യുറേക്ക ആപ്തെയും ജോവന്ന വോങ്ങും കല്ല്യാണം കഴിക്കുമ്പോൾ കോവിഡ് പ്രോട്ടോക്കോളൊന്നും നോക്കിയില്ല. അഞ്ഞൂറിലേറെപ്പേർക്കാണ് അവർ കല്ല്യാണസദ്യ വിളമ്പിയത്. പക്ഷേ, ഇവർക്കെതിരേ നടപടിയൊന്നുമെടുക്കാനാവില്ല. കാരണം ഇവർ കല്ല്യാണത്തിന് സദ്യ ഊട്ടിയത് മനുഷ്യരെയല്ല. അഞ്ഞൂറോളം തെരുവുനായ്ക്കളെയാണ്. ഇക്കഴിഞ്ഞ സെപ്തംബർ ഇരുപത്തിയഞ്ചിന് ഒഡിഷയിലെ ഭുവനേശ്വറിൽ വച്ചായിരുന്നു നാടൊട്ടുക്ക് കൈയടിച്ച ഈ വേറിട്ട കല്ല്യാണസദ്യ.

ആപ്ത മുൻ പൈലറ്റും ഇപ്പോൾ സിനിമ സംവിധായകനുമാണ്. ജോവന്ന ദന്തഡോക്ടറും.  തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഒരു സംഘടനയുമായി ചേർന്നാണ് ഇവർ ഭക്ഷണം വിതരണം ചെയ്യുകയാണ് ചെയ്തത്.

'ലോക്ഡൗൺ തുടങ്ങിയ സമയത്ത് ഞങ്ങളുടെ ഒരു സുഹൃത്ത് ഒരു തെരുവുനായയെ രക്ഷിച്ചിരുന്നു. എന്തോ അപകടത്തിൽ പരുക്കുപറ്റിയ നായയെ പരിചരിച്ചതും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതും ജോവാന്നയാണ്. ആ നായയെ പിന്നീട് ഞങ്ങൾ ആനിമൽ വെൽഫെയർ ട്രസ്റ്റ് ഇക്കാമ്രയിൽ (AWTE) വളർത്താനായി ഏൽപിക്കുകയായിരുന്നു. അവിടെയെത്തിയപ്പേഴാണ് ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന നായകളെ പറ്റിയും അവയെ സംരക്ഷിക്കേണ്ടതിനെ പറ്റിയും ഞങ്ങൾക്ക് മനസിലായത്. അതോടെ വിവാഹത്തിന്റെ ചെലവ് ചുരുക്കാനും ആ തുക നായ്ക്കൾക്കു വേണ്ടി ചെലവഴിക്കാനും തീരുമാനിക്കുകയായിരുന്നു. ' ആപ്ത തങ്ങളുടെ വിവാഹത്തെ പറ്റി മാധ്യമങ്ങളോട് പറയുന്നത് ഇങ്ങനെ.

ദമ്പതിമാർ സംഘടനയുമായി ചേർന്ന് സിറ്റിയുടെ പലഭാഗങ്ങളിൽ ഉള്ള തെരുവുനായ്ക്കൾക്കും ഭക്ഷണവും മരുന്നും മറ്റും എത്തിക്കുന്നുണ്ട്. ഇതിനൊപ്പം ഷെൽറ്ററിലെ മൃഗാശുപത്രിയിലേക്ക് വേണ്ട മരുന്നുകളും കൂടി ഇവർ എത്തിച്ചുനൽകിയിരുന്നു.

Content Highlights:Odisha couple celebrates their wedding day by feeding 500 stray dogs