ടുണ്ട്. സദചാരത്തിന്റെ പേരില്‍ ഒച്ചവെക്കുന്നവര്‍ ഈ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ? പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ സ്വമേധയാ ഒരു സുഹൃത്തിനടുത്തിരുന്നാല്‍ ഞെട്ടുന്ന സമൂഹം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്നത് വിവാഹ മാര്‍ക്കറ്റിലെ വധുവാകാന്‍ യോഗ്യത നഷ്ടപ്പെടാത്ത കന്യകമാരെയാണ്.കീഴ്വഴക്കങ്ങളുടെ പേര് പറഞ്ഞു വിലക്കുകള്‍ തീര്‍ക്കുന്നവരോട് യോജിക്കാന്‍ കഴിയാത്തതും ഇതു കൊണ്ടാണ്.
മര്യാദ പഠിപ്പിച്ചും സംരക്ഷിച്ചും നടത്തിയ പരീക്ഷണങ്ങള്‍ ഒന്നും ഇതുവരെ വിജയിക്കുന്നത് കണ്ടില്ല. എന്ന് മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് പോലും രക്ഷയാകുന്നുമില്ല. സംസ്‌കാരങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും എന്തോ സാരമായ പ്രശ്നമുണ്ടെന്നു തുറന്നു പറഞ്ഞാല്‍ എന്തിനാ വെറുതെ ആവശ്യമില്ലാത്ത പൊല്ലാപ്പെടുത്ത് തലയില്‍ വെക്കുന്നത് എന്ന് ഉപദേശിക്കുന്നവരോട് ഒന്നേ പറയാനുള്ളു... പറയാതെ വയ്യ. പെണ്‍കുട്ടികളെ മര്യാദ പഠിപ്പിച്ചും സംരക്ഷിച്ചും നടത്തിയ പരീക്ഷണങ്ങള്‍ ഒന്നും ഇതുവരെ വിജയിക്കുന്നത് കണ്ടില്ല. ഇതിന്റെ പ്രേരണകളെ ആരോഗ്യകരമായി തുറന്നുവിടാന്‍ ഒരുമാര്‍ഗമെയുള്ളൂ., അത് സബ്ലിമേഷന്‍ ആണ്, ക്രിയാത്മകമായ ആവിഷ്‌കാരമാണ്. ഇതിന്റെ ചിന്തകളെ ശുദ്ധീകരിച്ച് സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയില്‍ പ്രകടിപ്പിക്കുന്നതാണ് സബ്ലിമേഷന്‍. ഉദാഹരണത്തിന് അക്രമ വാസനയുള്ള ആള്‍ക്ക് ബോക്സിങ്ങില്‍ പ്രാവീണ്യം നേടാം. അതുപോലെ അമിത കാമ ചിന്തയുള്ള ആള്‍ക്ക് കലയില്‍ പ്രഗത്ഭനാകാം. കലയും അനുഷ്ഠാനങ്ങളും സ്പോര്‍ട്സും മറ്റും ഇതിനെ ആരോഗ്യകരമായി പുറത്തേക്ക് വിടുന്നു, ഇന്ന് ഇവ എല്ലാം വെറും മത്സരങ്ങളായി ചുരുങ്ങുമ്പോള്‍ ആ വഴിയും അടഞ്ഞ് പോവുകയാണ്. കലയ്ക്കും സാഹിത്യത്തിനും വിലക്കുകള്‍ വീഴുന്നു. സ്‌കൂളുകളില്‍ കലയും കായികവും ചടങ്ങുകളാകുന്നു. ആധുനിക സമൂഹത്തിന് പറ്റിയ അനുഷ്ഠാനങ്ങള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്...അല്ല അത്യാന്താപേക്ഷിതമാണ്.