ജോര്‍ജിയന്‍ സ്വദേശിനിയായ നഴ്‌സ് ബ്രിട്ട തോംസണ്‍ തനിക്ക് ലഭിച്ച് സമ്മാനം കണ്ട അമ്പരപ്പിലാണ്. കോറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് മുന്‍ നിരയിലുള്ള ബ്രിട്ടിന് പോപ്പ്ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്് നേരിട്ട് അയച്ച കുറിപ്പും സമ്മാനവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

womenഡബ്ലിനിലെ എയര്‍ ഇവാക്ക് ലൈഫ്ടീം ഹോസ്പിറ്റലിലാണ് ബ്രിട്ട ജോലി ചെയ്യുന്നത്. കൊറോണക്കാലത്തെ ജോലിയെ പറ്റി ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖമാണ് ബ്രിട്ടയെ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സമ്മാനം തേടിയെത്തുന്ന നിലയിലെത്തിച്ചത്. ഈ ജോലിത്തിരക്കുകള്‍ക്കിടയില്‍ മനസ്സ് ശാന്തമാകാന്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഗാനങ്ങളാണ് സഹായിക്കുന്നതെന്നായിരുന്നു ബ്രിട്ട വെളിപ്പെടുത്തിയത്. 

അഭിമുഖം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഗായികയുടെ പ്രതിനിധികള്‍ ബ്രിട്ടയെ വിളിച്ച് ഒരു സമ്മാനമുണ്ടെന്ന് അറിയിച്ചത്. പായ്ക്കറ്റ് തുറക്കുമ്പോള്‍ ആകാംഷകൊണ്ട് കൈ വിറയ്ക്കുകയായിരുന്നുവെന്നാണ് ബ്രിട്ട റോയിറ്റേഴ്‌സിനോട് പറയുന്നത്. 

' ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പായ്ക്കറ്റ് തുറന്നപ്പോള്‍ കത്ത് മുകളില്‍ തന്നെയുണ്ടായിരുന്നു. ഒറ്റയടിക്ക് എല്ലാം വായിക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. താഴെ ആ ഒപ്പ് കൂടി കണ്ടപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു പോയി.'  ബ്രിട്ട പറയുന്നു. 

ടീ ഷര്‍ട്ടുകള്‍, മെഴുകു തിരികള്‍, ഒരു പുതപ്പ്, നോട്ട്ബുക്ക്, ഷാംപെയ്ന്‍ ഗ്ലാസുകള്‍ എന്നിവയ്‌ക്കൊപ്പം സ്വന്തം കൈപ്പടയിലെഴുതിയ ഒരു നന്ദിക്കുറിപ്പുമാണ് ഗായിക സമ്മാനപ്പൊതിയില്‍ ഒരുക്കിയിരുന്നത്. ' മറ്റുള്ളവരെ സഹായിക്കാനായി സ്വന്തം ജീവിതം തന്നെ അപകടത്തിലാക്കിയ ധീര' എന്നാണ് ഗായിക കുറിച്ചിരിക്കുന്നത്.

Content Highlights: Nurse involved in Covid care receives care package from Taylor Swift