2020ലെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയ വനിതയാണ് ലവ്ലിന ബോർഗൊഹെയ്ൻ. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്ലിന. ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്ലിന അസമിൽനിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയാണ്. ഇപ്പോഴിതാ ലവ്ലിനയുടെ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഒമ്പതാമത് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സാരിയിൽ എത്തിയ ലവ്ലിനയാണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്.

ഡിസൈനർമാരായ ബിദ്യുത്, രാകേഷ് എന്നിവരുടെ കളക്ഷനു വേണ്ടി ഷോ സ്റ്റോപ്പറായി എത്തിയതായിരുന്നു ലവ്ലിന. വിവാഹ വസ്ത്ര ശേഖരത്തിനു വേണ്ടിയാണ് ലവ്ലിനയും മോഡലായി എത്തിയത്. 

പുതിയ അനുഭവം താൻ ഏറെ ആസ്വദിച്ചുവെന്ന് റാംപിൽ ചുവടുവെച്ചതിനു ശേഷം ലവ്ലിന പറഞ്ഞു. സം​ഗതി റാംപിലാണെങ്കിലും ഇടിക്കൂട്ടിലെ സ്വപ്നങ്ങളെക്കുറിച്ചും ലവ്ലിന പങ്കുവെച്ചു. 2024ലെ പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് തന്റെ സ്വപ്നം. 

ഇരുണ്ട മെറൂൺ നിറത്തിലുള്ള സാരിയാണ് ലവ്ലിന റാംപിൽ ധരിച്ചത്. ഒപ്പം പരമ്പരാ​ഗത അസാമീസ് സംസ്കാരത്തെ അനുസ്മരിപ്പിക്കും വിധത്തിൽ ഷോളുൾപ്പെടെ ധരിച്ച് അണിഞ്ഞൊരുങ്ങുകയും ചെയ്തു. 

എല്ലാ വർഷവും ഡൽഹിയിൽ വച്ചാണ് നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇത്തവണ ഡൽഹിയിൽ നിന്ന് മാറ്റി സംഘാടകർ ​ഗുവാഹത്തിയിലേക്ക് മാറ്റുകയായിരുന്നു. ചെറിയ തോതിൽ സംഘടിപ്പിച്ച പരിപാടിയിൽ ചുരുക്കം കാഴ്ചക്കാർക്കേ പ്രവേശനം ഉണ്ടായിരുന്നുള്ള. പരിപാടി ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.  

Content Highlights: olympic medalist lovlina lorgohain walks the ramp, indian boxer lovlina borgohain