കോവിഡിനൊപ്പം ജീവിച്ചുകൊണ്ടിരിക്കുകയാണ് ലോകമിന്ന്. രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോ​ഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിരപോരാളികളെ എത്ര പ്രശംസിച്ചാലും മതിവരില്ല. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നതും അത്തരത്തിലൊരു മുൻനിരപോരാളിയുടെ സൃഷ്ടിയാണ്. സം​ഗതി ഉപയോ​ഗിച്ചു തീർന്ന കോവിഡ‍് വാക്സിൻ വയലുകൾ കൊണ്ടു തയ്യാറാക്കിയ അലങ്കാരവിളക്കാണ്. 

ഒറ്റ നോട്ടത്തിൽ ആഡംബരപൂർണമായ ഷാൻലിയർ ആണെന്നേ തോന്നൂ. എന്നാൽ സൂക്ഷിച്ചു നോക്കുമ്പോഴാണ് സം​ഗതി മനസ്സിലാവുക. കൊളറാഡോയിൽ‌ നിന്നുള്ള ലോറാ വെയ്സ് എന്ന നഴ്സാണ് ഈ സൃഷ്ടിക്കു പിന്നിൽ. ബോൾഡർ കൗണ്ടിയിലെ വാക്സിനേഷൻ യജ്ഞത്തിന് സഹായിച്ച ആരോ​ഗ്യ പ്രവർത്തകരേയും വളന്റിയർമാരേയും ആദരിക്കുകയായിരുന്നു ലോറയുടെ ലക്ഷ്യം. 

ബൗൾ‍ഡർ കൗണ്ടി പബ്ലിക് ഹെൽത്തിന്റെ ഫെയ്സ്ബുക് പേജിൽ ലോറയെ അഭിനന്ദിച്ച് ചിത്രം സഹിതം കുറിക്കുകയും ചെയ്തു. എന്നാൽ പ്രശംസാ വെളിച്ചം എന്ന രീതിക്കാണ് താൻ അതു തയ്യാറാക്കിയതെന്ന് ലോറ പോസ്റ്റിനുകീഴെ കമന്റ് ചെയ്തു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരേയും കോവിഡ് കാലത്ത് പരസ്പരം താങ്ങായവരേയും വാക്സിനെടുക്കാൻ സഹായിച്ചവരേയുമൊക്കെ അഭിനന്ദിക്കുകയായിരുന്നു ലക്ഷ്യം. 

ഉപയോ​ഗിച്ച് ഉപേക്ഷിക്കുന്ന വയൽ കുപ്പികൾ തന്നെ പുനരുപയോ​ഗിച്ച് മനോഹരമായൊരു സൃ‍ഷ്ടിയാക്കിയതിനെ പലരും തന്നെ അഭിനന്ദിച്ചുവെന്നും ലോറ. ഈ അനിശ്ചിതാവസ്ഥകൾക്കപ്പുറം ഉറപ്പായും വെളിച്ചം പരക്കും എന്ന ആശയം പങ്കുവെക്കുക കൂടിയായിരുന്നു താനെന്നും ലോറ പറയുന്നു.