സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ ചലഞ്ചുകളുടെ കാലമാണ്. ഫാമിലി ചലഞ്ചും സിംഗിള്‍ പാരന്റ് ചലഞ്ചും ഐ ചലഞ്ചും പത്തുവര്‍ഷത്തിന് അപ്പുറവും ഇപ്പുറവുമുള്ള ചലഞ്ചുമൊക്കെ കണ്ടുകഴിഞ്ഞു. ഇതോടൊപ്പം പലരും ഓരോ പ്രൊഫഷന്‍ തുടങ്ങുമ്പോഴും ഇപ്പോഴുമുള്ള അവസ്ഥകളെ താരതമ്യം ചെയ്തും ചിത്രങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ഇക്കൂട്ടത്തിലേക്ക് ഒരു നഴ്‌സ് പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കൊറോണക്കാലം എത്രത്തോളം മാറ്റം വരുത്തി എന്നു തെളിയിക്കു്‌നതാണ് നഴ്‌സിന്റെ പോസ്റ്റ്.
മഹാമാരിക്കാലത്ത് രാപകലില്ലാതെ കഷ്ടപ്പെടുന്ന വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. താന്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ അതിന്റെ ആഴം എത്രത്തോളമുണ്ടെന്നു തെളിയിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു നഴ്‌സ്. ജോലിയില്‍ പ്രവേശിച്ച കാലത്തെയും മഹാമാരിക്കാലത്തെയും ചിത്രമാണ് അവര്‍ പങ്കുവച്ചത്. ആദ്യത്തേതില്‍ പുഞ്ചിരിച്ച പോസിറ്റീവ് മനോഭാവത്തോടെയാണ് നില്‍ക്കുന്നതെങ്കില്‍ രണ്ടാമത്തേതില്‍ ക്ഷീണിച്ച് തളര്‍ന്ന മുഖത്തോടെ നില്‍ക്കുന്നതാണ് കാണുന്നത്. മാസ്‌കും പിപിഇ കിറ്റും ധരിച്ച പാടുകളും മുഖത്തു കാണാം.
സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചു നിമിഷങ്ങള്‍ക്കകം വൈറലാവുകയും ചെയ്തു. പത്തുലക്ഷത്തോളം ലൈക്കുകളും തൊണ്ണൂറായിരത്തില്‍പ്പരം റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. പലരും ചലഞ്ചിന്റെ ഭാഗമായി പങ്കുവച്ച ചിത്രങ്ങളില്‍ ശാരീരിക മാറ്റങ്ങളും കരിയറും കുടുംബവുമൊക്കെയാണ് നിറഞ്ഞു നിന്നതെങ്കില്‍ ഈ നഴ്‌സ് പങ്കുവച്ച ചിത്രം യാഥാര്‍ഥ്യത്തെ തെളിയിക്കുന്നതാണെന്ന് ഭൂരിഭാഗം പേരും പറയുന്നു.
How it started How it's going pic.twitter.com/cg32Tu7v0B
— kathedrals🇺🇸 (@kathryniveyy) November 22, 2020
ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നഴ്‌സിന്റെ ചിത്രത്തിന് കീഴെ കമന്റുമായി എത്തുകയും ചെയ്തു. ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല, ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കാം എന്നും ആരോഗ്യരംഗത്തുള്ളവരുടെ യഥാര്‍ഥ ശാരീരിക-മാനസികാവസ്ഥ തെളിയിക്കുന്ന ചിത്രം എന്നും കോവിഡിന്റെ ഗൗരവം സൂക്ഷ്മമായി കാണിച്ച ചിത്രങ്ങള്‍ എന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: Nurse shares ‘how it started vs how it is going’ pictures