പ്രായം എല്ലാത്തിനും തടസ്സമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുകയാണ് രാജസ്ഥാന്‍ സ്വദേശിനി. ഹ്യൂമന്‍സ് ഓഫ് ബോംബൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചത്. അറുപതാം വയസ്സില്‍ ആദ്യമായി ട്രെക്കിങ്ങ് നടത്തിയത് സ്വാതന്ത്രത്തിന്റെ പുതിയ ഭാവങ്ങളായിരുന്നുവെന്ന് ഇവര്‍ പറയുന്നു

രാജസ്ഥാനിലെ ഉള്‍ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. വെള്ളം കോരുക, പശുവിനെ പരിപാലിക്കുക, തുടങ്ങിയവയായിരുന്നു എന്റെ ദിവസേനയുള്ള ജോലികള്‍. സ്‌ക്കൂളിലെ ഖൊ ഖൊ ടിമിലും കബഡി ടീമിലും സജീവമായിരുന്നു. പതിനാറമത്തെ വയസ്സില്‍ വിവാഹവും കഴിഞ്ഞു. ആരും ഒന്നും എന്നോട് ചോദിച്ചില്ല. അതിന് ശേഷവും ഞാന്‍ എന്റെ ജോലികള്‍ തുടര്‍ന്നു. കുട്ടികള്‍ വളര്‍ന്നു ജോലിക്ക് സഹായത്തിന് ആളുണ്ടെങ്കിലും എന്റെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് തന്നെയാണ് ചെയതത്. പ്രായമായത്തോടെ സന്ധി വേദനയും മൂര്‍ച്ഛിച്ചു. 

ട്രെക്കിങ്ങ് ലീഡര്‍ കൂടിയായ മകന്‍ അവന്റെ ട്രെക്കിങ്ങ് ചിത്രങ്ങള്‍ കാണിച്ചു തരികയുണ്ടായി.. അവന്റെ അനുഭവങ്ങള്‍ എന്നെയും ഹരം കൊള്ളിച്ചും. അറുപതാം പിറന്നാളിന്റെ പിറ്റേന്ന് എന്നെയും ട്രെക്കിങ്ങിന് കൊണ്ടുപോവാന്‍ ഞാന്‍ അവനോട് ആവശ്യപ്പെട്ടു. ആദ്യം അവന്‍ ചിരിക്കുകയാണ് ചെയതത്. എന്നാല്‍ ഞാന്‍ അവനെ നന്നായൊന്ന് നോക്കി. അതില്‍ അവന്‍ കാര്യം മനസിലായി. അവനും സന്തോഷത്തിലായി.

പിറ്റേന്ന് മുതല്‍ ട്രെക്കിങ്ങ് വേഷങ്ങള്‍ അണിഞ്ഞ് ഞാന്‍ പരിശിലിക്കാന്‍ ആരംഭിച്ചു. ആദ്യം സ്റ്റെപ്പുകള്‍ ഓടി കയറി. പരിശീലനം കൃത്യമായി നടന്നു. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ ഞാന്‍ എല്ലാം ചെയ്തു തീര്‍ത്തു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മഹാരാഷട്രയില്‍ വെച്ചായിരുന്നു ആദ്യത്തെ ട്രെക്കിങ്ങ്. സത്യം പറഞ്ഞാല്‍ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു മഹനീയ അനുഭവമായിരുന്നു അത്

10 കിലോമീറ്ററുകളോളം ട്രെക്ക് ചെയ്യുക എന്നത് ഭയപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മകന്‍ എനിക്ക് പ്രചോദനം നല്‍കി. ട്രെക്കിങ്ങിന് ഇടയില്‍ ആ ഗ്രാമത്തിലെ നിരവധി പേരെ കണ്ടുമുട്ടാനായി. ചിലര്‍ ഭക്ഷണങ്ങള്‍ നല്‍കി, ചിലര്‍ സംസാരിച്ചു. സത്യത്തില്‍ അതെല്ലാമാണ് എന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചത്..

മുകളില്‍ എത്തിയപ്പോള്‍ എനിക്ക് സ്വയം അഭിമാനം തോന്നി. അന്ന് ഞാന്‍ കണ്ട കാഴ്ച്ച അതിമനോഹരമായിരുന്നു. മൂന്ന് രാത്രികള്‍ ഞങ്ങള്‍ അവിടെ ചിലവഴിച്ചു. എന്നാല്‍ തിരികെയുള്ള യാത്ര കഠിനമായിരുന്നു. സന്ധിവേദനയായിരുന്നു പ്രധാന വില്ലന്‍ എന്നാലും ഞാന്‍ യാത്ര വിജയകരമായി പൂര്‍ത്തികരിച്ചു. എല്ലാം കഴിഞ്ഞ ശേഷം അടുത്ത ട്രെക്കിങ്ങ് എന്നാണെന്നാണ് ഞാന്‍ മകനോട് ചോദിച്ചത്.

നമ്മളെല്ലാവരും വയസ്സാവുമ്പോള്‍ എല്ലാത്തില്‍ നിന്നും പിന്തിരിയാറാണ് പതിവ്. പുതിയ കാര്യങ്ങള്‍ക്ക് ശ്രമിക്കാനായി മടിക്കും. അറുപതാം വയസ്സിലാണ് ട്രെക്കിങ്ങ് ഞാന്‍ ആദ്യമായി ചെയ്യുന്നത്. അതിനെ ഞാന്‍ അത്രയും സ്‌നേഹിക്കുന്നു. 61-ാമത്തെ പിറന്നാല്‍ ട്രെക്കിങ്ങ് ചെയ്ത് ആഘോഷിക്കണം. ഒരു ചായ കുടിച്ചു കൊണ്ട് മനോഹരമായ അസ്തമയം കാണണം.

Content Highlights: Old Trekking Lady In Mumbai